എസ്സെല്‍ ഗ്രൂപ്പ് ഉടന്‍ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുമെന്ന് ചെയര്‍മാന്‍ ഡോ. സുഭാഷ് ചന്ദ്ര. ആസ്തികള്‍ വിറ്റ് വായ്പകള്‍ തിരിച്ചടയ്ക്കുകയാണ് ലക്ഷ്യം. കമ്പനി ഇതുവരെ 40,000 കോടി രൂപ വായ്പക്കാര്‍ക്ക് തിരിച്ച് നല്‍കിയെന്നും 50,000 കോടി രൂപ പലിശയിനത്തില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സീ ബിസിനസ് മാനേജിംഗ് എഡിറ്റര്‍ അനില്‍ സിംഗ്വിയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് ഡോ.സുഭാഷ് ചന്ദ്ര ഇക്കാര്യം വ്യക്തമാക്കിയത്.
വളരെ വിലപിടിപ്പുള്ള ചില സ്വത്തുക്കള്‍ വിറ്റ് വായ്പ തിരിച്ചടച്ചിട്ടുണ്ടെന്ന് ഡോ.സുഭാഷ് ചന്ദ്ര പറഞ്ഞു. വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സ്വന്തം വീട് പോലും പണയപ്പെടുത്തി. എല്ലാവരുടെയും കടം വീട്ടുമെന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഡിഷ് ടിവി ഇന്ന് കടരഹിതമാണെന്നും സീ എന്റര്‍പ്രൈസസ് - സോണി ലയന പ്രക്രിയ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം അനില്‍ സിംഗ്വിയോട് പറഞ്ഞു.
ALSO READ: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
ഈ ദിവസങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ താന്‍ നല്‍കുന്നുണ്ടെന്ന് ഡോ.സുഭാഷ് ചന്ദ്ര പറഞ്ഞു. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളില്‍ ശക്തനായ ഒരു വ്യക്തി ഒരിക്കലും പ്രശ്‌നങ്ങളില്‍ നിന്ന് ഓടിപ്പോകില്ല. പകരം അതിനെ നേരിടുകയാണ് ചെയ്യുക. പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ടതില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ പഠിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
2019 ജനുവരിയില്‍ എസ്സെല്‍ ഗ്രൂപ്പ് വായ്പകള്‍ തിരിച്ചടക്കാന്‍ തുടങ്ങിയെന്ന് ചെയര്‍മാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 2023 മാര്‍ച്ച് 31-നകം എല്ലാ കടങ്ങളും വീട്ടുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. എന്നല്‍, അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ചില കാരണങ്ങളാല്‍ സ്വത്തുക്കള്‍ വില്‍ക്കാന്‍ കഴിയാതെ പോയതാണ് അതിന് കാരണം. ചില ആസ്തികള്‍ കൂടി ഉടന്‍ വില്‍ക്കാന്‍ സാധ്യതയുണ്ടെന്നും അതിന് ശേഷം വായ്പകള്‍ തിരിച്ചടയ്ക്കുമെന്നും ഡോ. സുഭാഷ് ചന്ദ്ര പറഞ്ഞു.
വായ്പ നല്‍കിയവര്‍ എസ്സെല്‍ ഗ്രൂപ്പിനെ വളരെയധികം പിന്തുണച്ചിട്ടുണ്ടെന്ന് ഡോ. സുഭാഷ് ചന്ദ്ര വ്യക്തമാക്കി. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ചില വായ്പക്കാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിലയേറിയ ആസ്തികള്‍ വിറ്റ് എസ്സെല്‍ ഗ്രൂപ്പ് കടം തിരിച്ചടച്ചതായി വായ്പ നല്‍കിയവര്‍ക്ക് അറിയാം. 1967 മുതല്‍ 2019 വരെ എസ്സെല്‍ ഗ്രൂപ്പ് ഒരിക്കലും ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും ഡോ. സുഭാഷ് ചന്ദ്ര കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...