ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഏതാനും ദിവസം റോമിലെ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നും വത്തിക്കാൻ അറിയിച്ചു. 86-കാരനായ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് കഴിഞ്ഞ ദിവസങ്ങളിൽ ശ്വാസതടസ്സം ഉണ്ടായിരുന്നു. അദ്ദേഹത്തിന് കോവിഡ് ഇല്ലെന്നും മാർപ്പാപ്പയുടെ വക്താവ് മാറ്റിയോ ബ്രൂണി മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ബുധനാഴ്ചയാണ് മാര്‍പ്പാപ്പയെ ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സെക്യൂരിറ്റി ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥർ രാത്രി ജെമെല്ലി ആശുപത്രിയിൽ തങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഈസ്റ്ററിന് മുന്നോടിയായി നിരവധി പരിപാടികൾ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഈ വർഷത്തെ ഏറ്റവും തിരക്കേറിയ സമയമാണിത്. ഓശാന ഞായറാഴ്ച കുർബാനയും വിശുദ്ധവാരവും ഈസ്റ്റർ ആഘോഷങ്ങളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ഏപ്രിൽ അവസാനം അദ്ദേഹം ഹംഗറി സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പൊതുജനങ്ങളെ സന്ദർശിക്കുന്ന വേളയിൽ അദ്ദേഹം ആരോഗ്യവാനായാണ് കാണപ്പെട്ടത്. കാൽമുട്ടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ മാസങ്ങളിൽ മാർപാപ്പ വീൽചെയർ ഉപയോഗിച്ചാണ് സഞ്ചരിച്ചിരുന്നത്. 2021-ൽ വൻകുടലിലെ പ്രശ്‌നത്തെ ചികിത്സിക്കുന്നതിനായി അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. ജനുവരിയിൽ, ആരോഗ്യാവസ്ഥ മെച്ചപ്പെട്ടു.
അസുഖങ്ങൾക്കിടയിലും മാർപാപ്പ സജീവമായി തുടരുകയും വിദേശയാത്രകൾ നടത്തുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ അദ്ദേഹം ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയും ദക്ഷിണ സുഡാനും സന്ദർശിച്ചു. ജനുവരിയിൽ, തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സ്വമേധയാ സ്ഥാനമൊഴിഞ്ഞ ആദ്യത്തെ മാർപ്പാപ്പയായിരുന്നു ബെനഡിക്ട് പതിനാറാമൻ. അനാരോഗ്യം മൂലമാണ് സ്ഥാനമൊഴിയുന്നതെന്ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വ്യക്തമാക്കിയിരുന്നു. ആരോഗ്യനില വഷളാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പാത പിന്തുടരാൻ താനും ആഗ്രഹിച്ചേക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ നേരത്തെ സൂചിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...