ഇന്ന് ജൂൺ അഞ്ച്. ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. വെറുമൊരു ദിനമായി മാറ്റി നിർത്താൻ പാടില്ല. അല്ലെങ്കിൽ ഈ ഒരു ദിവസത്തിൽ മാത്രം ആചരിക്കേണ്ട ഒന്നല്ല പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്നങ്ങൾ നിരവധിയാണ് ഇന്ന് കണ്ട് വരുന്നത്. ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവവൈവിധ്യത്തിന്റെ തകർച്ച തടയാനും നമുക്ക് കഴിയൂ. കുറച്ച് മരങ്ങൾ നട്ടത് കൊണ്ടോ പ്രതിജ്ഞ ചൊല്ലിയത് കൊണ്ടോ മാത്രം ഒതുങ്ങുന്നതല്ല ഇന്നേ ദിവസത്തെ കടമ. ഭൂമിയാകെ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കണ്ടെത്തി അതിന് പരിഹാര മാർഗം കണ്ടെത്തകയുമാണ് വേണ്ടത്.
'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' എന്നതാണ് 2022ലെ പരിസ്ഥിതി ദിന സന്ദേശം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും, കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമായി ഓരോ പരിസ്ഥിതി ദിനവും ആചരിക്കാം. പ്രകൃതി എന്ന് പറയുന്നത് ഈ ഭൂമിയിലെ ഓരോ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ്. കഴിക്കുന്ന ഭക്ഷണം മുതൽ ശ്വസിക്കുന്ന വായു വരെ ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്.
യുഎൻ ജനറൽ അസംബ്ലി 1972ലാണ് സ്റ്റോക്ക്ഹോം സമ്മേളനത്തിന്റെ ആദ്യ ദിവസം ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്. 50 വർഷത്തോളമായി പരിസ്ഥിതി ദിനം ആചരിച്ച് വരികയാണ്. ‘ഒരു ഭൂമി മാത്രം’ എന്ന സന്ദേശത്തോടെ 1974ൽ ആദ്യത്തെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. 1987ൽ ഈ ദിവസത്തെ ആഘോഷങ്ങൾക്കായി ഓരോ വർഷവും ആതിഥേയ രാജ്യത്തെ നിശ്ചയിക്കുക എന്ന പുതിയ ആശയം യുഎൻ കൊണ്ടുവന്നു. അത് പ്രകാരം ഈ വർഷം സ്വീഡനാണ് ആതിഥേയത്വം വഹിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമാകും. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ പാലപ്പുഴ അയ്യപ്പൻകാവിലെ 136 ഏക്കർ പ്രദേശത്ത് വൃക്ഷത്തൈ നട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത്. എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകൾക്ക് തുടക്കമാവും. നിലവിലുള്ള 1850ലധികം പച്ചത്തുരുത്തുകൾക്ക് പുറമേയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...