തിരുവനന്തപുരം: 29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം. ഫെമിനിച്ചി ഫാത്തിമയും ചിത്രത്തിന്റെ സംവിധായകൻ ഫാസിൽ മുഹമ്മദും അവാർഡുകൾ വാരിക്കൂട്ടി.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. 'ഈസ്റ്റ് ഓഫ് നൂൺ', 'മാലു', 'റിഥം ഓഫ് ധമ്മാം', 'ദ ഹൈപ്പർബോറിയൻസ്', 'ദ അദർസൈഡ്', തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ 'ഫെമിനിച്ചി ഫാത്തിമ' പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.
പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ 'ഫെമിനിച്ചി ഫാത്തിമ' എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.
ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു. പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.
അതേസമയം മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി. നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ ഫ്രയറിയ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
റിയോ ഡി ജനീറോയിലെ തീർത്തും അരക്ഷിതമായൊരു ചേരിയിൽ ജീവിക്കുന്ന അമ്മയായ മാലുവിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മൂന്ന് തലമുറകളുടെ കഥ പറയുന്ന ചിത്രം ആത്മബന്ധങ്ങളുടെ കൂടെയാണ്.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും. മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്സിന് പുരസ്ക്കാരം സമ്മാനിച്ചു. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.