വീണ്ടും ഒരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് തിരി തെളിയുകയാണ്. ഐ സി സി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയുമാണ് ഇത്തവണ കപ്പിന് വേണ്ടി പോരാടിക്കുക. രണ്ട് വർഷത്തെ ഹോം, എവേ മത്സരങ്ങളിലെ സ്ഥിരതയാർന്ന പ്രകടനമാണ് ഇരു ടീമുകൾക്കും ഫൈനലിലേക്ക് വഴിയൊരുക്കിയത്. ലണ്ടനിലെ കെന്നിംഗ്ടൻ ഓവലിൽ ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 3 മണിക്കാണ് മത്സരം ആരംഭിക്കുക.
മികച്ച പിച്ച് തന്നെയാണ് ഇംഗ്ലണ്ടിലെ സവിശേഷത. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ തുടക്കം മുതൽ അവസാനം വരെ പിച്ചിൽ കാര്യമായ മാറ്റം വരാൻ സാധ്യത ഇല്ല. ന്യൂട്രൽ വേദി ആയതിനാൽ തന്നെ ഇന്ത്യയ്ക്കോ ഓസ്ട്രേലിയക്കോ മേൽക്കൈ അവകാശപ്പെടാൻ സാധിക്കില്ല എന്നത് തന്നെയാണ് സവിശേഷത. പതിവുപോലെ മൂടിക്കെട്ടിയ അന്തരീക്ഷമാണ് ഇരു ടീമുകളെയും കാത്തിരിക്കുന്നത്. അതിനാൽ തന്നെ ബൗളർമാർക്ക് മികച്ച സീമും സ്വിങ്ങും ലഭിക്കും. മത്സരത്തിന്റെ തുടക്കത്തിൽ ബാറ്റ്സ്മാന്മാർ പുറത്തെടുക്കുന്ന പ്രകടനം ഇന്ത്യയ്ക്കും ഓസ്ട്രേലിയയ്ക്കും ഒരുപോലെ നിർണായകമാകും.
ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാകും ഓവലിൽ ഉണ്ടാകുക. പിച്ചിൽ കാര്യമായ രീതിയിൽ പുല്ലിന്റെ സാന്നിധ്യം ഉണ്ടാകും. ഇത് ബൗളർമാരെ സഹായിക്കുമെങ്കിലും മത്സരം പുരോഗമിക്കുംതോറും ബാറ്റിസ്മാന്മാർക്ക് റൺസ് കണ്ടെത്താൻ കഴിയും. തുടക്കത്തിൽ പേസ് ബൗളർമാരെ ക്ഷമയോടെ നേരിടുക എന്ന തന്ത്രമാകും ഇരു ടീമുകളും പരീക്ഷിക്കുക. ന്യൂ ബോളിന്റെ തിളക്കം നഷ്ടപ്പെടുന്നതോടെ ഓവലിൽ റൺസ് ഒഴുകും. ടോസ് നേടുന്ന ക്യാപ്റ്റൻ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ചരിത്രത്തിൽ ആദ്യമായി ജൂൺ മാസത്തിൽ ഓവലിൽ ഒരു ടെസ്റ്റ് മത്സരം നടക്കുന്നു എന്ന സവിശേഷതയും ഇന്നത്തെ മത്സരത്തിനുണ്ട്.
അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മഴ ഭീഷണിയും നിലനിൽക്കുന്നുണ്ട്. അവസാന രണ്ട് ദിവസം ഓവലിൽ ഇടി മിന്നാലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ട്. അക്യുവെതർ റിപ്പോർട്ട് അനുസരിച്ച് ജൂൺ 10 ശനിയാഴ്ച ഓവലിൽ 70% മഴയ്ക്ക് സാധ്യതയുണ്ട്. ഇടി മിന്നലിന് 28% സാധ്യതയുണ്ട്. അവസാന ദിനം 88% മഴയ്ക്ക് സാധ്യതയാണ് അക്യുവെതർ പ്രവചിക്കുന്നത്. ഇടി മിന്നലുണ്ടാകാൻ 35% സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അഞ്ച് ദിവസവും പൂർത്തിയാക്കാനായാൽ ആകെയുള്ള 15 സെഷനുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീമിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവുമായി നാട്ടിലേക്ക് മടങ്ങാം. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു. ന്യൂസിലാൻഡിനെതിരെ 8 വിക്കറ്റിന്റെ ദയനീയ പരാജയമാണ് ഇന്ത്യയ്ക്ക് അന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. ഐ സി സി ടൂർണമെന്റുകളിൽ ഇന്ത്യ നേരിടുന്ന കിരീട വരൾച്ചയ്ക്ക് അവസാനം കുറിക്കാൻ മികച്ച അവസരമാണ് രോഹിത് ശർമ്മയ്ക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്.
സാധ്യതാ ടീം
ഇന്ത്യ: രോഹിത് ശർമ്മ (c), ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, കെഎസ് ഭരത് (WK), ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.
ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി (WK), പാറ്റ് കമ്മിൻസ് (C), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോളണ്ട്, ജോഷ് ഇംഗ്ലിസ്, ടോഡ് മർഫി, മൈക്കൽ നെസർ, മാർക്കസ് ഹാരിസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...