തിരുവനന്തപുരം: വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ 'വാഹനിൽ' ഉൾപ്പെടുത്തണം. മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നുണ്ട്. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തണം.
വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം വാഹന ഉടമകൾക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ട് മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കാം. വാഹന ഉടമകൾ ഈ വർഷം ഫെബ്രുവരി 29 നുള്ളിൽ മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.