Shahana Death Case: ഫുഡ് ഡെലിവറിയുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം; ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന് പോലീസ്

മയക്കു മരുന്ന് വിൽപന നടത്തുന്നുണ്ടെങ്കിലും ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് പോലീസ് കണ്ടെത്തിയിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : May 14, 2022, 01:34 PM IST
  • സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
  • മയക്കു മരുന്ന് വിൽപന നടത്തുന്നുണ്ടെങ്കിലും ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് പോലീസ് കണ്ടെത്തിയിട്ടില്ല.
  • എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Shahana Death Case: ഫുഡ് ഡെലിവറിയുടെ മറവിൽ മയക്കുമരുന്ന് വ്യാപാരം; ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും വീട്ടിൽ നിന്ന് കണ്ടെത്തിയെന്ന് പോലീസ്

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന് പോലീസ്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നതെന്ന് പോലീസ് അറിയിച്ചു. സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മയക്കു മരുന്ന് വിൽപന നടത്തുന്നുണ്ടെങ്കിലും ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് പോലീസ് കണ്ടെത്തിയിട്ടില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുധർശന്റെ നേതൃത്ത്വത്തിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. 

അതേസമയം ഷഹനയുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നെന്ന് അമ്മ ഉമൈബ വെളിപ്പെടുത്തി. ഷഹനയുടെ രണ്ട് ചെവികളിലും നീലിച്ച പാടുകളുണ്ട്. അടിച്ചതുപോലെയുള്ള പാടുകളാണ്. രണ്ട് കൈക്കും പൊട്ടലുണ്ട്. കഴുത്തിലും വിരലുകൾ അമർന്നതുപോലുള്ള പാടുകളുണ്ടെന്നും ഉമൈബ പറയുന്നു. പലദിവസങ്ങളിലും ഭക്ഷണം നൽകാറില്ലെന്ന് മകൾ പറയുമായിരുന്നെന്നും മകളെ കൊന്നുകളയുമെന്ന് സജാദ് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഉമൈബ പറഞ്ഞു.

Also Read: ഷഹനയും സജാദും തമ്മിൽ എന്നും വഴക്ക്: നാട്ടുകാർ എത്തിയാൽ പിന്നെ സ്നേഹം

 

ഭർത്താവിന്റെ വീട്ടിലെ പീഡനം സഹിക്കാനാകാതെയാണ് ഷഹന പറമ്പിൽ ബസാറിൽ വാടക വീടെടുത്ത് താമസം മാറിയത്. എന്നാൽ ഇവിടെയും സജാദ് ഷഹനയെ പീഡിപ്പിക്കുന്നത് തുടർന്നുവെന്നാണ് ഉമൈബയും ബന്ധുക്കളും പറയുന്നത്. പോലീസിൽ പരാതി നൽകാൻ ഷഹന തുനിഞ്ഞെങ്കിലും സജാദിന്റെ സുഹൃത്തുക്കൾ പിന്തിരിപ്പിച്ചുവെന്നും ഷഹനയുടെ കുടുംബം പറയുന്നു. സ്ത്രീധന പീഡനവും ആത്മഹത്യാപ്രേരണക്കുറ്റവും ചുമത്തി സജാദിനെ ഇന്നലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: Shahana Death: ഷഹനയുടെ ഇരുചെവികളിലും നീലിച്ച പാടുകൾ, രണ്ട് കൈക്കും പൊട്ടൽ; മോഡലിന്റെ മരണത്തിൽ ദുരൂഹതയേറുന്നു

 

ഷഹനയും സജാദും താമസിച്ചിരുന്ന വീട്ടിൽ നിന്ന് എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ മയക്കുമരുന്നുകളാണെന്ന് സംശയിക്കുന്ന വസ്തുക്കളും കഞ്ചാവും കണ്ടെത്തി. ഇത് ലഹരിമരുന്നാണോയെന്ന് ഉറപ്പ് വരുത്തുന്നതിനായി രാസ പരിശോധന നടത്തുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർശൻ പറഞ്ഞു. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.

Trending News