London: യുകെയിൽ ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടർന്ന് പിടിക്കുകയാണ്. വെള്ളിയാഴ്ച പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു . കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 122,186 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
വ്യാഴാഴ്ചയേക്കാൾ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 2000 പേരുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് യുകെ. യുകെയിൽ ഇതുവരെ ആകെ 147,857 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
കഴിഞ്ഞ 7 ദിവസത്തിനിടയിൽ യുകെ യിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 48 ശതമാനമാണ് വർധിച്ചിരിക്കുന്നത്. എന്നാൽ മരണ നിരക്കും, ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും അധികം വർധിച്ചിട്ടില്ലെന്നുള്ളതാണ് ആശ്വാസകരമായ കാര്യം.
അതേസമയം ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ ഫ്രാൻസിലും (France) അതിവേഗത്തിൽ പടരുകയാണ്. ഡിസംബർ അവസാനത്തോടെ ഫ്രാൻസിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒമിക്രോൺ കോവിഡ് വകഭേദം അതിവേഗത്തിൽ പടരുകയാണെന്ന് ആരോഗ്യ മന്ത്രി ഒലിവിയർ വെരാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മാത്രമല്ല 5 മുതൽ 11 വയസ് വരെ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിക്കുകയും ചെയ്തു. ആദ്യമായി ആണ് 5 മുതൽ 11 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഫ്രാൻസിൽ വാക്‌സിൻ നല്കാൻ ആരംഭിച്ചത്. കഴിഞ്ഞ 7 ദിവസങ്ങളായി ഒരു ദിവസം ശരാശരി 54,000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...