തൃശൂർ: തൃശൂർ ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് ശേഖരം കണ്ടെത്തി. കാട്ടൂർ റോഡിൽ ചുങ്കത്ത് ഒഴിഞ്ഞ പറമ്പിൽ നിന്ന് 70 കിലോയോളം കഞ്ചാവാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രി 8.30ഓടെ കാട്ടൂർ സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ ഫെബിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇരിങ്ങാലക്കുട എസ്എച്ച്ഒ അനീഷ് കരീം, കാട്ടൂർ എസ്ഐ ഹബിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചുങ്കം കപ്പേളയ്ക്ക് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് പാക്കറ്റുകളിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. നാൽപ്പതോളം പാക്കറ്റ് കഞ്ചാവ് പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചാണ് സൂക്ഷിച്ചിരുന്നത്.
പഴക്കം സംഭവിച്ച് പാക്കറ്റുകൾ പലതും ദ്രവിച്ച് പൊട്ടിയ നിലയിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു . എസ്ഐ എൻ.കെ അനിൽ, സീനിയർ സിപിഒ സന്തോഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് സിവിൽ ഓഫിസർ സജിബാൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
ലഹരിക്കടത്ത് കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
ലഹരി കടത്ത് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് പിടികൂടി. വർക്കല അയിരൂർ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശി ഷംനാസ് (27) ആണ് പോലീസ് പിടിയിലായത്. പ്രതി കർണാടകത്തിലെ ബൽഗാമിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്.
ALSO READ: Crime News: ലഹരി മരുന്നുമായി മോഡൽ പിടിയിൽ; ലഹരി കൈമാറിയിരുന്നത് സ്നോബോൾ എന്ന പേരിൽ
സെപ്റ്റംബർ 13ന് വർക്കല ഇടവയിൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ്സ് സ്റ്റാൻഡിൽ നിന്ന് വൻ തോതിൽ ലഹരി മരുന്ന് പിടികൂടിയിരുന്നു. പ്രതി ആന്ധ്ര പ്രദേശിൽ നിന്ന് കടത്തി കൊണ്ട് വന്ന ലഹരി മരുന്നായിരുന്നു ഇത്. വിപണിയിൽ 15 ലക്ഷത്തോളം വിലവരുന്ന 96 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്.
കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പൂന്തുറ സ്വദേശി മുഹമ്മദ് ഹനീഫ, കല്ലമ്പലം പുതുശ്ശേരി മൂക്ക് സ്വദേശി അർഷാദ് , പെരുമാതുറ സ്വദേശി ഷാഹിൻ, ഞാറായിക്കോണം സ്വദേശി റിയാദ് എന്നിവരെ ഈ കേസിൽ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ നിന്നാണ് വിൽപ്പനക്ക് ആവശ്യമായ എംഡിഎംഎ ഇവർക്ക് ഷംനാസ് മുഖേനയാണ് ലഭിക്കുന്നത് എന്ന് പോലീസിന് വ്യക്തമായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലഹരിക്കടത്ത് കേസിലെ അന്വേഷണം ഷംനാസിലേക്ക് തിരിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...