ജനീവ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന (WHO).
ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന ആതിവേഗത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടന ഇടപെട്ടത്.
ചൈനയിൽ എന്താണ് സംഭവിക്കുന്നത് എന്നതല്ല ഈ പ്രഖ്യാപനത്തിന്‍റെ പ്രധാന കാരണം. ചൈനയ്ക്കൊപ്പം മറ്റ് രാജ്യങ്ങളിളും വ്യാപകമായി കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൂടാതെ, ദുർബലമായ ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിലേക്ക് ഇത് പരക്കെ വ്യാപിക്കുമെന്നതാണ് ആശങ്കയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങള്‍ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസ് ബാധ തടയുന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ക്ക് സ്വയം തീരുമാനിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യാതിര്‍ത്തികള്‍ അടയ്ക്കുക, വിമാനങ്ങള്‍ റദ്ദാക്കുക എന്നിവയടക്കമുള്ള കാര്യങ്ങളില്‍ രാജ്യങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും WHO വ്യക്തമാക്കി.
നിലവില്‍ ചൈനയെക്കൂടാതെ മറ്റ് 18 രാജ്യങ്ങളില്‍ക്കൂടി വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. കൊറോണ വൈറസ് ബാധിച്ച 98 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എങ്കിലും ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, ചൈനയില്‍ ഇതുവരെ വൈറസ് ബാധ മൂലം 213 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
വൈറസ് വ്യാപനം തടയുന്നതിന് എല്ലാ രാജ്യങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും, സഹായം വേണ്ട രാജ്യങ്ങളില്‍ അത് എത്തിച്ചുകൊടുക്കാന്‍ ലോകാരോഗ്യ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും WHO തലവന്‍ വ്യക്തമാക്കി.