ടൂറിസം ഏറ്റുമാനൂരിന്റെ വികസന സ്രോതസ് ആകണം: ഡോ. ടി.എം. തോമസ് ഐസക്ക്

ഏറ്റുമാനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ മുഴുവൻ ബി.എം.ബി.സി. നിലവാരത്തിലായെന്നും മെഡിക്കൽ കോളജിൽ 800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 08:12 PM IST
  • രണ്ടുവർഷം കൊണ്ട് ആയിരം കോടി രൂപയുടെ വികസന പദ്ധതികളാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ നടപ്പാക്കിയതെന്നും ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി.
  • കേരളത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായ കുമരകം അടക്കമുള്ള പ്രദേശങ്ങളുള്ള ഏറ്റുമാനൂർ സവിശേഷമായ മണ്ഡലമാണ്.
  • മണ്ഡലത്തിലെ റോഡുകൾ എല്ലാം ഉന്നതനിലവാരത്തിലായി.
ടൂറിസം ഏറ്റുമാനൂരിന്റെ വികസന സ്രോതസ് ആകണം: ഡോ. ടി.എം. തോമസ് ഐസക്ക്

കോട്ടയം: ടൂറിസം രംഗത്തെ വികസനത്തിനും തൊഴിലുകൾ സൃഷ്ടിക്കാനുമുള്ള നൈപ്യുണ്യവികസനത്തിനുള്ള കോഴ്‌സുകൾ നടപ്പാക്കണമെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ടി.എം. തോമസ് ഐസക്. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രിയായ വി.എൻ. വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിലെ വികസന പദ്ധതികൾ ചർച്ച ചെയ്യാൻ അതിരമ്പുഴ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന ശിൽപശാല ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രണ്ടുവർഷം കൊണ്ട് ആയിരം കോടി രൂപയുടെ വികസന പദ്ധതികളാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ നടപ്പാക്കിയതെന്നും ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടി. കേരളത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിലൊന്നായ കുമരകം അടക്കമുള്ള പ്രദേശങ്ങളുള്ള ഏറ്റുമാനൂർ സവിശേഷമായ മണ്ഡലമാണ്. മണ്ഡലത്തിലെ  റോഡുകൾ എല്ലാം ഉന്നതനിലവാരത്തിലായി. ഇനി ഡ്രെഡ്ജിങ് നടത്തി കായലിന്റെ ആഴം കൂട്ടുകയും ബണ്ടിന്റെ വീതി കൂട്ടുന്നത് അടക്കമുള്ള വികസനപ്രവർത്തനങ്ങൾ നടപ്പാക്കണം.

വൻകിട റിസോർട്ടുകൾക്കു മാത്രമല്ല, സാധാരണക്കാർക്കും ടൂറിസത്തിന്റെ നേട്ടങ്ങൾ ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തീർഥാടന ടൂറിസം, ഫാം ടൂറിസം അങ്ങനെ സാധ്യതകൾ പലതാണ്. അത്തരത്തിൽ ടൂറിസം മേഖലയിൽ താൽപര്യമുള്ളവർക്ക് തൊഴിൽ പരിശീലനം നൽകാനുള്ള നൈപുണ്യ വികസന കോഴ്‌സുകൾ നടത്തണം. സംരംഭകരുടെ കൺസോർഷ്യത്തിലടക്കം ഇത്തരം കോഴ്‌സുകൾ നടപ്പാക്കാമെന്നും ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.

Also Read: Crime News: മദ്യപിച്ച് രാത്രി മുഴുവൻ പ്രശ്നമുണ്ടാക്കി; രാവിലെ 21കാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി, കുടുംബാം​ഗങ്ങൾ കസ്റ്റഡിയിൽ

ഈ നിർദേശങ്ങൾ മണ്ഡലത്തിൽ നടപ്പാക്കുമെന്ന് ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിലെ വികസന റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ടു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു. രണ്ടുവർഷം മുമ്പ് എം.ജി. സർവകലാശാല ഓഡിറ്റോറിയത്തിൽ ചേർന്ന വികസന സെമിനാറിൽ മുന്നോട്ടുവച്ച പദ്ധതികളിൽ 90 ശതമാനവും ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. അടുത്തവർഷത്തോടു കൂടി ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ഏറ്റുമാനൂർ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ മുഴുവൻ ബി.എം.ബി.സി. നിലവാരത്തിലായെന്നും മെഡിക്കൽ കോളജിൽ 800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഏറ്റുമാനൂർ മണ്ഡലത്തിൽ അടിസ്ഥാനസൗകര്യ വികസന രംഗത്ത് കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. മുൻ എം.എൽ.എ. വൈക്കം വിശ്വൻ വികസന രേഖ പ്രകാശനം ചെയ്തു.

എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദ്കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ,  ലതിക സുഭാഷ്, തുടങ്ങിയവർ സംസാരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News