കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ അക്രമം. കിറ്റക്സ് കമ്പനി തൊഴിലാളികൾക്കായി നിർമിച്ച ക്യാമ്പിലാണ് അക്രമം നടന്നത്. രാത്രി 12 മണിയോടെയാണ് അക്രമസംഭവങ്ങൾ ആരംഭിച്ചത്. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ അക്രമം പോലീസിനും നാട്ടുകാർക്കും നേരെ വ്യാപിക്കുകയായിരുന്നു.
അക്രമി സംഘം നിരവധി പേരെ ആക്രമിച്ചു. ഒരു പോലീസ് വാഹനത്തിന് തീവച്ചു. പ്രതികളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ക്രിസ്മസ് ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. ക്രിസ്മസ് ദിന ആഘോഷങ്ങളുടെ ഭാഗമായി തൊഴിലാളികൾ മദ്യവും കഞ്ചാവും ഉപയോഗിച്ചെന്ന് സൂചനയുണ്ട്. ആഘോഷത്തിനിടെ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷമാണ് അക്രമത്തിൽ കലാശിച്ചത്.
ALSO READ: പരാതി അന്വേഷിക്കാനെത്തിയ പോലീസുകാർക്ക് നേരെ ആക്രമണം, 2 പേർ അറസ്റ്റിൽ
അക്രമം ചിത്രീകരിക്കാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ സംഘം തിരിയുകയായിരുന്നു. നാട്ടുകാരുടെ മൊബൈൽ ഫോൺ നശിപ്പിച്ചു. നിരവധി പേരെ ആക്രമിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘത്തെ അക്രമികൾ വളഞ്ഞിട്ട് മർദിച്ചു. പോലീസുകാർ വാഹനത്തിൽ ഉള്ളപ്പോൾ തന്നെ വാഹനത്തിന് തീയിട്ടു. പോലീസുകാർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് അക്രമം നിയന്ത്രിച്ചത്.
നിരവധി പോലീസുകാർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങൾക്ക് നേരെ കല്ലേറും ഉണ്ടായി. പുലർച്ചെ നാല് മണിയോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ലാത്തിച്ചാർജ് ഉൾപ്പെടെ നടത്തിയാണ് പോലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. അക്രമം നടത്തിയ നൂറോളം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കിറ്റക്സിന്റെ തൊഴിലാളി ക്യാമ്പിലെ താമസക്കാർ സ്ഥിരം പ്രശ്നക്കാരാണെന്നും നാട്ടുകാരോടുള്ള ഇവരുടെ സമീപനം വളരെ മോശമാണെന്നും പ്രദേശവാസികൾ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...