റഷ്യയുടെ ആക്രമണങ്ങളിൽ കത്തിയെരിയുകയാണ് യുക്രൈയിൻ. യുക്രെയിനിലെ പല പ്രമുഖ നഗരങ്ങളെയും ലക്ഷ്യം വയ്ക്കുകയാണ് റഷ്യ. റഷ്യൻ ആക്രമണത്തെ തുടർന്ന് ഇപ്പോൾ വാർത്തകളിൽ നിറയുന്ന നഗരമാണ് യുക്രൈയിനിലെ ഒഡേസ . യുക്രൈയിനിലെ ഏറ്റവുമധികം ജനസംഖ്യയുള്ള പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ തുറമുഖ നഗരമാണിത്. എന്നാൽ ലോകമറിയുന്ന ഒരു ചരിത്രം കൂടി പറയാനുണ്ട് ഒഡേസയ്ക്ക്. ലോക സിനിമയിലും സിനിമാ പ്രേമികൾക്കിടയിലും മഹത്തായ ഒരു ചലചിത്രത്തിലൂടെ ഇടം നേടിയതാണ് ഈ സ്ഥലത്തിന്‍റെ ചരിത്രം.
ലോക സഞ്ചാരികളെ ഒഡേസയിലേക്ക് ഇത്രയധികം ആകർഷിക്കാൻ കാരണം ഒരു സിനിമയാണ്. ലോകത്തിന് മുന്നിൽ സിനിമയിലെ എഡിറ്റിംഗ് എന്ന മായാജാലത്തെ പരിചയപ്പെടുത്തിയത് ഈ നഗരമാണ്. എഡിറ്റിംഗ് എന്ന സാങ്കേതിക വിദ്യയിലെ അത്ഭുതത്ത പരിചയപ്പെടുത്തിയ മൊണ്ടാഷ് എന്ന സിദ്ധാന്തം വിഭാവന ചെയ്ത ചലച്ചിത്ര പ്രതിഭ സെർജീ ഐസെൻസ്റ്റൈന്‍റെ വിശ്വസിനിമയിലെ ക്‌ളാസിക്കിലൂടെയാണ് ഒഡേസ ലോകപ്രസിദ്ധമാവുന്നത്. 1925ൽ സെർജീ ഐസെൻസ്റ്റൈൻ സംവിധാനം ചെയ്ത ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്ന ചിത്രത്തലൂടെയാണ് ഒഡേസയുടെ ചരിത്രം തുടങ്ങുന്നത്.
സാർ ചക്രവർത്തിമാരുടെ ഭരണകാലത്തിലെ ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഈ നിശ്ശബ്ദ ചലചിത്രം ഒരുക്കിയത്. 1925-ല്‍ നിർമ്മിച്ച ഈ ചിത്രത്തിലെ പ്രധാന രംഗം ഒഡേസാപടവുകളിലെ കൂട്ടക്കൊലയും ചെറുത്തുനില്‍പ്പുമായിരുന്നു. 1905-ലെ റഷ്യന്‍ വിപ്ലവ കാലത്ത് പോട്ടെംകിന്‍ യുദ്ധക്കപ്പലിലെ നാവികര്‍ ഭരണകൂടത്തിനെതിരേ നടത്തിയ ചെറുത്തുനില്‍പ്പ്... അതിന് ഒഡേസ നിവാസികള്‍ നല്‍കിയ പിന്തുണ.. ഇതിനെ അമര്‍ച്ചചെയ്യാന്‍ സാറിസ്റ്റ് പട്ടാളം നടത്തിയ കൂട്ടക്കുരുതിയുമാണ് ചലച്ചിത്രത്തിലെ ഇതിവൃത്തം. ചിത്രത്തിലെ ഒഡേസാ പടവുകളിലെ കലാപദൃശ്യങ്ങളായിരുന്നു ഏറ്റവും വലിയ ആകർഷണമായി മാറിയത്. ഒഡേസ തെരുവില്‍ നടന്ന ഏറ്റുമുട്ടലിനെ ഒഡേസ പടവുകളിലായി മാറ്റിയാണ് സിനിമയില്‍ ചിത്രീകരിച്ചിരുന്നത്.
