സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ താൻ തയ്യാറാണെന്ന് ഇലോൺ മസ്ക്. തനിക്ക് പകരക്കാരനെ കണ്ടെത്തിയതിന് ശേഷം ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയുമെന്ന് ഇലോൺ മസ്ക് പറഞ്ഞു. " ട്വിറ്ററിന്റെ സിഇഒ ജോലി ഏറ്റെടുക്കാൻ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും. അതിനുശേഷം, ഞാൻ സോഫ്റ്റ് വെയർ, സെർവർ ചുമതലകൾ മാത്രം ഏറ്റെടുക്കും" മസ്‌ക് ട്വിറ്ററിൽ കുറിച്ചു.
ഞായറാഴ്ച വൈകുന്നേരം ഇലോൺ മസ്ക് ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയണമോ വേണ്ടയോ എന്നത് സംബന്ധിച്ച വോട്ടെടുപ്പിൽ കൂടുതൽ ട്വിറ്റർ ഉപയോക്താക്കൾ മസ്ക് ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇതിന് ശേഷം ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയുന്നതായി മസ്‌ക് പരാമർശിക്കുന്നത് ഇതാദ്യമാണ്.
Should I step down as head of Twitter? I will abide by the results of this poll.
— Elon Musk (@elonmusk) December 18, 2022
ALSO READ: Elon Musk : മസ്കിനെ വിമർശിച്ചവർക്ക് വീണ്ടും വിലക്ക്; മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്‌ത് ട്വിറ്റർ
സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ഇലോൺ മസ്ക് തന്നെ നടത്തിയ വോട്ടെടുപ്പിൽ ഒരു കോടി 75 ലക്ഷത്തിൽപ്പരം ആളുകളാണ് പങ്കാളികളായത്. 57.5 ശതമാനം പേരും മസ്ക് ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് ആവശ്യപ്പെട്ടത്. 42.5 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് മസ്ക് തുടരണമെന്ന് അഭിപ്രായപ്പെട്ടത്. തുടർന്നാണ് പകരക്കാരനെ കണ്ടെത്തിയാൽ സിഇഒ സ്ഥാനം രാജിവെക്കാമെന്ന് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തത്.
"ട്വിറ്റർ സിഇഒ സ്ഥാനം ഒഴിയാൻ തയ്യാറാണെങ്കിലും ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് മാത്രമല്ല ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ഒരു സിഇഒയെ ആണ് വേണ്ടത്" മസ്ക് വ്യക്തമാക്കി. യഥാർത്ഥത്തിൽ ട്വിറ്റർ സജീവമായി നിലനിർത്താൻ കഴിയുന്ന ജോലി ആരും ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ തനിക്ക് പിൻഗാമി ഉണ്ടാകില്ലെന്നും ഇലോൺ മസ്ക് പറഞ്ഞു.
സർവെ തുടങ്ങുന്നതിന് മുൻപ് തന്നെ ഫലമെന്തായാലും അതിനെ അംഗീകരിക്കുമെന്ന് മസ്ക് പറഞ്ഞിരുന്നു. മസ്ക് ട്വിറ്റർ ഏറ്റെടുത്തത് ഈ വർഷം ഏപ്രിലിലാണ്. 4400 കോടി ഡോളറിനായിരുന്നു കരാർ. അന്ന് മുതൽ നാടകീയമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ഏപ്രിൽ നാലിനാണ് തനിക്ക് സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ട്വിറ്ററിൽ 9.2ശതമാനം ഓഹരി പങ്കാളിത്തമുണ്ടെന്ന് മസ്ക് വെളിപ്പെടുത്തിയത്. ട്വിറ്ററിന്റെ ഏറ്റവും വലിയ ഷെയർ ഹോൾഡറാണ് അദ്ദേഹം എന്ന യാഥാർത്ഥ്യം ഇതോടെ പുറത്തു വന്നത്. ട്വിറ്ററിന്റെ ബോർഡ് യോഗത്തിൽ അവസാന നിമിഷമാണ് ഒരു ഓഹരിക്ക് 54.20 ഡോളർ എന്ന നിരക്കിൽ താൻ കമ്പനി ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിക്കുന്നത്.
