പെട്രോളിനും ഡീസലിനും എല്ലാം കേരളത്തില്‍ പല വിലകളാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ എല്ലാ സാധനങ്ങള്‍ക്കും ഇത്തരത്തില്‍ വില വ്യത്യാസം ഉണ്ടാകുമോ എന്ന സംശയം പലര്‍ക്കും ഉണ്ടാകും. ഉത്പാദിപ്പിക്കപ്പെടുന്ന സ്ഥലത്ത് നിന്ന് വില്‍പനയ്ക്കുള്ള സ്ഥലത്തേക്കുള്ള ദൂരം അടക്കം ഒരുപാട് കാര്യങ്ങള്‍ പ്രാദേശിക വില വ്യത്യാസങ്ങള്‍ക്ക് കാരണമാകും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മൊത്തവില്‍പന കേന്ദ്രങ്ങളിലേയും ചില്ലറ വില്‍പന കേന്ദ്രങ്ങളിലേയും വില വ്യത്യാസം എല്ലാവര്‍ക്കും മനസ്സിലാകുന്ന കാര്യവും ആണ്.
ബീഫിന്റെ വിലയെ ചൊല്ലിയുള്ള ഒരു ചര്‍ച്ചയാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് ആധാരം. ഫേസ്ബുക്കിലെ 'ആസ്‌ക് ആന്റ് ആന്‍സ്വര്‍ (ചോദിക്കൂ, പറയൂ)' എന്ന ഗ്രൂപ്പില്‍ ആയിരുന്നു ഇത്തരമൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. 'ബീഫിന് വടക്കന്‍ ജില്ലകളില്‍ 250, തെക്കന്‍ ജില്ലകളില്‍ 380. ഇതെന്തുകൊണ്ടാണ്? അതുപോലെ മിക്ക സാധനങ്ങള്‍ക്കും ഇങ്ങനെയാണ്.' - ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ ചിലത് വളരെ രസകരവും ആണ്.
ബീഫിന്റെ ലഭ്യത ആകും ഇങ്ങനെ ഒരു വില വ്യത്യാസത്തിന് കാരണം എന്നാണ് ഒരാളുടെ അഭിപ്രായം. തെക്കന്‍ ജില്ലകളില്‍ ബീഫ് സ്റ്റാളുകളില്‍ പലതും ഞായറാഴ്ച മാത്രം തുറക്കുന്നവയാണ് എന്നും ആ സാഹചര്യം അവര്‍ മുതലാക്കുകയാകാം എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ എല്ലാവരും ഈ അഭിപ്രായത്തോട് യോജിക്കുന്നവര്‍ ഒന്നും അല്ല.
ബീഫ് എന്ന പേരില്‍ ലഭ്യമാകുന്നത് പശു ഇറച്ചിയോ കാള ഇറച്ചിയോ ആകാമെന്നാണ് മറ്റുചിലര്‍ പറയുന്നത്. വടക്കന്‍ കേരളത്തില്‍ ബീഫ് എന്നാല്‍ പോത്തിറച്ചി മാത്രമാണ്. തിരുവനന്തപുരത്താണെങ്കില്‍ പോത്തിറച്ചി എന്ന് പ്രത്യേകം പറഞ്ഞില്ലെങ്കില്‍ അത് കിട്ടുകയും ഇല്ല. മലപ്പുറം ജില്ലയില്‍ ചിലയിടങ്ങളില്‍ 220 രൂപയ്ക്ക് ബീഫ് കിട്ടുമെന്ന് ഒരാള്‍ കമന്റ് ചെയ്തിരുന്നു. എന്നാല്‍ അവിടെ കിട്ടുന്നത് മൂരിക്കുട്ടന്റെ ഇറച്ചിയാണെന്ന് മറ്റൊരാള്‍ വിശദീകരിക്കുന്നുണ്ട്.
മലപ്പുറം ജില്ലയിലെ ചുങ്കത്തറ, കാളികാവ് എന്നീ സ്ഥലങ്ങളില്‍ കിലോഗ്രാമിന് 200 രൂപ നിരക്കില്‍ ബീഫ് കിട്ടുമെന്ന് ചിലര്‍ ഫോട്ടോ സഹിതം കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കാസര്‍ഗോഡ് എല്ലില്ലാത്ത ബീഫിന് 400 രൂപ വരെയും എല്ലുള്ളതിന് 360 രൂപ വരേയും വിലയുണ്ട് എന്ന് മറ്റൊരാളും കമന്റ് ചെയ്തിരിക്കുന്നു. അതേ സമയം എല്ലില്ലാത്ത പോത്തിറച്ചി കിലോയ്ക്ക് 280 രൂപയ്ക്ക് എടക്കരയില്‍ നിന്ന് വാങ്ങിയതിന് മറ്റൊരാളുടെ സാക്ഷ്യവും ഉണ്ട്.
എന്തായാലും ഈ ചര്‍ച്ചയില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്. ബീഫിന് കേരളത്തില്‍ ഒരു ഏകീകൃത വില ഇല്ല. ഒരേ സ്ഥലത്ത് തന്നെ വ്യത്യസ്ത വിലകളില്‍ ഇത് ലഭ്യവും ആണ്. ഇത് ബീഫിന്റെ കാര്യത്തില്‍ മാത്രമല്ല കേട്ടോ... കോഴിയിറച്ചിയുടെ കാര്യത്തിലും ആട്ടിറച്ചിയുടെ കാര്യത്തിലും മീനിന്റെ കാര്യത്തിലും എല്ലാം ഇങ്ങനെ തന്നെ. പച്ചക്കറി വിലയിലും ഇതുപോലെയുള്ള വ്യത്യാസങ്ങള്‍ സര്‍വ്വസാധാരണമാണ്. ട്രാൻസ്പോർട്ടേഷനാണ് മിക്കപ്പോഴും ഈ വില വ്യത്യാസത്തിന് പിന്നിലെ പ്രധാന കാരണം. വലിയ രീതിയിൽ കച്ചവടം നടക്കുന്നവരെ സംബന്ധിച്ച് ഈ ചെലവ് മറികടക്കാനും കുറഞ്ഞ വിലയ്ക്ക് വിൽക്കാനും സാധിക്കും. ഈ മത്സരം ഒഴിവാക്കാൻ പ്രാദേശികമായി ചിലർ വില ഏകീകരണവും നടക്കുന്നുണ്ട്. അതുപോലെ തന്നെ 'ജയജയജയ ഹേ' സിനിമയിലെ രാജേഷിനെ പോലെ കൂടുതൽ കച്ചവടം നടക്കാൻ നാട്ടുനടപ്പുള്ള വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് കച്ചവടം നടത്തുന്നവരും ഉണ്ട്.
അതേസമയം ഫ്രോസണ്‍ മീറ്റിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം ഉണ്ടാകാറില്ല. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം ഫ്രോസണ്‍ മീറ്റ് ഇപ്പോള്‍ സുലഭവും ആണ്. എന്നാൽ മലയാളികൾ ഇപ്പോഴും ഫ്രോസൺ മീറ്റിനോട് അത്രയ്ക്ക് ആഭിമുഖ്യം പുലർത്തുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...