സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തികൾ; മണ്ണിൽ പൊന്ന് വിളയുന്ന തെങ്കാശിയിലേക്ക് ബൈക്ക് റൈഡ്

റിസർവോയറും അതിന് പിന്നിലെ നീലിമയിൽ മുങ്ങിയ സഹ്യപർവ്വത നിരകളും കൺകുളിരെ കണ്ടു

Written by - ഗോവിന്ദ് ആരോമൽ | Last Updated : Aug 19, 2022, 07:14 PM IST
  • പുഷ്പ സിനിമയുടെ ലൊക്കേഷനായ തിരുമല കോവിലും കാണാൻ ഇറങ്ങി
  • ആദ്യ ലക്ഷ്യം തെന്മല ഡാം ആയിരുന്നു
  • ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ തെന്മലയെത്തി
സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തികൾ; മണ്ണിൽ പൊന്ന് വിളയുന്ന തെങ്കാശിയിലേക്ക് ബൈക്ക് റൈഡ്

അതിരാവിലെ 6 മണിക്ക് ഡൊമിനാറും സ്റ്റാർട്ട് ചെയ്ത് ഞാൻ ഇറങ്ങി,സൂര്യകാന്തി പൂക്കൾ വിരിഞ്ഞ അന്ന് മുതൽ തുടങ്ങിയ ആഗ്രഹമാണ് സുന്ദരപാണ്ഡ്യപുരം കൂടെ പുഷ്പ സിനിമയുടെ ലൊക്കേഷനായ തിരുമല കോവിലും കാണാൻ ഞാൻ ഇറങ്ങി.കൂടെ പോലിസിൽ ജോലി ചെയ്യുന്ന സുഹ‍ൃത്ത് പ്രണവും ഉണ്ടായിരുന്നു.ഞങ്ങൾ 2 ബൈക്കിലായിട്ടായിരുന്നു യാത്ര. ആദ്യ ലക്ഷ്യം തെന്മല ഡാം ആയിരുന്നു. ഒന്നര മണിക്കൂർ കൊണ്ട് ഞങ്ങൾ തെന്മലയെത്തി.എന്നാൽ 9 മണിക്ക് ആണ് ഡാമിലേക്ക് പ്രവേശനം ഉള്ളു, പക്ഷേ പോലിസ് ബ്രോയുടെ ഇടപെലിലൂടെ ഞങ്ങൾ 7.30 ക്ക് തെന്മല ഡാമിലേക്ക് കയറി.കുറച്ചൂദൂരം നടന്ന ശേഷം ഞങ്ങൾ ഡാമിന്‍റെ മുകളിൽ എത്തി.

image 1

അവിടെ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.റിസർവോയറും അതിന് പിന്നിലെ നീലിമയിൽ മുങ്ങിയ സഹ്യപർവ്വത നിരകളും കൺകുളിരെ കണ്ടു.  ഡാമിലെ റിസർവോയറിൽ വെള്ളം കുറവാണ്.എന്നാലും മൂന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്.കാഴ്ചകൾ ക്യാമറയിൽ പകർത്തിയ ശേഷം ഞാനും പ്രണവ് ബ്രോയും അടുത്ത ലക്ഷ്യസ്ഥാനത്തിലേക്കുള്ള യാത്ര ആരംഭിച്ചു. കുറ്റാലം വെള്ളച്ചാട്ടമാണ് അടുത്ത ലക്ഷ്യം. 1 മണിക്കൂര്‍ കൊണ്ട് ഞങ്ങൾ കുറ്റാലം എത്തി, എന്നാൽ അനിയന്ത്രിതമായ തിരക്കാണ് എവിടെയും. വെള്ളച്ചാട്ടത്തിൽ കുളിക്കണം എന്ന ആഗ്രഹം അപ്പാടെ മാറ്റിവെച്ചു. കാരണം വെള്ളച്ചാട്ടത്തെക്കാൾ കൂടുതൽ അവിടെ ഉണ്ടായിരുന്നത് മനുഷ്യരായിരുന്നു. അങ്ങനെ കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിക്കാതെ കണ്ണിലും,ക്യമറയിലും പകർത്തി പുഷ്പ ലൊക്കേഷനായ തിരുമല കോവിലിലേക്ക് യാത്ര തുടർന്നു.

 അതിർത്തി ഗ്രാമമായ പൻപൊഴിയിലാണ് കോവിൽ. അച്ചൻകോവിലിലേക്കുള്ള കാട്ടുവഴിയിലെ നാട്ടുഗ്രാമം. അവിടെ സഹ്യപർവതത്തോടു ചേർന്നിരിക്കുന്നൊരു ചെറു കുന്നിനു മുകളിലാണു തിരുമലൈക്കോവിൽ അമ്പലം.ഞങ്ങൾ എത്തിയത് നട്ടുച്ചയ്ക്കാണ് തീപോലെ പൊള്ളുന്ന വെയിലിൽ ഞങ്ങൾ കയറി.അമ്പലത്തിലേക്ക് 526 സ്റ്റെപ്പുകളുണ്ട്. തിരുമലൈക്കോവിലിലാണ് ശ്രീവല്ലി എന്ന ‘പുഷ്പ’ പാട്ട് കൂടുതലും ചിത്രീകരിച്ചിട്ടുള്ളത്. നായികയുടെ ഗ്രാമവും ഉത്സവവും സെറ്റിട്ടത് ക്ഷേത്രകവാടത്തിനടുത്താണ്.   500 വർഷം പഴക്കമാണ് അമ്പലത്തിനു കണക്കാക്കുന്നത്. ബാലമുരുകനാണു പ്രതിഷ്ഠ. പന്തളരാജാവ് നിർമാണത്തിനു മുൻകയ്യെടുത്തു എന്ന് ഐതിഹ്യം.

കോവിലിൽ നിന്ന് ഞങ്ങൾ പ്രധാന ഡെസ്റ്റിനേഷനായ സുന്ദരപാണ്ഡ്യപുരത്തേക്ക് തിരിച്ചു.സുന്ദരപാണ്ഡ്യപുരം, പേര് സൂചിപ്പിക്കും പോലെ സുന്ദരമായ സ്ഥലം,ഞങ്ങൾ എത്തിയ സമയം ഒരുപാട് പാടങ്ങളിൽ വിളവെടുപ്പ് കഴിഞ്ഞിരുന്നു ,എങ്കിലും ഉള്ള സ്ഥലത്ത് മലയാളികളുടെ വൻ തിരക്കാണ്. മണിരത്നത്തിന്റെ സംവിധാനത്തിൽ 1992ൽ പുറത്തിറങ്ങിയ റോജ സിനിമയിൽ നായിക മധുബാലയുടെ സ്വദേശമായി കാണിച്ചിട്ടുള്ളതും സുന്ദരപാണ്ഡ്യപുരമാണ്.സൂര്യകാന്തിപ്പാടം സന്ദർശിക്കാനും ഫോട്ടോ എടുക്കുന്നതിനും പറ്റിയ സമയം രാവിലെ 7 മുതൽ 10 മണി വരെയും വൈകിട്ട് 5  മുതൽ 6.30 വരെയുമാണ്. ഇവിടെ തക്കാളി, ചുവന്നുള്ളി, വെണ്ടയ്ക്ക എന്നിവ വിലക്കുറവിൽ ലഭിക്കും. ഒടുവിൽ സൂര്യകാന്തിശോഭ മനസ്സിൽ നിറച്ച് തിരികെ യാത്ര തിരിച്ചു വീണ്ടുമൊരു വസന്തകാലത്ത് വരാമെന്ന പ്രതീക്ഷയോടെ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News