വാഷിങ്ടൺ: സ്വതന്ത്ര രാജ്യങ്ങളായി റഷ്യ പ്രഖ്യാപിച്ച യുക്രൈന്റെ കിഴക്കൻ പ്രദേശങ്ങളിൽ ഉപരോധം ഏർപ്പെടുത്തി യുഎസ്. ഡൊണെറ്റ്സ്കിനേയും ലുഹാൻസ്കിനേയുമാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, ഈ രണ്ട് പ്രദേശങ്ങളുമായുള്ള വ്യാപാരവും പുതിയ നിക്ഷേപങ്ങളും നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു.
ഡൊണെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക് ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്ക് എന്നിവിടങ്ങളിൽ നിന്ന് യുഎസ് പൗരന്മാരുടെ നിക്ഷേപങ്ങളും വ്യാപാരങ്ങളും പിൻവലിക്കുമെന്ന് യുഎസ് വ്യക്തമാക്കി. അടുത്ത നടപടികളെക്കുറിച്ച് യുക്രൈൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായി ചർച്ച നടത്തുമെന്നും ജോ ബൈഡൻ വ്യക്തമാക്കി.
യുക്രൈന്റെ ദേശീയ സുരക്ഷയ്ക്കും വിദേശനയത്തിനും റഷ്യ അസാധാരണമായ ഭീഷണിയുണ്ടാക്കുന്നുവെന്ന് നിരോധന ഉത്തരവിൽ ഒപ്പുവച്ച് ബൈഡൻ പറഞ്ഞു. യുക്രൈൻ പ്രതിസന്ധിയിൽ യുഎൻ രക്ഷാസമിതി അടിയന്തരമായി യോഗം ചേരണമെന്നും അമേരിക്കയും സഖ്യകക്ഷികളും ആവശ്യപ്പെട്ടതായി എഎൻഐ റിപ്പോർട്ട് ചെയ്തു. യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ചേരണമെന്ന യുക്രൈനിന്റെ ആവശ്യത്തെ യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പിന്തുണച്ചു. യുക്രൈന്റെ പരമാധികാരത്തിലുള്ള പ്രദേശം അധിനിവേശത്തിലാക്കാനുള്ള റഷ്യയുടെ ശ്രമത്തിനെതിരെ എല്ലാ അംഗരാജ്യങ്ങളും യുക്രൈനൊപ്പം നിൽക്കണമെന്ന് ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
ഡൊണെറ്റ്സ്കിനേയും ലുഹാൻസ്കിനേയും സ്വതന്ത്ര രാജ്യങ്ങളായി അംഗീകരിക്കാനുള്ള റഷ്യയുടെ തീരുമാനത്തെ യുഎസ് അപലപിച്ചു. റഷ്യക്കാരെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്യവേയാണ് യുക്രൈന്റെ കിഴക്കൻ പ്രദേശങ്ങളായ ഡൊണെറ്റ്സ്കിനേയും ലുഹാൻസ്കിനേയും സ്വതന്ത്ര രാജ്യങ്ങളായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചത്. ഉടൻ ഈ പ്രദേശങ്ങളിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് അറിയിച്ചു. യുക്രൈനിൽ കൂടുതൽ അധിനിവേശം സ്ഥാപിക്കുന്നതിനാണ് റഷ്യയുടെ ഈ നടപടിയെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.
2014 മുതൽ റഷ്യൻ പിന്തുണയോടെ യുക്രൈൻ സൈന്യവുമായി ഏറ്റുമുട്ടുന്ന വിമത വിഭാഗമാണ് ഡൊണെറ്റ്സ്കും ലുഹാൻസ്കും. റഷ്യൻ സൈന്യത്തിന് യുക്രൈന്റെ കിഴക്കൻ മേഖലയിലൂടെ എളുപ്പത്തിൽ പ്രവേശിക്കാൻ പുടിന്റെ നടപടിയിലൂടെ സാധിക്കുമെന്നാണ് യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ ആശങ്കപ്പെടുന്നത്. ഈ ആശങ്ക ശരിവയ്ക്കുന്ന വിധത്തിൽ ഡൊണെറ്റ്സ്കിലേക്കും ലുഹാൻസ്കിലേക്കും റഷ്യ സൈന്യത്തെ അയച്ചു. റഷ്യ, യുക്രൈന്റെ കിഴക്കൻ പ്രദേശത്ത് വിന്യസിക്കുന്ന സൈന്യത്തെ സംബന്ധിച്ച് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. എന്നാൽ ഡൊണെറ്റ്സ്കിലും ലുഹാൻസ്കിലും സൈനിക താവളങ്ങൾ നിർമ്മിക്കാൻ റഷ്യയ്ക്ക് ഇപ്പോൾ അധികാരമുണ്ടെന്ന് റഷ്യ അവകാശപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...