വാഷിങ്ടൺ: അഫ്ഗാനിസ്ഥാൻ താലിബാന് (Afghanistan-Taliban) കീഴിൽ ആയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) രാജിവയ്ക്കണമെന്ന് ഡൊണാൾഡ് ട്രംപ് (Donald Trump). അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെ പ്രതിരോധിക്കാൻ യുഎസിന് സാധ്യമാകാത്ത സാഹചര്യത്തിൽ ബൈഡൻ രാജി വെക്കുന്നതാണ് നല്ലതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അഫ്ഗാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അത്യന്തം അപമാനകരമാണെന്നും ട്രംപ് പറഞ്ഞു. ബൈഡൻ രാജിവയ്ക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട ട്രംപ് യു.എസിലെ കോവിഡ് വ്യാപനത്തിലും ആഭ്യന്തര കുടിയേറ്റത്തിലും സാമ്പത്തിക-ഊർജ്ജനയങ്ങളിൽ ബൈഡനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയി അധികാരമേറ്റത്തിന് ശേഷമാണ് ഇരുപത് കൊല്ലത്തോളം അഫ്ഗാനിൽ തുടർന്ന യു.എസ് സൈന്യം (US Force) അഫ്ഗാനിൽ നിന്ന് പിന്മാറിയത്.
യുഎസിന്റെ സഹായത്തോടെയാണ് 2001ൽ അഫ്ഗാനിൽ താലിബാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. 2020ലാണ് സേനയെ പിൻവലിക്കാമെന്ന് ട്രംപ് താലിബാനുമായി കരാറുണ്ടാക്കിയത്. ദോഹയിൽ നടന്ന ചർച്ചയ്ക്ക് ശേഷമായിരുന്നു ഇത്. തുടർന്ന് 2021-ൽ സൈന്യത്തെ പൂർണമായും പിൻവലിക്കാമെന്നായിരുന്നു ഉടമ്പടി. ബൈഡൻ അധികാരത്തിലേറിയ ശേഷവും സൈനിക പിന്മാറ്റത്തിനെതിരെ നടപടികൾ ഉണ്ടായില്ല. 2021 മേയ് മാസത്തോടെ യുഎസ് സൈന്യത്തെ പിൻവലിച്ചു.
Also Read: Afghan-Taliban: ആരാണ് ലോകം ചർച്ച ചെയ്യുന്ന താലിബാൻ? എന്താണവർ അഫ്ഗാനിൽ ചെയ്യുന്നത്?
ഇതിന് പിന്നാലെയാണ് അഫ്ഗാനിൽ വീണ്ടും താലിബാൻ അധിനിവേശം തുടങ്ങിയത്. അധികാരം പൂർണമായും പിടിച്ചെടുത്ത താലിബാൻ രാജ്യത്തിന്റെ പേരിലും മാറ്റം വരുത്തി. അഫ്ഗാനിസ്ഥാൻ ഇനി ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താൻ എന്നറിയപ്പെടുമെന്ന് താലിബാൻ ഞായറാഴ്ച പ്രഖ്യാപിച്ചു. അഫ്ഗാനിലെ താലിബാൻ ആക്രമണത്തിൽ ബൈഡനെ കുറ്റപ്പെടുത്തിയ മുൻ പ്രസിഡന്റ് ട്രംപ് താനായിരുന്നു അധികാരത്തിലെങ്കിൽ സേന പിന്മാറ്റം വ്യത്യസ്തവും വിജയകരവുമാക്കി തീർക്കുമായിരുന്നുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് അഫ്ഗാനിലെ താലിബാൻ അധിനിവേശമെന്നും ട്രംപ് കുറ്റപ്പെടുത്തി. അഫ്ഗാനിസ്താന് വേണ്ടി ബൈഡൻ ചെയ്തത് ഐതിഹാസികമാണെന്ന് ട്രംപ് പരിഹസിച്ചു. എന്നാൽ യു.എസിന്റെ സൈനിക പിൻമാറ്റത്തിന് ധാരണയുണ്ടാക്കിയത് ട്രംപായിരുന്നുവെന്നും യു.എസിലെ ഭൂരിഭാഗം ജനങ്ങളും അതിനെ പിന്തുണയ്ക്കുന്നതായും ബൈഡൻ ഭരണകൂടം പ്രതികരിച്ചു.
Also Read: Afghanistan - Taliban: താലിബാനെതിരെ അഫ്ഗാനിസ്ഥാൻ നേതാക്കൾ പോരാടണമെന്ന് ജോ ബൈഡൻ
അതേസമയം, അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ എയർ ഇന്ത്യ വിമാനം ഡൽഹിയിൽ നിന്ന് 12.30ന് കാബൂളിലേക്ക് യാത്ര തിരിക്കും. രാത്രി 8.30 ന് പുറപ്പെടാനിരുന്ന വിമാനമാണ് നേരത്തെയാക്കിയത്. അടിയന്തര യാത്രക്കായി തയാറായിരിക്കണമെന്ന് എയർ ഇന്ത്യക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രണ്ട് വിമാനങ്ങൾക്കാണ് തയാറായിരിക്കാൻ ഇത്തരത്തിൽ നിർദേശം നൽകിയിരിക്കുന്നത്. കണക്ക് പ്രകാരം 1500ഓളം ഇന്ത്യാക്കാരാണ് അഫ്ഗാനിലുള്ളത്. ഇതിൽ 129 ഇന്ത്യക്കാരുമായി എയർ ഇന്ത്യ വിമാനം ഞായറാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു. ഡൽഹിയിലെ അഫ്ഗാൻ എംബസിയുടെ ട്വിറ്റർ ഹാക്ക് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...