ഒരാഴ്ചയ്ക്ക് ശേഷം ട്വിറ്ററിനെതിരെ മസ്ക് പരാതിയുമായി എത്തി. ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നായിരുന്നു മസ്കിന്റെ പരാതി. ചോദിച്ച വിവരങ്ങൾ ട്വിറ്റർ നൽകിയില്ലെന്നും അതിനാൽ ഏറ്റെടുക്കലിൽ നിന്ന് പിന്മാറുന്നുവെന്നും അറിയിച്ചു. വാദ പ്രതിവാദങ്ങൾക്ക് ശേഷം ഒക്ടോബറിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. പ്രശ്നങ്ങളുടെ പെരുമഴ അവിടെ തുടങ്ങി. ആദ്യത്തെ വിവാദം ജീവനക്കാരെ പിരിച്ചുവിട്ടതായിരുന്നു. വരുമാനത്തിൽ ഇടിവ് സംഭവിച്ചെന്ന് പറഞ്ഞ് 50 ശതമാനത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പിന്നാലെ വെരിഫൈഡ് മെമ്പർഷിപ്പിന് പ്രതിമാസ ചാർജ് ഈടാക്കുമെന്ന പ്രഖ്യാപനം വന്നു. അടുത്തത് ആപ്പിളിനോട് പ്രഖ്യാപിച്ച യുദ്ധമായിരുന്നു. ആപ്പ് സ്റ്റോറിൽ നിന്ന് ട്വിറ്ററിനെ തടയുമെന്ന് ആപ്പിൾ ഭീഷണിപ്പെടുത്തിയെന്ന് മസ്ക് പറയുകയുണ്ടായി. ദിവസങ്ങള്‍ക്കുള്ളില്‍ മസ്‌ക് ആപ്പിൾ സിഇഒ ടിം കുക്കിനെ കണ്ട് ഇതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ നീക്കി.
ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതും ചർച്ചയായിരുന്നു. മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രചാരണം ട്വിറ്ററില്‍ ഇനി അനുവദിക്കില്ല എന്ന നയവും തിരിച്ചടിയായി എന്ന് വേണം കരുതാൻ. ഏറെ വിമര്‍ശനം നേരിട്ട മറ്റൊന്ന് മാധ്യമപ്രവർത്തകരുടെ ട്വിറ്റർ അക്കൗണ്ടുകൾ വിലക്കിയ നടപടിയായിരുന്നു. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ സെൻസർഷിപ്പും മറ്റ് ഭീഷണികളും അഭിമുഖീകരിക്കുന്ന സമയത്ത് ട്വിറ്റർ തന്നെ ഇത്തൊരമൊരു നീക്കം നടത്തിയത് അപകടകരം ആണെന്നായിരുന്നു യു.എൻ പ്രതികരിച്ചത്. എതിരാളികളുടെയും മുൻനിര മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകളും സസ്പെൻഡ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യൻ കമ്പനി കൂവിന്റെ അക്കൗണ്ട് മസ്ക് പൂട്ടിച്ചത്. ട്വിറ്റർ പ്രതിസന്ധിയിലായിരുന്ന സമയത്ത് വൻ മുന്നേറ്റം നടത്തിയ മൈക്രോബ്രോഗിങ് വെബ്സൈറ്റാണ് കൂ. ട്വിറ്ററിന്റെ പുതിയ നയങ്ങളിൽ ഉപയോക്താക്കൾ അസ്വസ്തരായി എന്നത് ഉറപ്പ്. അതിന്റെ പ്രതിഫലനമാണ് വോട്ടെടുപ്പിൽ മസ്കിന് നേരിട്ട തിരിച്ചടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...