കൊളംബോ: ശ്രീലങ്കയിലെ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്ഫോടന പരമ്പരകളുടെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന സ്ഥിരീകരിച്ചു.
മുഖ്യസൂത്രധാരനായ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റിന്‍റെ സ്ഥിരീകരണം. കൊളംബോയിലെ ഷാഗ്രി ലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തിലാണ് അയാള്‍ കൊല്ലപ്പെട്ടതെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരമെന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് പറഞ്ഞു.
ശ്രീലങ്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നാഷണല്‍ തൗഹീദ് ജമാ അത്ത് എന്ന തീവ്രവാദ സംഘടനയുടെ പ്രധാന നേതാവാണ് ഇയാള്‍. ശ്രീലങ്കയെ ഞെട്ടിച്ച സ്ഫോടന പരമ്പരയ്ക്ക് ശേഷം ഇസ്ലാമിക് സ്റ്റേറ്റ് പുറത്തു വിട്ട വീഡിയോയില്‍ സഹ്രാന്‍ ഹാഷിമിന്‍റെ ദൃശ്യങ്ങളുണ്ടായിരുന്നു. ഹാഷിം കൊല്ലപ്പെട്ടെന്ന വിവരം മിലിട്ടറി ഇന്‍റലിജന്‍സ് ഡയറക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ശ്രീലങ്കയില്‍ നടന്ന ചാവേര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഏഴ് പേരുടെ ചിത്രങ്ങള്‍ പുറത്തു വിട്ടു. ഇവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ചാവേറുകളായ സഹോദരങ്ങളുടെ പിതാവ് ഉള്‍പ്പെടെ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് യൂസഫ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മക്കളായ ഇല്‍ഹാം അഹമ്മദ്, ഇസ്മത് അഹമ്മദ് എന്നിവര്‍ ചാവേറുകളായി മരിച്ചിരുന്നു. ഇല്‍ഹാമാണ് സിനമണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ സ്ഫോടനം നടത്തിയത്. ഇരുവരും വിദേശരാജ്യങ്ങളില്‍ പഠിച്ച് മികച്ച വിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്.
ആക്രമണത്തിന് പിന്നാലെ പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഇല്‍ഹാമിന്റെ ഭാര്യയും സ്ഫോടക വസ്തുക്കള്‍ക്ക് തീ കൊളുത്തി മരിച്ചിരുന്നു. ഈ വീടും പരിസര പ്രദേശങ്ങളും ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്.
ഇവര്‍ക്ക് നാഷണല്‍ തൗഹീദ് ജമാഅത്ത് ഭീകരസംഘടനയുമായുള്ള ബന്ധത്തെക്കുറിച്ചും ആക്രമണത്തെക്കുറിച്ചും പിതാവിന് മുന്‍കൂട്ടി അറിയാമായിരുന്നോ എന്നുള്ള കാര്യങ്ങളടക്കം അന്വേഷിക്കുന്നുണ്ട്. ഭീകരര്‍ക്ക് പുറത്തു നിന്നുള്ള സഹായം ലഭിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ്സുമായി ബന്ധമുള്ള 140 ഓളം പേര്‍ ശ്രീലങ്കയിലുണ്ടെന്നും ഇവരില്‍ 70 പേര്‍ ഇപ്പോള്‍ അറസ്റ്റിലായിട്ടുണ്ടെന്നും മാധ്യമപ്രവര്‍ത്തകരോട് മൈത്രിപാല സിരിസേന വെളിപ്പെടുത്തി. അവശേഷിച്ചവരെ കൂടി സുരക്ഷാസേനകള്‍ ഉടനെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി
സുരക്ഷാ വീഴ്ച്ച ആരോപിക്കപ്പെട്ട ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നാലെ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാഡോ രാജി വച്ചു. ഹേമാസിരിയോടും പൊലീസ് മേധാവി ജനറല്‍ പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ രാജി.
ഇന്റലിജന്‍സ് മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് നേരത്തെ സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകുന്നതിന്റെ ഭാഗമായാണ് പ്രതിരോധ സെക്രട്ടറിയുടെ രാജി.
ആക്രമണം നടത്തിയേക്കുമെന്ന വിവരം നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നല്‍കിയിട്ടും തടയാന്‍ സാധിക്കാതിരുന്നത് സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.