ഗൂഗിൾ ഉൾപ്പടെയുള്ള ടെക്ക് കമ്പനികൾക്ക് ഇന്ത്യൻ ഡിജിറ്റൽ മാധ്യമങ്ങളുടെയും കണ്ടന്റ് ക്രിയേറ്റർമാരുടെയും കണ്ടെന്റുകളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം കണ്ടന്റ് ക്രിയേറ്റർമാർക്കും ലഭിക്കുന്ന തരത്തിൽ നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. യൂട്യൂബ് ഉൾപ്പടെയുള്ള പ്ലാറ്റുഫോമുകളുടെ ഉടമസ്ഥതയുള്ള ഗൂഗിൾ, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുടെ എല്ലാ ഉടമസ്ഥത വഹിക്കുന്ന മെറ്റാ, ട്വിറ്റർ, ആമസോൺ പേ എന്നിവയുൾപ്പടെയുള്ള കമ്പനികൾക്ക് ഇത്തരം കണ്ടന്റുകളിൽ നിന്ന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ ഒരു ഭാഗം ഡിജിറ്റൽ പബ്ലിഷർമാർക്ക് നൽകണമെന്ന തരത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുന്നത്.
ഇതുവരെ കൃത്യമായ നിയമങ്ങളുടെ അഭാവം മൂലം ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾ ഡിജിറ്റൽ മാധ്യമങ്ങൾക്ക് വരുമാനത്തിന്റെ കൃത്യമായ വിഹിതം നൽകിയിരുന്നില്ല. ഇത്തരം പ്ലാറ്റ്ഫോമുകൾ കണ്ടെന്റുകൾക്ക് വരുമാനം നൽകുന്ന രീതികൾ ഇനിയും സുതാര്യമല്ല. അതിനാൽ തന്നെ പരസ്യങ്ങളിൽ നിന്ന് കിട്ടുന്ന വരുമാനം കൂടുതലും കണ്ടന്റ് ക്രിയേറ്റർമാരിലേക്ക് എത്താതെ കമ്പനികൾക്ക് തന്നെ ലഭിക്കുകയായിരുന്നു. കൂടാതെ പല ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർമാമാറും പലപ്പോഴായി ഇതിനെതിരെ ശബ്ദം ഉയർത്തുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ ഇതിന് പരിഹാരം കണ്ടെത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഇത്തരം കമ്പനികൾക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ശരിയായ വിഹിതം ലഭിക്കാൻ ഉതകുന്ന പുതിയ നിയമങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടു വരാൻ ഒരുങ്ങുകയാണെന്ന് ഐടി, ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൂടാതെ ഐടി നിയമങ്ങൾ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഈ നിയമം അവതരിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിരവധി രാജ്യങ്ങൾ ഇത്തരത്തിലുള്ള നിയമവുമായി മുന്നോട്ട് വന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ടെക് ഭീമന്മാർ വൻ ലാഭം നേടുകയാണ്. വിപണി മൊത്തം പിടിച്ചെടുക്കുന്ന തരത്തിലെ ഈ രീതി ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...