PV Anvar: ആത്മാഭിമാനം ഇത്തിരി കൂടുതലാണ്! രണ്ടും കല്‍പിച്ച് പിവി അന്‍വര്‍, 'തീ' ആകാന്‍ വൈകീട്ട് പത്രസമ്മേളനം

PV Anvar FB Post: പിവി അൻവറിന്റെ പരസ്യ പ്രതികരണങ്ങളിൽ മുഖ്യമന്ത്രി നേരത്തേ തന്നെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മും പരസ്യ പ്രതികരണം വിലക്കിയിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 26, 2024, 12:02 PM IST
  • സിപിഎമ്മിനേയും സർക്കാരിനേയും ഞെട്ടിച്ചുകൊണ്ടാണ് അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
  • കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന നിലമ്പൂർ ഇടതുപക്ഷത്തിന് വേണ്ടി തിരിച്ചുപിടിച്ച ആളാണ് അൻവർ
  • തുടർച്ചയായി രണ്ട് തവണ നിലമ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു
PV Anvar: ആത്മാഭിമാനം ഇത്തിരി കൂടുതലാണ്! രണ്ടും കല്‍പിച്ച് പിവി അന്‍വര്‍, 'തീ' ആകാന്‍ വൈകീട്ട് പത്രസമ്മേളനം

നിലമ്പൂര്‍: സിപിഎമ്മിന്റെ നിയന്ത്രണരേഖ മറികടന്ന് പുറത്ത് വരാന്‍ ഒരുങ്ങുന്ന എന്ന സൂചന നല്‍കി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പരസ്യ പ്രതികരണങ്ങളില്‍ നിന്ന് അന്‍വര്‍ വിട്ടുനില്‍ക്കണം എന്ന് സിപിഎം പത്രക്കുറിപ്പിറക്കുകയും മുഖ്യമന്ത്രി പരസ്യമായി നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിന് ശേഷം നിശബ്ദത പാലിച്ച അന്‍വര്‍ ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതയ്ക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണ് ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. 'നീതിയില്ലെങ്കില്‍, നീ തീയാവുക' എന്നണല്ലോ. ഇന്ന് വൈകിട്ട് നലരയ്ക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്- ഇങ്ങനെയാണ് പിവി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്‌ക്കെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും പൂര്‍ണമായും തള്ളിക്കളഞ്ഞിരുന്നു. ഏറ്റവും ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും പിവി അന്‍വറിനെ തള്ളി പരസ്യമായി രംഗത്തെത്തി. ഇതിനൊടുവിലാണ് ഇപ്പോള്‍ ഫേസ്ബുക്കിലൂടെയുള്ള അന്‍വറിന്റെ പ്രതികരണം.

മലപ്പുറം എസ്പിയ്‌ക്കെതിരെ പൊതുവേദിയില്‍ ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു പിവി അന്‍വര്‍ ഇപ്പോഴത്തെ പോരാട്ടത്തിന് തുടക്കമിട്ടത്. അത് പിന്നീട് മുന്‍ മലപ്പുറം എസ്പി സുജിത് ദാസിലേക്കും എഡിജിപി അജിത് കുമാറിലേക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും വരെ എത്തി. സുജിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. എഡിജിപിയ്‌ക്കെതിരെ അന്വേഷണവും ആരംഭിച്ചു. എന്നിരുന്നാലും ആരോപണശരങ്ങളുമായി അന്‍വര്‍ തുടര്‍ച്ചയായി രംഗത്ത് വന്നുകൊണ്ടേയിരുന്നു.

തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ എഡിജിപിയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചതും പിവി അന്‍വര്‍ തന്നെ ആയിരുന്നു. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരവും പുറത്ത് കൊണ്ടുവന്നത് അന്‍വര്‍ തന്നെ. ആദ്യം ഇക്കാര്യം മുഖ്യമന്ത്രി പരിഹസിച്ച് തള്ളിയെങ്കിലും, ഒടുവില്‍ അന്വേഷണ പരിധിയില്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഉള്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായി. 

പാര്‍ട്ടി ശാസനയെ തുടര്‍ന്ന് നിശബ്ദത പാലിച്ച അന്‍വര്‍ ഇപ്പോള്‍ ഇങ്ങനെയൊരു പ്രതികരണവുമായി രംഗത്ത് വരാനുള്ള കാരണം വ്യക്തമല്ല. പി ശശിയ്ക്ക് പാര്‍ട്ടി ക്ലീന്‍ ചിറ്റ് നല്‍കിയതാകാം കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. സിപിഎം പാര്‍ട്ടി അംഗമല്ലെങ്കിലും പാര്‍ലമെന്ററി പാര്‍ട്ടി അംഗമാണ് അന്‍വര്‍. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News