വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്ന സദാചാര പൊലീസ് ; ഹിജാബ് കത്തിച്ച് മുടി മുറിച്ച് ഇറാൻ വനിതകൾ

സർക്കാർ റിപ്പോർട്ട് പ്രകാരം ഹിജാബ് നിർബന്ധമായ ഇറാനിൽ  49 ശതമാനം പേരും ഹിജാബിന് എതിരാണ്

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 05:02 PM IST
  • ഇസ്ലാമിക ഡ്രസ് കോഡ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മോറൽ പൊലീസിന്റെ പട്രോളിഗും ഉണ്ടാകും
  • ജനസംഖ്യയുടെ പകുതിയിൽ കൂടുതൽ പേരും ഹിജാബിന് എതിരാണ്
  • ഇറാൻ-ഇറാഖ് യുദ്ധകാലത്ത് കർശനമായ നിയന്ത്രങ്ങണങ്ങും നിയമങ്ങളും ഇറാനിൽ സ്ഥാപിക്കപ്പെട്ടു
വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുന്ന സദാചാര പൊലീസ് ; ഹിജാബ് കത്തിച്ച് മുടി മുറിച്ച് ഇറാൻ വനിതകൾ

ഇസ്ലാമിക രാഷ്ട്രമാണ് ഇറാൻ. ഇസ്ലാം നിയമങ്ങൾ ശക്തമായി നടപ്പാക്കുന്ന രാജ്യം.  പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധം. തല മറയ്ക്കണം, നീളമുള്ള ടൈറ്റ് അല്ലാത്ത വസ്ത്രങ്ങൾ നിർബന്ധം. 1979 മുതൽ ഇസ്ലാമിക് റവലൂഷൻ കാലത്താണ് ഹിജാബ് നിർബന്ധമാകുന്നത്. അതിന് മുമ്പ് സ്ത്രീകൾ സ്വതന്ത്രമായി പാവാടയും സ്വിം സ്യൂട്ടും ഒക്കെ ധരിച്ചിരുന്നതാണ്. തലമുടി വെളിയിൽ കണ്ടാൽ, വസ്ത്രങ്ങൾക്ക് നീളം കുറഞ്ഞാൽ, വസ്ത്രങ്ങൾ ശരീരത്തോട് ചേർന്നുകിടന്നാൽ, മേക്കപ്പ് കൂടിയാൽ ഒക്കെ പ്രശ്നമാണ് ഇറാനിൽ. ഫൈൻ ഈടാക്കും, തടവിലാക്കും. ഇസ്ലാമിക ഡ്രസ് കോഡ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ മോറൽ പൊലീസിന്റെ പട്രോളിഗും ഉണ്ടാകും. 'ഗസ്ത് ഇ ഇർഷദ് 'എന്നാണ് ഇതിന് പേര്.  സ്ത്രീകളെ തടയുന്നതിനും സ്ത്രീകൾ അവരുടെ രോമങ്ങൾ വസ്ത്രത്തിന് പുറത്ത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അധികാരപ്പെട്ടവരാണിവർ. 

സർക്കാർ റിപ്പോർട്ട് പ്രകാരം ഹിജാബ് നിർബന്ധമായ ഇറാനിൽ  49 ശതമാനം പേരും ഹിജാബിന് എതിരാണ്. ജനസംഖ്യയുടെ പകുതിയിൽ കൂടുതൽ പേരും ഹിജാബിന് എതിരാണ്.  1978-79 ൽ ആയത്തുള്ള ഖൊമേനിയുടെ  കാലത്ത് മുഹമ്മദ് റെസ ഷാ രാജവാഴ്ചയ്ക്കെതിരായ ചെറുത്തുനിൽപിന്റെയും പ്രതിഷേധത്തിന്റെയും പ്രതീകമായിരുന്നു ഹിജാബ്. രാജ്യത്തെ നവീകരിക്കാനുള്ള ഷായുടേയും  പൂർവികരുടേയും ശ്രമങ്ങൾ ഇറാൻ ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന്റെ മതപരമായ മൂല്യങ്ങളുമായി ഏറ്റുമുട്ടുന്നതായിരുന്നു. പരസ്യമായി ഹിജാബ് ധരിക്കുന്നത് രാജവാഴ്ചയ്‌ക്കെതിരായ പ്രതിഷേധത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമായി മാറി.  നിയമം മൂലം നിർബന്ധമാക്കുന്നതിന് മുമ്പ് തന്നെ മതപരമായ വസ്ത്രങ്ങൾ ഇറാനിയൻ സ്ത്രീകൾ ഉപയോഗിച്ചിരുന്നു. 

