ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ 4 റണ്‍സിനായിരുന്നു ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം. ഇതോടെ 5 മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് 1-0ന് മുന്നിലെത്തി. സ്‌കോര്‍ : വെസ്റ്റ് ഇന്‍ഡീസ് 149/6. ഇന്ത്യ 145/9.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി നായകന്‍ റോവ്മാന്‍ പവല്‍, നിക്കോളാസ് പൂരന്‍ എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. റോവ്മാന്‍ പവല്‍ 32 പന്തില്‍ 48 റണ്‍സ് നേടിയപ്പോള്‍ നിക്കോളാസ് പൂരന്‍ 34 പന്തില്‍ 41 റണ്‍സ് നേടി. ഇവരുടെ പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ 2 വിക്കറ്റുകള്‍ വീതവും ഹാര്‍ദ്ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ALSO READ: 'അതിനായി അവൾ എന്നെ ഉപയോഗിക്കുകയാണ്..'; സാക്ഷിയെ കുറിച്ച് ധോണി
രോഹിത് ശര്‍മ്മയുടെയും വിരാട് കോഹ്ലിയുടെയും അഭാവത്തില്‍ പ്രതിഭാധനരായ യുവതാരങ്ങളുമായാണ് ഇന്ത്യ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയത്. ഇഷാന്‍ കിഷന്‍ (6), ശുഭ്മാന്‍ ഗില്‍ (3) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായി. മൂന്നാമനായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഫോമിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും 21 റണ്‍സുമായി മടങ്ങി. അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ തിലക് വര്‍മ്മ 22 പന്തില്‍ 2 ബൗണ്ടറികളുടെയും 3 സിക്‌സറുകളുടെയും അകമ്പടിയോടെ 39 റണ്‍സ് നേടി. തിലക് വര്‍മ്മ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ 19 റണ്‍സുമായി ഹാര്‍ദ്ദിക് മടങ്ങി. അവസാന ഓവറുകളില്‍ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷിച്ചെങ്കിലും റണ്ണൗട്ടിന്റെ രൂപത്തില്‍ നിര്‍ഭാഗ്യമെത്തി. 12 റണ്‍സുമായി സഞ്ജു മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരുന്നു. അക്ഷര്‍ പട്ടേലും പുറത്തായതിന് പിന്നാലെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു. 19 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ജയ്‌സന്‍ ഹോള്‍ഡറാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...