ന്യൂഡൽഹി: ഇ-കൊമേഴ്‌സ് രംഗത്തെ ഭീമൻ ആമസോൺ തങ്ങളുടെ ഫുഡ് ഡെലിവറി സേവനം ഇന്ത്യയിൽ അവസാനിപ്പിക്കാൻ പോകുന്നു. ഈ വർഷം ഡിസംബർ 29 ന് ആമസോൺ ഇന്ത്യ തങ്ങളുടെ ഫുഡ് ഡെലിവറി ബിസിനസ്സ് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ആമസോൺ അവരുടെ റെസ്റ്റോറന്റ് പാർട്ണർമാരെ അറിയിച്ചു. 2020 മെയിൽ ആണ് കമ്പനി ബെംഗളൂരുവിൽ നിന്ന് ഫുഡ് ഡെലിവറി ആരംഭിച്ചത്.
ആഗോളതലത്തിൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് കമ്പനി ഇപ്പോഴുള്ളത്. ഇതിൻറെ ഭാഗമായാണ് നഷ്ടത്തിലുള്ള സംവിധാനങ്ങൾ അവസാനിപ്പിക്കുന്നത്. ഡെലിവറി നിർത്തുന്നതിനൊപ്പം എല്ലാ കരാറുകളും ബിസിനസ് ഡീലുകളും പൂർത്തിയാക്കുമെന്ന് കമ്പനി പറഞ്ഞു. ഫുഡ് ഡെലിവറി സംവിധാനം അടച്ചുപൂട്ടാനുള്ള തീരുമാനം ഘട്ടംഘട്ടമായായിരിക്കും കമ്പനി നടപ്പാക്കുക.
എന്തുകൊണ്ടാണ് കമ്പനി ഈ സേവനം നിർത്തുന്നത്?
വാർഷിക പ്രവർത്തന അവലോകനത്തിൽ, ഈ സേവനം കൂടുതൽ നീട്ടാൻ കഴിയില്ലെന്ന് തെളിഞ്ഞതായി ആമസോൺ പറയുന്നു.2022 ഡിസംബർ 29 മുതലായിരിക്കും ഇത് അടയ്ക്കുക.ഇതിന് ശേഷം നിങ്ങൾക്ക് ആമസോൺ ഫുഡ് വഴി ഓർഡർ ചെയ്യാൻ കഴിയില്ല.
മറ്റ് കമ്പനികളിൽ നിന്നുള്ള ശക്തമായ മത്സരം
ആമസോണിന്റെ ഫുഡ് ഡെലിവറി മേഖലയിലേക്കുള്ള കടന്നുകയറ്റം സ്വിഗ്ഗി, സൊമാറ്റോ ഉൾപ്പെടെയുള്ള കമ്പനികളെ നേരിട്ടുള്ള മത്സരത്തിലേക്ക് നയിച്ചു. ബാംഗ്ലൂരിലെ ഉപഭോക്താക്കൾക്ക് മൂവായിരത്തോളം റെസ്റ്റോറന്റുകളിൽ നിന്നും ഇന്ത്യൻ, ചൈനീസ്, ഇറ്റാലിയൻ, ബിരിയാണി, ബർഗറുകൾ, മധുരപലഹാരങ്ങൾ തുടങ്ങിയ വിഭവങ്ങളും ക്ലൗഡ് കിച്ചണുകളിൽ നിന്നും സർവ്വീസുണ്ടായിരുന്നു.
ബർഗർ കിംഗ്, ബെഹ്‌റൂസ് ബിരിയാണി, ഫാസോസ്, ചായ് പോയിന്റ്, ഫ്രെഷ്‌മെനു, അഡിഗ തുടങ്ങിയ നിരവധി റെസ്റ്റോറന്റുകളുമായും ക്ലൗഡ് കിച്ചണുകളുമായും ആമസോൺ പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ കാലിഫോർണിയ ബുറിറ്റോ, കെവെന്റേഴ്‌സ് തുടങ്ങിയ റസ്റ്റോറന്റ് ശൃംഖലകളുമായും റാഡിസൺ, മാരിയറ്റ് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഖലകളുമായും ആമസോൺ ടൈ അപ്പ് ഉണ്ടാക്കിയിരുന്നു.
ബാംഗ്ലൂരിൽ ആരംഭിച്ച സേവനം
2020 മെയിൽ ആണ് ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയിലേക്ക് എത്തുന്നത്. ബെംഗളൂരുവിലെ തിരഞ്ഞെടുത്ത പിൻ കോഡ് ഏരിയകളിലാണ് ഈ സേവനം ആദ്യം ആരംഭിച്ചത്. 2021 മാർച്ചിൽ, ബെംഗളൂരുവിലെ പ്രധാന പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന 62 സ്ഥലങ്ങളിൽ സേവനം ലഭ്യമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...