യഥാർത്ഥത്തിൽ ഇല്ലായിരുന്ന ഒരു സ്ഥലമായിരുന്നു ഒഡേസയിലെ തുറമുഖ പടവുകൾ. ചിത്രത്തിനു വേണ്ടി ഉണ്ടാക്കിയ സെറ്റായിരുന്നു അത്. എന്നാൽ ചിത്രം നേടിയ ഇതിഹാസ വിജയത്തെത്തുടർന്ന് ചലച്ചിത്രപ്രേമികളുടെ ഇഷ്ട്ടയിടമായി മാറിയ ഒഡേസ നഗരത്തിലെ തുറമുഖത്ത് പിന്നീട് നഗരസഭ സിനിമയിലേതിനു സമാനമായ പടവുകൾ കെട്ടിയുണ്ടാക്കുകയായിരുന്നു.
ALSO READ : Ukraine Crisis : നെറ്റ്ഫ്ലിക്സും ടിക്ടോക്കും റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു
അതുവരെയുണ്ടായിരുന്ന ലോക സിനിമയുടെ സമവാക്യങ്ങൾ തന്നെ മാറ്റിക്കുറിക്കുകയും പരസ്പരം ബന്ധമില്ലാത്തതും ഉള്ളതുമായ ദൃശ്യങ്ങളുടെ അതി സമീപമായതും സമീപ വിദൂര അതിവിദൂര ദൃശ്യങ്ങൾ ഇടകലർത്തി കോർത്തിണക്കി സിനിമയിലൂടെ ആകാംക്ഷയുടെ മറ്റൊരു ആസ്വാദനതലം പ്രേക്ഷകരിൽ എത്തിക്കാമെന്നാണ് ഈ രംഗങ്ങളിലൂടെ ഐസെൻസ്റ്റൈൻ തെളിയിച്ചത്. പിൽക്കാലത്ത് സിനിമകളിൽ സർവ സാധാരണമായി കാണാൻ സാധിക്കുന്ന ചിത്രസന്നിവേശ സങ്കേതം അഥവാ എഡിറ്റിംഗ് സാങ്കേതിക വിദ്യയാണിത്. അതായത് കടലാസു ചിത്രത്തുണ്ടുൾ കൊണ്ട് കൊളാഷ് ഉണ്ടാക്കുന്നതുപോലെ ചലച്ചിത്ര ദൃശ്യത്തുണ്ടുകൾ കോർത്തിണക്കുന്നതിനെ മൊണ്ടാഷ് അഥവാ മൂവിങ് കൊളഷ് എന്നാണ് ഐസെൻസ്‌റ്റൈൻ വിശേഷിപ്പിച്ചത്. ഇതാണ് ആധുനിക ചലച്ചിത്ര സന്നിവേശ രീതിയുടെ ആദിരൂപമായി കണക്കാക്കപ്പെടുന്നത്.
192 എണ്ണമുള്ള ഒഡേസാ പടവുകള്‍ പോട്ടെംകിന്‍ പടവുകളെന്നപേരില്‍ പിന്നീട് ലോകത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറുകയായിരുന്നു. യൂക്രെയ്ന് നല്ല വരുമാനം നേടിക്കൊടുക്കുന്ന ഒഡേസയും റഷ്യയുടെ ആക്രമണപട്ടികയിലുളള നിർണായക കേന്ദ്രമാണ്. ഒരു കോടിയോളം ആളുകൾ താമസിക്കുന്ന ഈ നഗരം ഒഡേസ പ്രവിശ്യയുടെ തലസ്ഥാനമാണ്. കരിങ്കടലിന്റെ രത്നം എന്നറിയപ്പെടുന്ന നഗരമാണ് ഒഡേസ. യുക്രെയ്നിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരം. പ്രാചീന കാലത്ത് ഗ്രീക്ക് സമൂഹം നിലനിന്നിരുന്ന ഈ നഗരം പിന്നീട് ക്രൈമിയൻ ഖാനേറ്റ്, ലിത്വാനിയൻ ഡൂച്ചി, ഒട്ടോമൻ തുടങ്ങിയ നിരവധി സാമ്രാജ്യങ്ങളുടെ കൈവശമാവുകയും ചെയ്തിരുന്നു. 1794ൽ കാതറീൻ ചക്രവർത്തിനി ഈ നഗരം പരിഷ്കരിച്ചിരുന്നു. ഖാസിബെയ് എന്നറിയപ്പെട്ടിരുന്ന നഗരത്തിന് ഒഡേസയെന്ന് പുനർനാമകരണം ചെയ്തതും കാതറീനായിരുന്നു. യുക്രെയ്ന്റെ ഗതാഗത, ചരക്കുനീക്ക മേഖലകളുടെ പ്രധാന ഹബ് ആയതിനാൽ രാജ്യത്തിന്റെ സാമ്പത്തിക മേഖലയുമായി ഒഡേസയ്ക്ക് നിർണായക ബന്ധമാണുള്ളത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.