ബ്രിസ്ബെയ്ൻ : തന്നെ ആദ്യം തഴഞ്ഞ എല്ലാവർക്കും ഒരു ഒറ്റ ഓവറിൽ മറുപടി നൽകി ഇന്ത്യൻ പേസർ മുഹമ്മദ് ഷമ്മി. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായിട്ടുള്ള സന്നാഹ മത്സരത്തിൽ അവസാന ഓവറിൽ ഒരു റൺഔട്ട് ഉൾപ്പെടെ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ഷമ്മി തന്റെ തിരിച്ച് വരവ് അറിയിച്ചിരിക്കുന്നത്. മത്സരത്തിൽ ഷമ്മി ആകെ എറിഞ്ഞത് ഒരു ഓവർ മാത്രമാണ് അതും 20താമത്തെ ഓവർ. മത്സരത്തിൽ ഇന്ത്യ ആതിഥേയരായ ഓസ്ട്രേലിയയെ ആറ് റൺസിന് തോൽപ്പിക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണർ കെ.എൽ രാഹുലിന്റെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിങ് മികവിൽ 186 റൺസെടുക്കുകായിരുന്നു. 187 റൺസ് വിജയലക്ഷ്യമായി ഇറങ്ങിയ ഓസീസിന്റെ ഇന്നിങ്സ് ആറ് റൺസ് അകലെ ഇന്ത്യ അവസാനിപ്പിച്ചു. അവസാന ഓവറുകളിൽ വിക്കറ്റ് വീഴ്ചകളാണ് ഓസീസിന് വിനയായത്. ആവസാന രണ്ട് ഓവറിൽ ഓസ്ട്രേലിയൻ ടീമിന് വേണ്ടിയിരുന്നത് 17 റൺസ് വിജയലക്ഷ്യം. 19-ാം ഓവറിലെ ആദ്യ പന്തിൽ ഹർഷൽ പട്ടേൽ 76 റൺസെടുത്ത് അപകടകാരിയായ ആതിഥേയരുടെ നായകൻ ആരോൺ ഫിഞ്ചിനെ ബോൾഡാക്കിയതോടെ ഓസീസ് ടീം പ്രതിരോധത്തിലായി. തൊട്ടടുത്ത ബോളിൽ റൺഔട്ടിലൂടെ വിരാട് കോലി ടിം ഡേവിഡിനെയും ഓസ്ട്രേലിയൻ ടീമിന്റെ ഡ്രെസ്സിങ് റൂമിലെത്തിച്ചു. ബാക്കിയുള്ള നാല് പന്തിൽ ഓസീസ് ടീം അഞ്ച് റൺസെടുത്ത് അവസാന ഓവറിലെ വിജയലക്ഷ്യം 11 റൺസാക്കി ചുരക്കി.
ALSO READ : T20 World Cup 2022 : സിറാജ് അല്ല ഷമ്മി തന്നെ!; ബുമ്രയ്ക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ
ഷമ്മിയുടെ ഹീറോയിസം
ലോകകപ്പിന്റെ പ്രധാന സ്ക്വാഡിൽ ഉൾപ്പെടുത്താതെ റിസർവ് പട്ടികയിൽ തഴപ്പെട്ടവനാണ് മുഹമ്മദ് ഷമ്മി. ജസപ്രിത് ബുമ്രയ്ക്കും റിസർവ് പട്ടികയിലെ ദീപക് ചഹറിനും പരിക്കേറ്റതോടെയാണ് ഷമ്മിയെ ഒരു പ്രധാന പേസറാക്കി ബിസിസിഐ ഇന്ത്യയുടെ സ്ക്വാഡിലേക്ക് നിയമിക്കുന്നത്. കോവിഡും മറ്റ് ഫിറ്റ്നെസിനെയും മറികടന്ന് ഷമ്മിയെത്തിയപ്പോൾ ഇന്ത്യൻ നായകൻ രോഹിത് ശർമ നൽകിയത് മത്സരത്തിന്റെ നിർണായകമായ അവസാന ഓവർ മാത്രം. എതിരാളിക്ക് ജയിക്കൻ വേണ്ടത് 11 റൺസ്. സ്ട്രൈക്ക് നിൽക്കുന്നത് ഓൾറൗണ്ടറുമായ പാറ്റ് കമ്മിൻസണും മറുവശത്ത് വിക്കറ്റ് കീപ്പർ ബാറ്ററായ ജോഷ് ഇംഗ്ലിസും.