വിശ്വാസത്തിൻരെയും പാരമ്പര്യത്തിന്റെയും കുടുംബത്തിന്റെ സന്തോഷത്തിന്റെയും ഭാഗമായിട്ടായിരുന്നു അത്. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് കർശനമായ നിയന്ത്രങ്ങണങ്ങും നിയമങ്ങളും ഇറാനിൽ സ്ഥാപിക്കപ്പെട്ടു. 1985ൽ ഹിജാബ് ഇറാനിയൻ സ്ത്രീകൾക്ക് നിയമംമൂലം നിർബന്ധമാക്കി. നിയമം പാലിക്കാത്തവരെ തുറങ്കിലടക്കുന്ന രീതിയിലേക്ക് വരെ എത്തിയതോടെയാമ് ഹിജാബ് രാഷ്ട്രീയ പ്രശ്നമായി മാറിയത്. ഗവൺമെന്റിന്റെ കർശനമായ മതപരമായ ആശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഒരു ഉപകരണമായി ഹിജാബ് മാറി. ഹിജാബ് നിയമത്തിലൂടെ ഇറാനിൽ സ്ത്രീകൾ്ക്ക് കർശന വിലക്കുകൾ നിലവിൽ വന്നു. പൗരന്മാരുടെ സ്വകാര്യ ജീവിതത്തിൽ ഭരണകൂടത്തിന്റെ വർദ്ധിച്ചുവരുന്ന ഇടപെടലിനെ ന്യായീകരിക്കാനും ഈ നിയമം ഉപയോഗിക്കുന്നു. ഇറാന്റെ പാരമ്പര്യമാണ് ഇതെന്നാണ് ഭരണകൂടം വാദിക്കുന്നത്. 

ചെറുപ്പം മുതലേ സ്‌കൂളിലും പൊതുസ്ഥലങ്ങളിലും ശിരോവസ്ത്രം ധരിക്കാൻ പെൺകുട്ടികൾ നിർബന്ധിതരാകുന്നു. ശിരോവസ്ത്രവും അതിന്റെ നീളവും ഒക്കെ ഇറാനിൽ പ്രശ്നമാണ്. പുരുഷൻമാർക്ക് ഷോർട്സ് ധരിക്കുന്നതിനും ചില പ്രത്യേക ഹെയർകട്ടുകൾക്കും പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങൾക്കും വിലക്കുണ്ട്. സമീപകാലത്തായി സ്വകാര്യപാർട്ടികളിൽ പൊലീസ് റെയ്ഡ് നടത്തുന്നത് ഇറാനിൽ വർധിച്ചിരുന്നു. ഹിജാബ് നിയമത്തിൽ അണുവിട വ്യത്യാസം പോലും സമ്മതിക്കാതെ ആൺകുട്ടികളെയും പെൺകുട്ടികളെയും അറസ്റ്റ് ചെയ്യുന്നതും ഇവിടെ പതിവായിരുന്നു. ഇതിനിടെയാണ 22കാരി മഹ്സ അമീനി കൊല്ലപ്പെടുന്നതും ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതും. തെരുവുകൾ കീഴടക്കി ആയിരക്കണക്കിന് പ്രതിഷേധക്കാർ, കൂടുതലും സ്ത്രീകൾ.

സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന തെരുവുകൾ. ആയത്തുള്ള അൽ ഖൊമേനിക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. സമീപകാലത്തൊന്നും ഇത്രവലിയൊരു പ്രതിഷേധത്തെ ഇറാൻ കണ്ടിട്ടില്ല. ഇസ്ലാമിക രാഷ്ട്രത്തിലെ വ്യക്തിസ്വാതന്ത്ര്യ വിലക്കുകൾക്കെതിരെ ജനങ്ങൾ കൂട്ടത്തോടെയിറങ്ങി. പൊതുമധ്യത്തിൽ ഹിജാബ് ഊരി എറിഞ്ഞവർ കത്തിച്ചു. മുടി മുറിച്ചു. മഹ്സ അമീനിക്ക് നീതിക്കായി അവർ മുറവിളിച്ചു. പുരുഷൻമാർ ആയത്തുള്ള അൽ ഖൊമേനിയുടെ പോസ്റ്ററുകൾ കത്തിച്ചു. 2020 ജനുവരിയിൽ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട  ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയ്ക്കെതിരെ അദ്ദേഹത്തിന്റെ സ്വന്തം നാടായ കെർമാനിൽ വരെയും മുദ്രാവാക്യങ്ങൾ മുഴങ്ങി.

ഹിജാബ് ഊരിയെറിഞ്ഞ് സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്ന സ്ത്രീകൾക്ക് കാവലായി പുരുഷൻമാരുണ്ട്. പ്രതിഷേധം തത്സമയം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇസ്ലാമിക് ടി വി ചാനലിലെ റിപ്പോർട്ടറും അവളുടെ ഹിജാബ് ക്യാമറയ്ക്ക് മുന്നിൽവച്ച് ഊരിയെറിഞ്ഞു. മറ്റൊരു മാധ്യമത്തിലാകട്ടെ പ്രതിഷേധക്കാരെ പിന്തുണച്ചതിന് അവതാരകയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഹിജാബിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രതിഷേധമല്ല ഇറാനിലേത്. പൊതുജനങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഭരണകൂടത്തിന്റെ കൈകടത്തലിനെതിരെയുള്ള പ്രതിഷേധമാണത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News