കാന്‍ബറ: മൗറീഷ്യസില്‍ നിന്നു കാണാതായ മലേഷ്യന്‍ എംഎച്ച് 370 വിമാനത്തിന്‍റെതെന്ന് സംശയിക്കുന്ന രണ്ടു ഭാഗങ്ങള്‍ കൂടി ലഭിച്ചു. 80 സെന്റീമീറ്ററും 40 സെന്റീമീറ്ററും വലിപ്പമുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. വിമാനത്തിന്‍റെ ചട്ടകൂടിന്റേതാകുമിതെന്നാണ് കരുതുന്നത്.
രണ്ടാഴ്ച്ച മുമ്പ് ഫ്രഞ്ച് വിനോദ സഞ്ചാരിയാണ് കിഴക്കന്‍ തീരത്ത് നിന്ന് രണ്ടു ഭാഗങ്ങളില്‍ നിന്ന്‍ ഒന്ന് കണ്ടെത്തിയത്. ഗൂസ് ഐലന്റ് എന്നറിയപ്പെടുന്ന ഒരു മേഖലയില്‍ നിന്നായിരുന്നു ഒരു ഭാഗം ലഭിച്ചത്. ഇത് കോസ്റ്റ് ഗാര്‍ഡിന് കൈമാറി.
ഗ്രിസ്-ഗ്രിസ് ബീച്ചിലെ വേലിയേറ്റ പൂളില്‍ നിന്നാണ് ചിറകിന്‍റെ ഭാഗത്തോട് സാമ്യമുള്ള രണ്ടാമത്തെ ഭാഗം ലഭിച്ചത്. മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് ഇപ്പോള്‍ കിട്ടിയ ഭാഗങ്ങളുടെ ചിത്രങ്ങള്‍ മൗറീഷ്യസ് അയച്ചു നല്‍കിയിട്ടുണ്ട്.
2014 മാര്‍ച്ച് 8ന് കോലാലംമ്പൂരില്‍ നിന്ന് ബെയ്ജിംഗിലേക്ക് പറക്കുന്നതിനിടയിലാണ് രാത്രി1:30യ്ക്ക് ശേഷം 239 യാത്രികരുമായി മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം എംഎച്ച് 370 കാണാതായത്. വിമാനത്തിന് എന്ത് സംഭവിച്ചെന്ന് ഇതുവരെ ഒരു എത്തും പിടിയും ലഭിച്ചിട്ടില്ല. വിമാനം തകര്‍ന്ന് വീണതാവാമെന്നാണ് നിഗമനം.