ഗൂഗിളിനിന്ന് 19ാം പിറന്നാള്‍; സമ്മാനമായി ബര്‍ത്ത് ഡേ സര്‍പ്രൈസ് സ്പിന്നര്‍!

Last Updated : Sep 27, 2017, 12:40 PM IST
ഗൂഗിളിനിന്ന് 19ാം പിറന്നാള്‍; സമ്മാനമായി ബര്‍ത്ത് ഡേ സര്‍പ്രൈസ് സ്പിന്നര്‍!

ഇന്ന് പത്തൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്.ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ ഈ സ്പെഷ്യല്‍ ദിനത്തില്‍ സ്പെഷ്യല്‍ ഡൂഡില്‍ ഗെയിമുകള്‍ ഉള്‍പ്പെടുത്തി 'ബര്‍ത്ത് ഡേ സര്‍പ്രൈസ് സ്പിന്നര്‍' ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍. ഇക്കഴിഞ്ഞ പത്തൊന്‍പതു വര്‍ഷങ്ങളായി ഗൂഗിള്‍ ഇറക്കിയ ഡൂഡില്‍ ഗെയിമുകളാണ് ഈ സ്പിന്നറില്‍ ഒരുക്കിയിരിക്കുന്നത്.

ഇതില്‍ ഒരു തവണ ക്ലിക്ക് ചെയ്യുമ്പോള്‍ ഈ സ്പിന്നര്‍ കറങ്ങും.  കറങ്ങി ചെന്ന് നില്‍ക്കുന്നത് ഏതെങ്കിലും ഗെയിമിലായിരിക്കും. ഈ ഗെയിം കളിക്കുകയോ അല്ലെങ്കില്‍ വീണ്ടും സ്പിന്‍ ചെയ്യുകയോ ചെയ്യാം. 

സ്റ്റാൻ‌ഫോർഡ് സർവ്വകലാശാലയിലെ പി.എച്ച്.ഡി. വിദ്യാർത്ഥികളായിരുന്ന ലാറി പേജ്, സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ പിറവിയെടുക്കുന്നത്.1996 ജനുവരിയിലായിരുന്നു ഇവർ ഗവേഷണത്തിനു തുടക്കമിട്ടത്. വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവർ തുടക്കമിട്ടത്.

പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബർ 15ന് ഗൂഗിൾ എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു. ഒരുവർഷത്തിനു ശേഷം കാലിഫോർണിയയിൽ ഒരു സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും തങ്ങളുടെ കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ലളിതമായ രുപകൽ‌പനയായിരുന്നു ഗൂഗിൾ സെർച്ച് എൻ‌ജിന്റെ പ്രധാന ആകർഷണം. ചിത്രങ്ങൾ അധികമൊന്നും നൽകാതെയുള്ള ഈ ലാളിത്യ മുഖം ഗൂഗിൾ പേജുകൾ ലോഡ് ചെയ്യുന്നത് എളുപ്പമാക്കി. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു. സമകാലീനരായ ഒട്ടേറെ ഡോട്ട്കോം സംരംഭങ്ങൾ പരാജയപ്പെട്ടപ്പോഴും കാർഷെഡിൽ പ്രവർത്തനമാരംഭിച്ച ഗൂഗിൾ വിജയ ഗാഥകൾ രചിച്ചു.

ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ(googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. അമേരിക്കൻ ഗണിത ശാസ്ത്രജ്ഞനായ എഡ്വേഡ് കാസ്നറുടെ അനന്തരവൻ ഒൻപതു വയസുകാരൻ മിൽട്ടൺ സൈറോറ്റയാണ് 1938ൽ ആദ്യമായി ഗൂഗൾ എന്ന പദം ഉപയോഗിച്ചത്. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ഗൂഗിളിന്റെ പിറവിക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ചിന്ത. എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ ഈ സെർച്ച് എൻ‌ജിനിൽ ലഭ്യമാകും എന്ന സന്ദേശമായിരുന്നു വിവക്ഷ. എന്നാൽ അവർ എഴുതിയത് അക്ഷരപ്പിശകോടെയായെന്നു മാത്രം. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ(google) ആയി മാറുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമാണ് ഗൂഗിൾ. അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി ലഭ്യമാക്കുക എന്നതാണ് ഗൂഗിളിന്റെ പ്രഖ്യാപിത ലക്ഷ്യം. വിവിധ തിരച്ചിൽ ഉപകരണങ്ങളിലൂടെ ഇരുപത് കോടിയിൽപ്പരം അന്വേഷണങ്ങളാണ് പ്രതിദിനം ഗൂഗിളിലെത്തുന്നത്. വെബ് സെർച്ച് എൻ‌ജിൻ മാത്രമായി തുടക്കം കുറിച്ച ഗൂഗിളിൽ ഇപ്പോൾ ചിത്രങ്ങൾ, വാർത്തകൾ, വീഡിയോ, മാപ്പുകൾ, ഓൺലൈൻ വ്യാപാരം, ഓൺലൈൻ സംവാദം എന്നിങ്ങനെ ഇന്‍റര്‍നെറ്റിന്‍റെ സമസ്ത മേഖലകളിലും അനുബന്ധ സംവിധാനങ്ങളുണ്ട്. 

Trending News