കാസർഗോഡ്: അധ്യാപികയായ യുവതിയേയും മകളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാപ്രേരണാ കുറ്റത്തിനും തെളിവ് നശിപ്പിച്ചതിനും സുഹൃത്തും അധ്യാപകനുമായ യുവാവ് അറസ്റ്റിൽ. ബാര എരോൽ ജുമാ-മസ്ജിദിന് സമീപത്തെ സഫ്‌വാൻ ആദൂരിനെയാണ് മേൽപ്പറമ്പ് ഇൻസ്പെക്ടറും സംഘവും ചേർന്ന് അറസ്റ്റു ചെയ്തത്.
Also Read: എടിഎം മോഷണത്തിന് കേറിയ കള്ളൻറെ കയ്യിൽ നിന്ന് ആധാർ താഴെ വീണു; പണി പാലും വെള്ളത്തിൽ
കളനാട് അരമങ്ങാനത്തെ യുവതിയുടെയും അഞ്ചുവയസ്സുള്ള മകളുടെയും മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി. കഴിഞ്ഞ സെപ്റ്റംബർ 15 നാണ് വീടിനു സമീപത്തെ കിണറ്റിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കാസർഗോഡ് ജനറൽ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ മുങ്ങിമരണമെന്ന് വ്യക്തമായിരുന്നു.
Also Read: വിപണിയിൽ 30 ലക്ഷത്തിലധികം രൂപ; വിൽപനക്ക് സൂക്ഷിച്ച 120 കിലോ ചന്ദനത്തടി പിടിച്ചു
യുവതിയുടെ ബന്ധുക്കൾ നൽകിയ മൊഴിയിൽ അന്വേഷണം സഫ്‌വാനിലേക്ക് എത്തുകയിരുന്നു. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട സഫ്‌വാനുമായി യുവതി ഒൻപതു വർഷമായി സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ ചാറ്റ് ഹിസ്റ്ററി നശിപ്പിച്ച നിലയിലായിരുന്നു. സഫ്‌വാൻ വേറൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്നുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. വിവാഹത്തിന് തൊട്ടുമുൻപായിരുന്നു ആത്മഹത്യ നടന്നത്.
Also Read:
യുവതിയെ കാണാതായ വിവരമറിഞ്ഞയുടൻ അരമങ്ങാനത്തെ വീട്ടിലെത്തിയ സഫ്‌വാൻ ബന്ധുക്കളുമായുള്ള പരിചയം മുതലെടുത്ത് തന്ത്രപൂർവം മൊബൈൽ ഫോൺ കൈക്കലാക്കുകയും ചാറ്റ് ഹിസ്റ്ററിയും ഫോട്ടോകളും നശിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് കോടതിക്ക് കൈമാറിയ ശേഷം മൊഴിയെടുക്കുന്നതിന് ബുധനാഴ്ച മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഫ്‌വാനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് കാഞ്ഞങ്ങാട് സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.