കൊച്ചി: മോഡലുകളുടെ അപകട മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ പാർട്ടി നടത്തിയ ഫ്ലാറ്റുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കാക്കനാട് ഇൻഫോപാർക്കിന് സമീപത്തെ മൂന്ന് ഫ്ലാറ്റുകളിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തിയതിൽ ഒരു ഫ്ലാറ്റ് സൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഇൻഫോപാർക്ക് സ്റ്റേഷനിൽ സൈജുവിനെതിരെ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പോലീസ് പ്രതി ചേർത്തിരുന്നു. മോഡലുകൾ മരിക്കുന്നതിന് തൊട്ടു മുൻപ് പങ്കെടുത്ത പാർട്ടിയിൽ ഉണ്ടായിരുന്നവരെയാണ് പ്രതി ചേർത്തത്. സൈജു തങ്കച്ചൻ നടത്തിയ ഡിജെ പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സൈജുവിനോപ്പം പാർട്ടിയിൽ ലഹരി ഉപയോഗിച്ച 17 പേർക്കെതിരെയാണ് കേസ്. സൈജുവിന്റെ മൊബൈലിൽ നിന്നും ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് സൈജുവിന്റെ സുഹൃത്ത് ഫെബി ജോണിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഫെബി ജോണിന്റെ സുഹൃത്തുക്കൾക്കാണ് സൈജു പാർട്ടി ഒരുക്കിയത്.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ലഹരി പാർട്ടിയെപറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുടെ ഫോൺ പരിശോധനയ്ക്ക് വിധേയമാക്കി. ഫോണിൽ നിന്ന് കൂടുതൽ തെളിവുകൾ ലഭിച്ചു. ലഹരി മരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിൽ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.
നവംബർ ഒന്നിനാണ് മുൻ മിസ് കേരള താരങ്ങളായിരുന്ന അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ സഞ്ചരിച്ചിരുന്ന കാർ വൈറ്റിലയിൽ വെച്ച് അപകടത്തിൽപ്പെട്ടത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവരുടെ സുഹൃത്ത് മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ മരിച്ചു. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നു അബ്ദുൽ റഹ്മാൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...