Kozhikode : കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങിനെ തുടർന്ന് പിജി വിദ്യാർഥി പഠനം ഉപേക്ഷിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏപ്രിൽ കേസ് പരിഗണിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മെഡിക്കൽ കോളേജിലെ ഓർത്തോ PG വിദ്യാർഥി ഡോ. ജിതിൻ ജോയിയാണ് സീനിയർ വിദ്യാർഥികളുടെ പീഡനത്തെ തുടർന്ന് പഠനം നിർത്തിയത്. വിശ്രമിക്കാന്‍ പോലും കഴിയാത്ത വിധം ജോലി ചെയ്യിച്ചെന്നും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും ജിതിന് പറയുന്നു. ജിതിന്റെ പരാതിയെത്തുടർന്ന് രണ്ട് സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. സീനിയർ വിദ്യാർഥികളായ ഡോ മുഹമ്മദ് സാജിദ്, ഡോ ഹരിഹരൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ.
രാത്രി ഉറങ്ങാൻ പോലും സമ്മതിക്കാതെ വാർഡുകളിൽ അധിക ജോലി ചെയ്യിച്ചു, മനപ്പൂർവം വൈകി വന്ന് ജോലി ഭാരം കൂട്ടി, തുടങ്ങിയ ഉപദ്രവങ്ങൾ സീനിയർമാരിൽ നിന്നുമുണ്ടായി. നിരവധി തവണ ഇക്കാര്യം തന്റെ വകുപ്പ് തലവനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ജിതിൻ പറയുന്നു. ഇവിടെ ഇങ്ങനെയൊക്കെയാണെന്നാണ് ലഭിച്ച മറുപടിയെന്നും ജിതിൻ പറഞ്ഞിരുന്നു.
തുടർന്ന് സഹികെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിലെ പഠനം അവസാനിപ്പിച്ചതെന്നും ജിതിൻ നൽകിയ പരാതിയിൽ പറയുന്നുണ്ട്. മറ്റൊരു കോളേജിൽ ചേർന്ന ശേഷമാണ് ജിതിൻ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾക്ക് പരാതി നൽകിയത്. പരാതിക്കു പിന്നാലെയാണ് കോളേജ് അധികൃതർ സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.