ഇന്ത്യന്‍ പൈലറ്റിനെ വിട്ടയയ്ക്കണമെന്ന് പാക് എഴുത്തുകാരി

പട്ടാള ഏകാധിപത്യത്തിന്‍റെയും തീവ്രവാദത്തിന്‍റെയും നീണ്ട ചരിത്രം പറയാനുള്ള പാക്കിസ്ഥാനിലെ ജനത ഇനി ഒരു യുദ്ധത്തിനായി ആഗ്രഹിക്കുന്നില്ല

Last Updated : Feb 28, 2019, 01:27 PM IST
ഇന്ത്യന്‍ പൈലറ്റിനെ വിട്ടയയ്ക്കണമെന്ന് പാക് എഴുത്തുകാരി

വാഷി൦ഗ്ടണ്‍: ഇ​ന്ത്യ-​പാ​ക്​ വ്യോ​മാ​ക്ര​മ​ണ​ത്തി​നി​ടെ പാ​ക്​​സേ​ന​യു​ടെ പി​ടി​യി​ലാ​യ വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് പാക് എഴുത്തുക്കാരി. 

പാക് മുന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. താനടക്കമുള്ള പാക്കിസ്ഥാന്‍ ജനതയുടെ ആവശ്യമാണിതെന്നും സമാധാനത്തോടും മനുഷ്യത്വത്തോടുമുള്ള പ്രതിബദ്ധതയാണെന്നും അവര്‍ വ്യക്തമാക്കി. 

ഒരു ജീവതകാലം മുഴുവനും യുദ്ധത്തിന് വേണ്ടി ചെലവഴിച്ചവരാണ് ഞങ്ങള്‍. ഇനിയും പാക്കിസ്ഥാന്‍ പട്ടാളക്കാര്‍ മരിച്ചുവീഴുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ പട്ടാളക്കാരും മരിക്കരുത്. ഞങ്ങള്‍ക്ക് അനാഥരുടെ ഒരു ഉപഭൂഖണ്ഡമാകാന്‍ കഴിയില്ല- ഫാത്തിമ ഭൂട്ടോ പറഞ്ഞു. 

പട്ടാള ഏകാധിപത്യത്തിന്‍റെയും തീവ്രവാദത്തിന്‍റെയും നീണ്ട ചരിത്രം പറയാനുള്ള പാക്കിസ്ഥാനിലെ ജനത ഇനി ഒരു യുദ്ധത്തിനായി ആഗ്രഹിക്കുന്നില്ലെന്നും ഫാത്തിമ ഭൂട്ടോ വ്യക്തമാക്കി.

അതിര്‍ത്തി ലംഘിച്ചെത്തിയ പാക് വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം തകര്‍ന്ന് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്‍റെ പിടിയിലായത്.

വി൦ഗ് കമാന്‍ഡര്‍  അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. അഭിനന്ദന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അഭിനന്ദനെ മുന്‍നിര്‍ത്തി പാക്കിസ്ഥാന്‍ വിലപേശലിന് നീങ്ങുകയാണെന്ന സൂചനകളും പുറത്ത് വരുന്നു. 

Trending News