അതി തീവ്രമായി വ്യാപിക്കുന കൊറോണ വൈറസ് ലോകമാസകലം പരിഭ്രാന്തി പരത്തുമ്പോള്‍ ഒരു മനുഷ്യന്‍ മാത്രം ചിരിയ്ക്കുകയാണ്....
കൈലാസ എന്ന പുതിയ രാജ്യം സൃഷ്ടിച്ച് താന്‍ തന്നെത്തന്നെ ഒറ്റപ്പെടുത്തിയപ്പോൾ ചിലര്‍ പരിഹസിച്ചിരുന്നു... ഇപ്പോൾ ലോകം മുഴുവൻ സംസാരിക്കുന്നത് സാമൂഹിക അകല൦ പാലിക്കണമെന്നാണ്, നിത്യാനന്ദ പറഞ്ഞു.
"കൈലാസ എന്ന പുതിയ രാജ്യം സൃഷ്ടിച്ച് ഞാൻ എന്നെ ഒറ്റപ്പെടുത്തിയപ്പോൾ ചില ഇന്ത്യാക്കാര്‍ എന്നെ പരിഹസിച്ചിരുന്നു. എന്നാല്‍, ഇപ്പോൾ ലോകം മുഴുവൻ സംസാരിക്കുന്നത് സാമൂഹിക അകലത്തെക്കുറിച്ചാണ്. പരമശിവം ഞങ്ങളെ രക്ഷിച്ചു. ദൈവത്തിന്‍റെ ശക്തി", ”അദ്ദേഹം പറഞ്ഞു.
അന്ന് തന്നെ കളിയാക്കിയവര്‍ ഇപ്പോള്‍ കോവിഡ് 19ല്‍ നിന്ന് രക്ഷപ്പെടാന്‍ സ്വയം തടവിലാണെന്ന് ബലാത്സംഗക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നിത്യാനന്ദ വിദേശത്ത് ഒളിവിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇയാളെ പിടികൂടാന്‍ ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കിയിരുന്നു.
എന്നാല്‍, കഴിഞ്ഞ ഡിസംബറിലാണ് ഇക്വഡോറില്‍ ദ്വീപ് വാങ്ങി "കൈലാസ"യെന്ന പേരില്‍ സ്വന്തം രാജ്യം സൃഷ്ടിച്ചതായി നിത്യാനന്ദ അവകാശപ്പെട്ടത്. സ്വന്തമായി പതാക, പാസ്‌പോര്‍ട്ട് എന്നിവയുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലും മറ്റും ദുരിതം അനുഭവിക്കുന്ന ഹിന്ദുക്കള്‍ക്ക് തന്‍റെ രാജ്യത്തേക്ക് വരാമെന്നും നിത്യാനന്ദ പറഞ്ഞിരുന്നു.
അതേസമയം, ഇന്‍റര്‍പോള്‍ തിരയുമ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ ഇയാള്‍ പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നാല്‍ നിത്യാനന്ദയ്ക്ക് ദ്വീപ് നല്‍കിയിട്ടില്ലെന്നും വിവാദങ്ങളിലേക്ക് രാജ്യത്തെ വലിച്ചിഴക്കരുത് എന്നും ഇക്വഡോര്‍ ആവശ്യപ്പെട്ടിരുന്നു.