ജനീവ: വിവിധ രാജ്യങ്ങളിലായി മങ്കിപോക്സ് കേസുകളുടെ എണ്ണം 1,000 കടന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി. ആഫ്രിക്കൻ രാജ്യങ്ങൾക്ക് പുറത്ത് മങ്കിപോക്സ് കേസുകൾ വ്യാപിക്കാൻ തുടങ്ങിയതിന് ശേഷം ഇതുവരെ ആയിരത്തിലധികം കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ജനീവയിൽ വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വ്യാപനം തടയുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ വിവിധ രാജ്യങ്ങളോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയ്ക്ക് പുറത്ത് 29 രാജ്യങ്ങളിളായി ആയിരത്തിലധികം കേസുകളാണ് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരിക്കുന്നത്. നിരവധി കേസുകൾ നിരീക്ഷണത്തിലാണ്. യൂറോപ്പിലാണ് ഭൂരിഭാഗം കേസുകളും സ്ഥിരീകരിച്ചതും നിരീക്ഷണത്തിലുള്ളതും. എന്നാൽ, മങ്കിപോക്സ് ബാധിച്ച് ഈ രാജ്യങ്ങളിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വവർഗ ബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാരിലാണ് മങ്കിപോക്സ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. സ്ത്രീകളിലും മങ്കിപോക്സ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങളിൽ ഇപ്പോൾ പ്രകടമായ കമ്മ്യൂണിറ്റി ട്രാൻസ്മിഷൻ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Over 1,000 #monkeypox cases have been reported from 29 countries where the disease is not endemic, with no deaths reported so far in these countries. @WHO urges affected countries to identify all cases and contacts to control the outbreak and prevent onward spread. pic.twitter.com/5V9kJaM2FA
— Tedros Adhanom Ghebreyesus (@DrTedros) June 8, 2022
മങ്കിപോക്സ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും ഐസൊലേഷനിൽ പ്രവേശിപ്പിക്കണമെന്ന് ഗെബ്രിയേസസ് പറഞ്ഞു. മങ്കിപോക്സ് മുൻപ് റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ ഇപ്പോൾ വ്യാപിക്കുന്നുവെന്നത് വ്യക്തമാണെന്നും ഗെബ്രിയേസസ് പറഞ്ഞു. ആഫ്രിക്കയിൽ പതിറ്റാണ്ടുകളായി മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും വൈറസ് ബാധിച്ച് മരണം റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇപ്പോൾ മങ്കിപോക്സ് വ്യാപിക്കാൻ തുടങ്ങിയതിനാൽ അന്താരാഷ്ട്ര സമൂഹം ഇപ്പോൾ ഈ വൈറസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ആരംഭിച്ചത് നാം ജീവിക്കുന്ന ലോകത്തിന്റെ നിർഭാഗ്യകരമായ പ്രതിഫലനമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ, മങ്കിപോക്സിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വാക്സിനുകൾ വസൂരി ചികിത്സയ്ക്കായി നിർമിച്ചവയാണ്. 1980-ൽ ഉന്മൂലനം ചെയ്ത വൈറസാണ് വസൂരി. എന്നാൽ വസൂരിക്കെതിരായ വാക്സിൻ മങ്കിപോക്സിനെതിരെയും പ്രവർത്തിക്കുന്നുവെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.
എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോഗബാധിതനായ വ്യക്തി ഉപയോഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.
മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...