പത്തനംതിട്ട: ദേവസ്വം ഭണ്ഡാരത്തിൽ കാണിക്കയായി നിക്ഷേപിച്ച സ്വർണ്ണക്കിഴി മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ ദേവസ്വം വിജിലൻസ് പിടികൂടി. ഏറ്റുമാനൂർ ഗ്രൂപ്പിൽ വസുദേവപുരം ദേവസ്വത്തിലെ ഭണ്ഡാരത്തിൽ തളി ആയി ജോലി ചെയ്തിരുന്ന റെജി കുമാറിനെയാണ് ദേവസ്വം വിജിലൻസ് സബ് ഇൻസ്പക്ടർ ബിജു രാധാകൃഷ്ണൻ പിടികൂടിയത്.
ഇയാളിൽ നിന്നും ഒന്നര പവൻ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 16ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേവസ്വം ബോർഡിലെ തന്നെ ഒരു ഉദ്യോഗസ്ഥൻ ഭണ്ഡാരത്തിൽ സ്വർണം കാണിക്കയായി നിക്ഷേപിച്ചു. പിന്നീട് ദേവസ്വത്തിൻ്റെ കണക്കിൽ ഇത് എത്താതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് ജീവനക്കാരൻ മോഷ്ടിച്ചതായി കണ്ടെത്തിയത്.
ജീവനക്കാരൻ ഭണ്ഡാരത്തിൽ സ്വർണം നിക്ഷേപിക്കുന്നതിൻ്റെയും പിന്നീട് റെജി കുമാർ ഇത് കൈക്കലാക്കുന്നതിൻ്റെയും സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് ദേവസ്വം വിജിലൻസ് ഇയാളെ പിടികൂടി പമ്പാ സ്റ്റേഷനിലേക്ക് കൈമാറി. പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും.
റമ്മി കളിച്ച് 50 ലക്ഷം കടം; ബാങ്ക് മോഷണത്തിന് ശ്രമിച്ച പ്രതി അറസ്റ്റിൽ
തൃശൂർ: അത്താണി ബാങ്ക് കവര്‍ച്ചാ ശ്രമം സാമ്പത്തിക ബാധ്യത മൂലമെന്ന് പ്രതി വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ലിജോയുടെ മൊഴി. റമ്മി കളിച്ച് വന്ന 50 ലക്ഷം ബാധ്യതയക്കം 73 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടെന്ന് ലിജോ പോലീസിന് മൊഴി നല്‍കി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
അത്താണിയിലെ ഫെഡറൽ ബാങ്കിലാണ് തേക്കുംകര വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ലിജോ പെട്രോളുമായെത്തി കവര്‍ച്ചാ ശ്രമം നടത്തിയത്. ജീവനക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് ബാങ്ക് കൊള്ളയടിക്കാൻ വന്നതാണെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട ഇയാളെ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മാനസിക വിഭ്രാന്തിയുള്ള ആളാണെന്നായിരുന്നു ആദ്യം കരുതിയത്. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ബാധ്യതയെക്കുറിച്ച് പ്രതി പറയുന്നത്. വീടിന്റെ ലോൺ ഇനത്തില്‍ 23 ലക്ഷവും റമ്മി കളിച്ച് നഷ്ടപ്പെട്ട 50 ലക്ഷവും ഉൾപ്പെടെ 73 ലക്ഷത്തിലധികം രൂപ കടബാധ്യയുണ്ടെന്ന് ലിജോ പോലീസിന് മൊഴി നല്‍കി.
സുഹൃത്തുക്കളിൽ നിന്നുള്‍പ്പടെ വലിയ തുകകൾ കടം വാങ്ങിയാണ് റമ്മി കളിച്ചത്. കടം പെരുകയതോടെ ഒരാഴ്ചയായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു ലിജോ. തുടർന്നാണ് ബാങ്ക് കൊള്ളയടിക്കാനുള്ള പദ്ധതിയിട്ടതെന്നും മൊഴിയിൽ പറയുന്നു. വധശ്രമത്തിനും കവർച്ചാ ശ്രമത്തിനും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...