നൃത്തം ചെയ്ത് പരന്നൊഴുകുന്ന കോടമഞ്ഞും മലനിരകളില്‍ നിന്നു മലനിരകളിലേക്ക് വേര് നാട്ടി വളർന്നു പന്തലിച്ച് നിൽക്കുന്ന വൻ മരങ്ങളും പ്രാചീനതയുടെയും വിശ്വാസത്തിന്‍റെയും ഗന്ധമൊഴുകുന്ന വശ്യമായ സൗന്ദര്യവും ഒന്നുചേരുന്ന ഇടമാണ് കാളിമല. തിരുവനന്തപുരം ജില്ലയിലെ മലയോരഗ്രാമമായ അമ്പൂരിക്ക് സമീപമാണ് സഹ്യപര്‍വത നിരയുടെ ഭാഗമായ ഈ മല സ്ഥിതിചെയ്യുന്നത്. നഗരത്തിരക്കുകളില്‍ നിന്നും മാറി അല്‍പ്പസമയം ശാന്തമായി ചിലവഴിക്കാനും കാടിന്‍റെ തണുപ്പും കാട്ടുജീവികളുടെ ശബ്ദങ്ങൾ കേട്ട് ആസ്വദിക്കാനുമെല്ലാം ഇഷ്ടമുള്ളവര്‍ക്ക് ഇവിടേക്ക് വരാം. മാത്രമല്ല, സമുദ്രനിരപ്പില്‍ നിന്നും മൂവായിരമടി ഉയരമുള്ള കാളിമലയിലേക്ക് അടിവാരത്തിൽ നിന്ന് 6 കിലോമീറ്റർ ദൈർഘ്യമുള്ള ട്രെക്കിങ്ങും നടത്താം.
പരാശക്തിയുടെ രൗദ്രരൂപമായ ഭദ്രകാളിയാണ് ഇവിടുത്തെ പ്രധാന ആരാധനാമൂർത്തി. അതോടൊപ്പം ഒരു ധർമ്മശാസ്താ ക്ഷേത്രവും ഉണ്ട്. ശിവനും, ഗണപതിയും, നാഗയക്ഷിയും ഉപദേവതകൾ ആയി ഇവിടെ കാണാം. വിശേഷ ദിവസങ്ങളിൽ ശബരിമലയിലെന്ന വിധം ഭക്തർ വ്രതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് കാളിമല ചവിട്ടുന്നത്. എന്നാൽ വർഷത്തിൽ ഒരിക്കൽ "ചിത്രപൗർണമി" നാളിൽ നടക്കുന്ന പൊങ്കാലയാണ് പ്രശസ്തമായത്. തിരുവനന്തപുരം ജില്ലയിൽ അമ്പൂരിക്ക് സമീപം കേരള-തമിഴ്നാട് അതിർത്തിയിലെ പത്തുകാണിയിൽ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ്ങ് ആരംഭിക്കുന്നത്. നഗരത്തിൽ നിന്ന് 45 കിലോമീറ്റർ ദൂരമുണ്ട് പത്തുകാണിയിലേക്ക്. ആറ് കിലോമീറ്റർ ദൂരമുള്ള ട്രെക്കിങ്ങിൽ 2 കിലോമീറ്റര്‍ വനത്തിലൂടെയാണ് പോകേണ്ടത്. അഗാധമായ ഗർത്തമാണ് വഴിയിൽ ഉടനീളം വഴുക്കലുള്ള പാറക്കൂട്ടങ്ങളും ഉണ്ട്. അതിരാവിലെ ട്രെക്കിങ്ങ് ആരംഭിക്കുന്ന രീതിയിൽ വേണം പോകേണ്ടത്. പ്രവേശനം തികച്ചും സൗജന്യമാണ്. യാത്രയിൽ ആവശ്യമായ വെള്ളവും ലഘു ഭക്ഷണവും കരുതണം. കടകൾ ഒന്നും തന്നെ വഴിയിൽ ഉണ്ടാവില്ല.
മലമുകളിൽ ഒരു നീരുറവയുണ്ട്. കാളിമലയിൽ സപ്ത ഋഷികളിൽ ഒരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ചിരുന്നത്രേ, അദേഹത്തിന്‍റെ തപശക്തിയിൽ രൂപംകൊണ്ടതാണ് ഈ നീരുറവയെന്നാണ് വിശ്വാസം. കൊടുംവേനലിൽപ്പോലും വറ്റാത്ത ഈ ഉറവ അത്ഭുതമാണ്. 'കാളിതീർത്ഥം' എന്നാണ് ഭക്തര്‍ ഇതിനെ വിളിക്കുന്നത്. ഗംഗാജലം പോലെ പവിത്രമായി ഇതിനെ കാണുന്നു. ഏറ്റവും മുകളില്‍ നിന്നും നോക്കിയാല്‍ ദൂരെയായി ചിറ്റാര്‍ തടാകത്തിന്‍റെ വശ്യമായ കാഴ്ച കാണാം. ചുറ്റും കോടമഞ്ഞില്‍ പൊതിഞ്ഞ സഹ്യനിരകളും പച്ചപ്പും ശുദ്ധമായ വായുവുമെല്ലാം നല്‍കുന്ന അനുഭൂതി അതിമോഹനമാണ്, എല്ലാം മറന്ന് പ്രകൃതിയിൽ അലിഞ്ഞ് ചേരുവാൻ കാളിമല അനുയോജ്യമാണ്. വർഷത്തിൽ എല്ലാ സമയത്തും കാളിമല സന്ദർശിക്കാം എങ്കിലും പൂർണമായ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ സെപ്റ്റംമ്പർ മുതൽ ഡിസംബർ മാസം വരെയാണ് ഏറ്റവും നല്ല സമയം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...