ആദ്യ പന്ത് ഷമ്മി യോർക്കറിന് ശ്രമിച്ചെങ്കിലും അത് ലോ ഫുൾഡോസായി. കമ്മിൻസ് ആ ബോളിൽ രണ്ട് റൺസെടുത്തു. അടുത്ത പന്ത് ആദ്യ പന്തിൽ ലഭിക്കാത്ത കൃത്യത രണ്ടാം പന്തിൽ ഷമ്മിക്ക് ലഭിച്ചു. മികച്ച ഒരു യോർക്കർ. അത് മിഡ് വിക്കറ്റിലേക്ക് പായിച്ച ഓസീസ് പേസർ വീണ്ടും രണ്ട് റൺസും കൂടി തങ്ങളുടെ സ്കോർ ബോർഡിലേക്കെത്തിച്ചു. മൂന്നാം പന്ത് ഓഫ്സൈഡിലേക്കു പക്ഷെ വിരാട് കോലി തന്റെ ഒറ്റ കൈയ്യിൽ ആ പന്ത് ഒതുക്കുകയും ചെയ്തു. പാറ്റ് കമ്മിൻസ് ഡ്രെസ്സിങ് റൂമിലേക്ക്. നാലാം പന്ത് സ്പിന്നർ ആഷ്ടൺ അഗാർ സട്രൈക്കിൽ. ഓഫ്സൈഡിലേക്ക് ഷമ്മിയുടെ ഒരു ഷോർട്ട് ലെങ്ത് പന്ത് ഓസീസ് സ്പിന്നർക്ക് അത് തന്റെ ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല. എന്നാൽ സ്ട്രൈക് മാറ്റാൻ അഗാർ ക്രീസ് വിടുകയും ചെയ്തു. വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക് പന്ത് കൃത്യമായി ഷമ്മിയുടെ പക്കൽ ഏൽപ്പിച്ചു, റൺഔട്ട്. അഞ്ചാം പന്ത്, ഓസീസിന് ജയിക്കാൻ ഏഴ് റൺസ് മാത്രം, സ്ട്രൈക് ജോഷ് ഇംഗ്ലീസ്. ഷമ്മി ഒന്നും ചെയ്തില്ല, ഓസീസ് ബാറ്ററെ ബോൾഡാക്കി. അവസാന പന്തിൽ ഓസീസ് പേസർ കെയ്ൻ റിച്ചാർഡ്സൺ സ്ട്രൈക് വീണ്ടും ഷമ്മി വക യോർക്കർ, കുറ്റി തെറിച്ചു. ഇന്ത്യക്ക് സന്നാഹ മത്സരത്തിൽ ആറ് റൺസ് ജയം.
ALSO READ : IPL 2023 : ഐപിഎൽ ലേലം ഡിസംബറിൽ; നിലനിർത്തുന്ന താരങ്ങളുടെ പട്ടിക നവംബറിൽ സമർപ്പിക്കണം: റിപ്പോർട്ട്
അർധസെഞ്ചുറി നേടിയ രാഹുലിന്റെയും സുര്യകുമാറിന്റെയും ഇന്നിങ്സിലാണ് ഇന്ത്യ ഓസീസിനെതിരെ 187 റൺസ് വിജയലക്ഷ്യമുയർത്തിയത്. മറുപടി ബാറ്റിങ്ങിനെ ഇറങ്ങിയ ഓസീസിനെ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് അവസാന ഓവറിൽ കാത്ത് സൂക്ഷിക്കാൻ സാധിച്ചില്ല. 76 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ് ഓസ്ട്രേലിയയുടെ മത്സരത്തിലെ സ്കോറർ. 9 റൺസിനിടെ ആറ് ഓസ്ട്രേലിയൻ വിക്കറ്റുകളാണ് ഇന്ത്യ അവസാന ഓവറുകളിൽ പിഴുതെറിഞ്ഞത്. ഷമ്മിക്ക് പുറമെ ഇന്ത്യക്കായി ഭുവനേശ്വർ കുമാർ രണ്ടും അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റകുൾ വീതം വീഴ്ത്തി.
നാളെ കഴിഞ്ഞ് ഒക്ടോബർ 19-ാം തീയതിയിലാണ് ഇന്ത്യയുടെ രണ്ടാമത്തെ സന്നാഹ മത്സരം. ന്യൂസിലാൻഡാണ് എതിരാളി. ഒക്ടോബർ 22നാണ് ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾക്ക് തുടക്കം കുറിക്കുക. 23-ാം തീയതി ഞായറാഴ്ച പാകിസ്ഥാനെതിരെയാണ് ടൂർണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...