യുക്രൈനിലേക്ക് വോളണ്ടിയറായി പോകാൻ തയാറുണ്ടോ? റഷ്യൻ ആക്രമണത്തിൽ ദുരിതം നേരിടുന്ന യുക്രൈൻ ജനതയെ സഹായിക്കാൻ വോളണ്ടിയർമാരെ തേടുകയാണ് സ്വകാര്യ മിലിറ്ററി കോൺട്രാക്ടിങ് കമ്പനികൾ. വോളണ്ടിയർമാരായി പോകുന്നവർക്ക് ഒരു ദിവസം ലഭിക്കുക 1,000 മുതൽ 2,000 യുഎസ് ഡോളർ ആണ്. ഇതു കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന് സ്വാകാര്യ കമ്പനികൾ നൽകിയ പരസ്യങ്ങളിൽ വ്യക്തമാക്കുന്നു.
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് പുതിയ ജോലിക്ക് പരസ്യം നൽകിയിരിക്കുന്നത്. പുരുഷൻമാർക്കും സ്ത്രീകൾക്കും ഒരേ പോലെ ജോലിക്ക് അപേക്ഷിക്കാം. സൈന്യത്തിൽ മുൻപ് പ്രവർത്തിച്ചവർക്കാണ് ജോലിക്ക് അപേക്ഷിക്കാൻ സാധിക്കുക.
പരസ്യത്തിന്റെ പൊരുൾ എന്ത്?
റഷ്യയുടെ യുക്രൈൻ അധിവേശം ആരംഭിച്ചപ്പോൾ മുതൽ തന്നെ ജനാധിപത്യ വിശ്വാസികൾക്ക് തങ്ങളുടെ രാജ്യത്തിലേക്ക് കടന്നു വന്ന് യുക്രൈൻ പട്ടാളത്തെ പ്രതിരോധത്തിന് സഹായിക്കാമെന്ന് വ്ളാഡിമർ സെലൻസ്കി പറഞ്ഞിരുന്നു. യുക്രൈൻ പ്രസിഡന്റിന്റെ ഈ വാക്കുകൾ കേട്ട് 16,000 പേർ തങ്ങളുടെ രാജ്യത്തേക്ക് വന്ന് പ്രതിരോധ പ്രവർത്തനങ്ങളിലും രക്ഷാദൗത്യത്തിലും ഏർപ്പെട്ടിട്ടുണ്ടെന്നാണ് യുക്രൈൻ അറിയിച്ചിരിക്കുന്നത്. ഇത്തരത്തിൽ വരുന്നവർക്ക് അവരുടെ പാസ്പോർട്ട് കാണിച്ച് യുക്രൈൻ സൈന്യത്തെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ചേരാം. ഒരു യുക്രൈൻ സൈനികന് ലഭിക്കുന്ന എല്ലാ സൗകര്യവും ഇത്തരത്തിൽ എത്തുന്നയാൾക്ക് ലഭിക്കുമെന്നും യുക്രൈൻ വ്യക്തമാക്കിയിരുന്നു.
ഇങ്ങനെ യുക്രൈനിലേക്ക് പോകാൻ താൽപര്യമുള്ളവർക്ക് ശമ്പളം നൽകി ഒരു ജോലി നൽകുകയാണ് യുഎസ് ആസ്ഥാനമായ മിലിറ്ററി കോൺട്രാക്ടിങ് കമ്പനി. ഒരു യുക്രൈൻ പട്ടാളക്കാരന് ഒരു മാസം ലഭിക്കുക ശരാശരി 3500 യുഎസ് ഡോളറാണ്. എന്നാൽ വോളണ്ടിയർ പണിക്ക് താൽപര്യമുള്ളവർക്ക് യുഎസ് കമ്പനി നൽകുക ഒരു ദിവസം ആയിരം ഡോളറിന് മുകളിൽ. ചുരുക്കി പറഞ്ഞാൽ യുദ്ധം ചെയ്യുന്ന ഒരു യുക്രൈൻ സൈനികൻ ഒരു മാസം കൊണ്ട് സമ്പാദിക്കുന്ന പണം, വോളണ്ടിയറായി എത്തുന്ന വ്യക്തിക്ക് മൂന്ന് ദിവസം കൊണ്ട് തരപ്പെടുത്താം.
പരസ്യത്തിൽ എന്തോ തകരാറില്ലേ?
