തിരുവനന്തപുരം: അംഗപരിമിതനും രോഗിയുമായ വ്യക്തിയെ പോലീസ് ജീപ്പിനകത്തേക്ക് പിടിച്ചു തള്ളിയപ്പോൾ തല ജീപ്പിലിടിച്ച് താഴെ വീണെന്ന പരാതിയിൽ ബാലരാമപുരം എസ് ഐ ക്കെതിരെ പുനരന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.
Read Also: Crime News: ഭർതൃഗൃഹത്തിൽ ടോയ്‌ലറ്റ് ഇല്ല, നവവധു തൂങ്ങിമരിച്ചു
അംഗപരിമിതനായ വ്യക്തിയുടെ തല ജീപ്പിലിടിച്ച് താഴെ വീണത് യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിൽ പറഞ്ഞു. സിവിൽ സംബന്ധമായ തർക്കത്തിൽ ബാലരാമപുരം എസ് ഐ ജാഗ്രതയോടു കൂടിയല്ല പ്രവർത്തിച്ചതെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു.
തിരുമല വലിയവിള സ്വദേശി ഷംനാദ് സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന് സ്വന്തമായി വീടില്ലാത്തതിനാൽ ലൈഫ് മിഷൻ പദ്ധതിയിൽ 4 ലക്ഷം രൂപ അനുവദിച്ചിരുന്നു. ബാലരാമപുരം തേമ്പാമൂട്ടിൽ വീട് നിർമ്മാണം നടക്കുന്നതിനിടയിൽ 2021 ഒക്ടോബർ 20 ന് വൈകിട്ട് ബാലരാമപുരം എസ് ഐ യും 3 പോലീസുകാരും സ്ഥലത്തെത്തി അംഗപരിമിതനായ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതിയിൽ പറയുന്നു.
അയൽവാസിയായ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു നടപടി. കമ്മീഷൻ നെയ്യാറ്റിൻകര ഡി വൈ എസ് പി യിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ വീട് നിർമ്മിക്കുന്ന സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ കോടതി തടഞ്ഞിട്ടുണ്ടെന്നും ഇത് അന്വേഷിക്കാനാണ് എസ് ഐ സ്ഥലത്ത് എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പരാതിക്കാരനെ ജീപ്പിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോഴാണ് അംഗപരിമിതനായ പരാതിക്കാരൻ നിലതെറ്റി വീണതെന്ന് റിപ്പോർട്ടിൽ പറയുന്നു. തല ജീപ്പിന്റെ ഫുട്ട് റെസ്റ്റിൽ തട്ടിയെന്നും പോലീസുകാർ ഇയാളെ പിടിച്ചെഴുന്നേൽപ്പിച്ചതായും റിപ്പോർട്ടിലുണ്ട്.
പരാതിക്കാരൻ അംഗപരിമിതനാണെന്ന് എസ് ഐ ഹരിലാലിന് അറിയില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തരവാദപ്പെട്ട ഒരു പോലീസുദ്യോഗസ്ഥൻ എന്ന നിലയിൽ സിവിൽ സ്വഭാവമുള്ള ഇത്തരം കേസികൾ കൈകാര്യം ചെയ്യുന്നതിൽ എസ് ഐക്ക് ജാഗ്രത കുറവുണ്ടായെന്നും വകുപ്പു തലത്തിൽ താക്കീത് നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...