മഞ്ഞിൽ വിരിഞ്ഞ പൂവ് പോലെ ഇല്ലിക്കൽ കല്ല്...!!!

മനം മയക്കുന്ന പ്രകൃതി കാഴ്ചകളും കോടമഞ്ഞും കണ്ടു മനസ്സുനിറച്ചു നിൽക്കുമ്പോൾ ശ്രദ്ധ പതറാതെ നോക്കണം. കാരണം ഇരുവശത്തും അഗാതമായ കൊക്കയാണ്

Written by - ഗോവിന്ദ് ആരോമൽ | Edited by - Bhavya Parvati | Last Updated : Jul 22, 2022, 02:58 PM IST
  • വൺഡേ ട്രിപ്പുകൾക്ക് പറ്റിയ സ്ഥലമാണ്
  • സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മഞ്ഞിൽ വിരിയുന്ന ഇല്ലിക്കല്‍ കല്ല്
മഞ്ഞിൽ വിരിഞ്ഞ പൂവ് പോലെ ഇല്ലിക്കൽ കല്ല്...!!!

മഞ്ഞിൽ പൊതിഞ്ഞ മലനിരകളും എപ്പോഴും വീശിയടിക്കുന്ന നനുത്ത കാറ്റും നൂൽമഴയും,എല്ലാം മറന്ന് പ്രകൃതിയോടു ലയിക്കാൻ ഇതിൽപരം നമുക്ക് വേറെന്താണു വേണ്ടത്. വൺഡേ ട്രിപ്പുകൾക്ക് പറ്റിയ സ്ഥലമാണ്,സിംഗിൾ പസ്സങ്കകളായ റൈഡർമാർക്കും, കുട്ടികളൊത്ത് ഫാമിലിക്കും അടിച്ചുപൊളിക്കാൻ പറ്റിയ സ്പോട്ടാണ് ആകാശത്തെ വെല്ലുവിളിച്ചു മുഷ്ടിചുരുട്ടി നിൽക്കുന്ന ഭീമനായ ഇല്ലിക്കല്‍ കല്ല്. കോടമഞ്ഞിന്‍റെയും തണുത്ത കാറ്റിന്റെയും മറ മാറ്റി കടന്നുചെല്ലുമ്പോൾ കാണാം, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മഞ്ഞിൽ വിരിയുന്ന ഇല്ലിക്കല്‍ കല്ല്.

ഇല്ലിക്കൽ കല്ല് ‘പൊളി’ വൈബ്

സമുദ്രനിരപ്പിൽനിന്ന് 4000 അടിയിലേറെ മുകളിലാണ് ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നത്. അടിവാരത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചു ദൂരം മുകളിലേക്കു ചെന്നാൽ മാത്രമേ ഇല്ലിക്കൽ കല്ലിന്റെ മനോഹര രൂപം അടുത്തു കാണാൻ സാധിക്കൂ. ടാറിട്ട റോഡിന് ഇരുവശത്തും യൂറോപ്യൻ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പച്ചപ്പു നിറഞ്ഞ പുൽ മേടുകളാണ്.
നടന്നു കയറാൻ താൽപര്യമില്ലാത്തവർക്ക് താഴെ നിന്ന് ജീപ്പിൽ കയറി മുകളിലെത്താം. ആറുപേരടങ്ങുന്ന ഒരു ഗ്രൂപ്പിനാണെങ്കിൽ 380 രൂപയെ ചാർജ് വരുള്ളു .മഞ്ഞിന്റെ മായകാഴ്ച ആസ്വദിച്ച് നടന്നു കയറണാമെങ്കിൽ അതാണ് ഏറ്റവും അനുയോജ്യം. എന്തായാലും ഇല്ലിക്കൽ കല്ലിന്റെ വൈബ് ഒരേ പൊളിയാണ്.

ജീപ്പിലെത്തിയാലും തീർന്നില്ല, ഇല്ലിക്കൽ കല്ലിനെ അടുത്തു കാണാൻ അല്പം കഠിനമായ കയറ്റം കയറി വീണ്ടും മുകളിലെത്തണം. ഉരുളൻ കല്ലുകൾ നിറഞ്ഞ ഇടുങ്ങിയ വഴിയിലൂടെയാണ് പോകേണ്ടത്.സഞ്ചാരികളുടെ സുരക്ഷക്കായി ഇരുവശത്തും സ്റ്റീൽ കൈവരികളും സ്ഥാപിച്ചിട്ടുണ്ട്. നടന്നുകയറാൻ അല്പം പ്രയാസമാണെങ്കിലും മഞ്ഞിൽ മൂടിയ ഇല്ലിക്കൽകല്ലിന്റെ കാഴ്ചയും അടിവാരത്തെ കാഴ്ചയും കാണണമെങ്കിൽ കഷ്ടപ്പെടണം."സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണല്ലോ...!!

പച്ചപ്പിന്റെ മഹാസമുദ്രത്തിനിടയിൽ പൊട്ടുപോലെ ചെറുപട്ടണങ്ങൾ കാണാം. അതിനിടയിലൂടെ നൂൽ വരച്ചത് പോലെ മീനച്ചിലാറിന്റെ കൈവഴികൾ. കോടമഞ്ഞിന്റെ തണുപ്പിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല. സദാ സമയവും ഇളംകാറ്റ് വീശും. അങ്ങനെ കോടമഞ്ഞിന്റെ വെള്ളത്തിരശ്ശീല മാറിത്തുടങ്ങും. കുന്നിനുമുകളിൽ, പ്രകൃതി കൊത്തിവെച്ച ശിൽപം പോലെ തലയുയർത്തി ഇല്ലിക്കൽ കല്ല്, ഏതൊരു സ‍ഞ്ചാരിയേയും വശീകരിക്കുന്ന ഭംഗിയാണ്.

മനം മയക്കുന്ന പ്രകൃതി കാഴ്ചകളും കോടമഞ്ഞും കണ്ടു മനസ്സുനിറച്ചു നിൽക്കുമ്പോൾ ശ്രദ്ധ പതറാതെ നോക്കണം. കാരണം ഇരുവശത്തും
അഗാതമായ കൊക്കയാണ് . അപകടകരമായ വഴികളിലേക്കും ചരിവുകളിലേക്കും സാഹസികത കാണിക്കാൻ ഇറങ്ങിച്ചെല്ലരുത്, നിയമവിരുദ്ധമാണ്.

തെക്കൻ ജില്ലകളിൽ നിന്ന് വരുന്നവർക്ക് കോട്ടയം, പാലാ, ഈരാറ്റുപേട്ട, തീക്കോയി വഴി ഇല്ലിക്കൽ കല്ലിലെത്താം. വാഗമണ്ണിൽനിന്ന് തീക്കോയി വഴിയും എറണാകുളത്തുനിന്ന് മേലുകാവ്, മൂന്നിലവ് വഴിയും ഇല്ലിക്കൽ കല്ലു കാണാനെത്താം.

Trending News