യുക്രൈൻ സൈനികൻ ഒരു മാസം കൊണ്ട് സമ്പാദിക്കുന്ന പണം മൂന്ന് ദിവസം കൊണ്ട് നൽകുമെന്ന് പറയുന്ന പരസ്യത്തിൽ എന്തോ തകരാറില്ലേ? ഒരു വോളണ്ടിയർക്ക് ഇത്രയും പണം നൽകി ജോലി നൽകേണ്ടതുണ്ടോ? സത്യത്തിൽ പരസ്യത്തിൽ പറഞ്ഞിരിക്കുന്ന വോളണ്ടിയറിങ് ജോലിയെന്നാണ്. എന്നാൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന പണിയാണ് ചെയ്യേണ്ടി വരിക. റഷ്യൻ സൈന്യത്തോട് മുഖാമുഖം നിന്ന് പൊരുതേണ്ടിവരുമെന്ന് ചുരുക്കം. അതിനാലാണ് ഇത്രയും പണം ദിവസക്കൂലിയായി നൽകുന്നത്.
യൂറോപ്പിൽ താമസിക്കുന്ന സൈന്യത്തിൽ ചുരുങ്ങിയത് അഞ്ച് വർഷം മുൻപരിചയമുള്ളവർക്കാണ് യുഎസ് കമ്പനി പറഞ്ഞിരിക്കുന്ന ജോലി ലഭിക്കുക. വോളണ്ടിയറിങ് ജോലിക്ക് വേണ്ടി സാധാരണ എങ്ങും സൈന്യത്തിലെ പ്രവർത്തിപരിചയം നോക്കില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ ജോലിക്ക് അത് വേണം. സൈലന്റ് പ്രൊഫഷണൽസ് എന്ന സൈറ്റിൽ വന്നിരിക്കുന്ന പരസ്യത്തിലെ ജോലിയുടെ സ്വഭാവം ഇനി പറയുന്നത് പോലെയാണ്.
യുദ്ധ മേഖലയിൽ കുടുങ്ങി കിടക്കുന്ന സാധാരണക്കാരെ രക്ഷിക്കുക. ഈ രക്ഷാപ്രവർത്തനങ്ങൾക്ക് ഇടയിൽ സ്വാഭാവികമായും റഷ്യൻ സൈന്യത്തെ വോളണ്ടിയർമാർക്ക് നേരിടേണ്ടി വരും. ഇത്തരം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ആയുധം ഉൾപ്പെടെ ഉപയോഗിക്കണം. സൈന്യത്തിന്റെ നീക്കങ്ങളെ നിരീക്ഷിക്കാൻ കഴിയണം. യുദ്ധം നടക്കുന്ന സ്ഥലങ്ങളിലെ എല്ലാ ക്ലേശങ്ങളും തരണം ചെയ്യേണ്ടിവരുമെന്നും ഉറപ്പാണ്. ചുരുക്കി പറഞ്ഞാൽ യുക്രൈൻ ഭാഗത്ത് നിന്ന് റഷ്യക്കെതിരെ യുദ്ധം ചെയ്യുക തന്നെയാണ് ഈ വോളണ്ടിയറിങ് ജോലി.
പരസ്യത്തെ കുറിച്ച് അറിയില്ലെന്ന് യുക്രൈൻ
തങ്ങളുടെ രാജ്യത്ത് ആവശ്യത്തിന് സൈനികരുണ്ടെന്നും പുറത്തുനിന്ന് പണം നൽകി കോൺട്രാക്ടിങ് കമ്പനി വഴി തങ്ങൾക്ക് ആളുകളെ എത്തിക്കേണ്ടതില്ലെന്നുമാണ് യുക്രൈൻ പറയുന്നത്. എന്നാൽ തങ്ങളുടെ രാജ്യത്തിന് വേണ്ടി പോരാടാൻ സന്നദ്ധരായി എത്തുന്നവരെ സ്വാഗതം ചെയ്യും. അങ്ങനെ നിരവധി പേർ വന്നിട്ടുമുണ്ടെന്നും അവർക്ക് സൗകര്യങ്ങൾ നൽകുമെന്നും യുക്രൈൻ വ്യക്തമാക്കുന്നു. സിറിയയിൽ നിന്ന് കൂലിപ്പട്ടാളത്തെ ഇറക്കാൻ റഷ്യ തീരുമാനിച്ചിട്ടുണ്ടെന്ന വാർത്ത വന്ന് ദിവസങ്ങൾക്ക് ഉള്ളിലാണ് യുക്രൈനിലേക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ടെന്ന പരസ്യവും പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.