ഒറ്റ നോട്ടത്തിൽ ദിനോസറല്ലെന്ന് ആരും പറയില്ല. ജുറാസിക്ക് പാർക്ക് സിനിമ കണ്ടവർക്ക് എല്ലാവരെയും പേടിപ്പെടുത്തിയ ആ ദിനോസറുകളെ മറക്കാൻ പറ്റില്ല. അത്തരത്തിലൊരു വീഡിയോ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.പല്ലി വർഗത്തിൽപ്പെട്ട കൊമോഡോ ഡ്രാഗൺ ആയിരുന്നു ദൃശ്യങ്ങളിൽ. ഒരു മാനിനെ ഒറ്റക്ക് തിന്നുന്ന ഡ്രാഗൺ ആയിരുന്നു ദൃശ്യങ്ങളിൽ. അധികം താമസിക്കാതെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ദൃശ്യങ്ങൾ കണ്ട് പേടിച്ചവരും നിരവധി പേരാണ്.
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ, റിൻകാ, ഫ്ലോർസ്, ഗിലി മുതലായ ദ്വീപുകളിൽ കണ്ടുവരുന്നതും ഒരു പ്രത്യേക വംശത്തിൽപ്പെടുന്നവയുമായ പല്ലികളാണ് കൊമോഡോ ഡ്രാഗണുകൾ. ഉരഗങ്ങളായ വരനിഡേയ് (Varanidae) കുടുംബത്തിൽ പെടുന്ന ഇവയാണ് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പല്ലികൾ. ഇവക്ക് 2 മുതൽ 3 മീ വരെ നീളവും വെക്കുന്നതും 70 കി.ഗ്രാം വരെ ഭാരവും വരാറുണ്ട്.
കാടുകളിൽ വസിക്കുന്ന പൂർണ്ണവളർച്ചയെത്തിയ കൊമോഡോ ഡ്രാഗണുകൾക്ക് 70 കിലോഗ്രാം വരെ ഭാരമുണ്ടാകും. എന്നാൽ മൃഗശാലകളിൽ വളർത്തുന്നവക്ക് അതിനേക്കാൾ ഭാരം ഉണ്ടാകാറുണ്ട്. അക്കൂട്ടത്തിൽ അറിയപ്പെടുന്ന ഏറ്റവും വലുത്, 166 കിലോഗ്രാം ഭാരമുള്ളതും(ദഹിക്കാത്ത ഭക്ഷണമടക്കം) 3.13 മീറ്റർ നീളമുള്ളതുമായ ഒന്നാണ്.
കൊമോഡോ ഡ്രാഗണുകൾ വരണ്ട ചൂടുള്ള പ്രദേശം ഇഷ്ടപ്പെടുന്നതുകൊണ്ട് പൊതുവേ തുറസായ വരണ്ട പുൽമേടുകളോ സവേനകളോ താഴ്ന്ന സ്ഥലങ്ങളിലെ മധ്യരേഖാ വനങ്ങളോ ആവാസത്തിനായി തിരഞ്ഞെടുക്കുന്നു. ശീതരക്തജീവികൾ ആയതിനാൽ ഇവ പകലാണ് കൂടുതൽ സജീവമാകുന്നത്.
കൊമോഡോ ഡ്രാഗണുകൾ മാംസഭുക്കുകളാണ്. പ്രധാനമായും ചീഞ്ഞമാംസമാണവ ഭക്ഷിക്കുക എങ്കിലും ഒളിഞ്ഞിരുന്നാക്രമിച്ച് ഇരപിടിക്കാറുമുണ്ട് . അവ പതുങ്ങിയിരിക്കുന്ന സ്ഥലത്തിനു സമീപം പ്രാപ്യരായ ഇരകൾ വരുമ്പോൾ കൊമോഡോ ഡ്രാഗണുകൾ വളരെ പെട്ടെന്ന് പാഞ്ഞടുത്ത് ഇരയുടെ കഴുത്തിൽ കടിച്ച് കീഴ്പ്പെടുത്തുകയാണു ചെയ്യുക. ചത്തതോ ചത്തുകൊണ്ടിരിക്കുന്നതോ ആയ ജീവികളെ 9.5 കി.മീ. അകലെ നിന്നു തന്നെ ശക്തമായ ഘ്രാണശക്തി ഉപയോഗിച്ച് തിരിച്ചറിയാനിവയ്ക്കു കഴിവുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...