കാഞ്ഞങ്ങാട്: ഉദുമ കുണ്ടോളംപാറയിലെ ദേവികയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ചൊവ്വാഴ്ച വൈകുന്നേരം 3 മണിയോടെയാണ് ദേവികയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് സതീഷ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് കൊല ചെയ്തതെന്നായിരുന്നു സതീഷ് പോലീസിനോട് പറഞ്ഞത്.
കാസര്‍ഗോഡ് 'മൈന്‍' എന്ന ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു ദേവിക. ബ്യൂട്ടിഷ്യന്‍മാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയത്. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ALSO READ: പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
മലര്‍ത്തിക്കിടത്തി ദേവികയുടെ വായ പൊത്തിപ്പിടിച്ച ശേഷം തന്റെ കാല്‍മുട്ട് കൊണ്ട് ദേവികയുടെ കൈ അമര്‍ത്തിവെച്ച ശേഷം കഴുത്ത് അറുക്കുകയായിരുന്നുവെന്ന് സതീഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന് മൊഴി നല്‍കി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സതീഷും ദേവികയും തമ്മില്‍ 9 വര്‍ഷത്തെ പരിചയമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഒന്നര മാസത്തോളമായി സതീഷ് ലോഡ്ജിലാണ് താമസം. ചൊവ്വാഴ്ച രാവിലെ പുറത്ത് പോയ സതീഷ് 11 മണിയോടെ ദേവികയുമായി ലോഡ്ജില്‍ തിരിച്ചെത്തി. ഭാര്യയാണെന്നാണ് സതീഷ് ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്. 2.45ഓടെ സതീഷ് ഇറങ്ങിപ്പോകുന്നത് കണ്ടെന്ന് ലോഡ്ജ് ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
വൈകിട്ട് 3 മണിയോടെ പോലീസ് സ്‌റ്റേഷനില്‍ എത്തിയ സതീഷ് കീഴടങ്ങി. ലോഡ്ജ് മുറിയുടെ താക്കോലും പോലീസിന് കൈമാറി. ഉടന്‍ തന്നെ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ ഉള്‍പ്പെടുന്ന പോലീസ് സംഘം ലോഡ്ജില്‍ എത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ദേവിക രക്തം വാര്‍ന്നൊഴുകിയ നിലയില്‍ കിടക്കുന്നത് കണ്ടത്.
ഭാര്യയെ വിവാഹ മോചനം നടത്താന്‍ ദേവിക നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നാണ് സതീഷിന്റെ മൊഴി. എന്നാല്‍ പോലീസ് ഇത് പൂര്‍ണമായും വിശ്വാസത്തില്‍ എടുത്തിട്ടില്ല. ദേവികയുടെ ഭര്‍ത്താവ് പ്രവാസിയാണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. വിവാഹിതനായ സതീഷിന് ഒരു കുട്ടിയുണ്ട്. വിവാഹിതനാകുന്നതിന് മുമ്പ് തന്നെ സതീഷിന് ദേവികയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിനിടെ കൊല നടന്ന മുറിയില്‍ നിന്ന് രണ്ട് കത്തി കൂടി പോലീസ് കണ്ടെടുത്തു. പ്രതിയെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...