കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ. മലപ്പുറം വേങ്ങര ബസ്സ്റ്റാൻഡിൽ നിന്നാണ് കൊലക്കേസ് പ്രതിയായ പൂനം ദേവിയെ പിടികൂടിയത്. പ്രതിയെ കോഴിക്കോട് സിറ്റി പോലീസിന് കൈമാറും. രാവിലെ 7.30 ന് കോഴിക്കോട് നിന്ന് വേങ്ങരയ്ക്ക് ബസ് കയറിയ ഇവരെ വേങ്ങരയിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞവർ പോലീസിന് വിവരം കൈമാറുകയായിരുന്നു. ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് പോലീസ് ഇവരെ പിടികൂടിയത്.
പുലർച്ചെ 12.15ഓടെയാണ് പൂനം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഫൊറൻസിക് വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം ദേവി.
Also Read: ക്ലാസിൽ ബഹളമുണ്ടാക്കിയെന്നാരോപണം; മൂന്നാം ക്ലാസുകാരന്റെ കരണത്തടിച്ചതായി പരാതി
കടുത്ത മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പൂനം ദേവിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളിൽ, ഇവർ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശം എന്നിവിടങ്ങളിൽ പോലീസ് പരിശോധന കർശനമാക്കിയതിനിടെയാണ് വേങ്ങര ബസ് സ്റ്റാൻഡിൽ നിന്ന് ഇവരെ പിടികൂടിയത്. സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ കാണാൻ എന്ന് പറഞ്ഞാണ് ഇവർ പുറത്തുകടന്നതെന്നും പറയപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...