ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഖാലിസ്ഥാൻ അനുകൂലികൾ നീക്കം ചെയ്തത് മുതൽ കോൺസുലേറ്റിന് മുന്നിൽ ഇന്ത്യക്കാർ വലിയ പ്രതിഷേധവുമായി മുന്നോട്ടു പോകുകയാണ്. കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നത് തടയാൻ ഹൈക്കമ്മീഷന് മുന്നിൽ വൻ പോലീസ് വിന്യാസം ഏർപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധം പുരോഗമിക്കവെ ഇന്ത്യക്കാരുടെ ഇടയിലേയ്ക്ക് ഓടി എത്തി നൃത്തം ചെയ്യുന്ന ഒരു യുകെ പോലീസ് ഉദ്യോഗസ്ഥൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജയ് ഹോ എന്ന ഗാനം പശ്ചാത്തലമാക്കിയാണ് ദേശീയ പതാകകളുമേന്തി ഇന്ത്യക്കാർ പ്രതിഷേധിക്കുന്നത്. ഇതിനിടയിലേയ്ക്ക് ഓടിക്കയറിയ പോലീസ് ഉദ്യോഗസ്ഥൻ മികച്ച നൃത്തച്ചുവടുകളാണ് പുറത്തെടുത്തത്. ഇതോടെ പ്രതിഷേധക്കാരും ഒപ്പം കൂടി. അൽപ്പ സമയം നൃത്തം ചെയ്ത ശേഷം വീണ്ടും കർമ്മനിരതനാകാൻ തിരികെ പോകുന്ന ഉദ്യോഗസ്ഥനെ പ്രശംസിച്ച് നിരവധി ആളുകളാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്.
ALSO READ: ഖലിസ്ഥാന് ഇന്ത്യയുടെ മറുപടി ഇങ്ങനെ...ലണ്ടനിൽ ഉയർന്നത് ഭീമൻ ത്രിവർണ പതാക
അതേസമയം, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ സ്ഥാപിച്ചിരുന്ന ത്രിവർണ പതാക ഒരു വിഭാഗം ഖലിസ്ഥാൻ അനുകൂലികൾ അഴിച്ച് മാറ്റുകയായിരുന്നു. വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിന്റെ ചിത്രങ്ങളും ഖലിസ്ഥാൻ പതാകകളും പോസ്റ്ററുകളുമായി എത്തിയ ഒരു കൂട്ടം പ്രതിഷേധക്കാർ ഹൈക്കമ്മീഷൻറെ ബാൽക്കണിയിൽ അതിക്രമിച്ച് കയറിയ ശേഷമാണ് ഇന്ത്യയുടെ ദേശീയ പതാക അഴിച്ചു മാറ്റിയത്.
ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിന് മുന്നിലെ ദേശീയ പതാക നീക്കിയതിൽ ഇന്ത്യ ബ്രിട്ടനെ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഡൽഹിയിൽ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ക്രിസ്റ്റിന സ്കോട്ടിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. പതാക അഴിച്ചു മാറ്റി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഖാലിസ്ഥാൻ അനുകൂലികൾക്ക് ഇന്ത്യയുടെ മറുപടി എത്തി. ഹൈക്കമ്മീഷൻ കെട്ടിടത്തിൽ നേരത്തെ സ്ഥാപിച്ചിരുന്ന ദേശീയ പതാകയേക്കാൾ വലിയ പതാക ഉയർത്തിയാണ് ഇന്ത്യ മറുപടി നൽകിയത്.
#WATCH | British policeman dances with Indian supporters outside the Indian High Commission in London.
Indians have gathered outside Indian High Commission to protest against the Khalistanis and in support of the Indian flag. pic.twitter.com/puQq5Y7kRZ
— ANI (@ANI) March 21, 2023
ലണ്ടനിലെ സംഭവത്തിന് സമാനമായ രീതിയിൽ യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയും ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം അഴിച്ചുവിട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയാണ് ഒരു സംഘം ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം ഉണ്ടായത്. പ്രതിഷേധക്കാർ ഇന്ത്യൻ കോൺസുലേറ്റിന്റെ ചുമരിൽ 'ഫ്രീ അമൃത്പാൽ' എന്ന് സ്പ്രേ പെയിൻറ് ചെയ്തിരുന്നു. കോൺസുലേറ്റിന് സമീപത്ത് സ്ഥാപിച്ച ഖാലിസ്ഥാൻ പതാകകൾ ഉദ്യോഗസ്ഥർ നീക്കം ചെയ്തതതോടെ പ്രതിഷേധക്കാർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...