കൊല്ലം: വൃദ്ധയെ മർദ്ദിച്ചതിന് റിമാൻഡിലായിരുന്ന പലിശക്കാരൻ ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമിച്ചതായി പരാതി.കൊല്ലത്ത് കടയ്ക്കൽ ചിതറയിലാണ് സംഭവം. പണത്തിന് ഈടായി നൽകിയ വസ്തു തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. ചിതറ പൊലീസ് അന്വേഷണം തുടങ്ങി.
പാങ്ങോട് , ഭരതന്നൂർ , അംബദ്ക്കർ കോളനിയിൽ ബ്ലോക്ക് നമ്പർ 12ൽ താമസിക്കുന്ന മല്ലികയെയാണ് പലിശക്കാരൻ ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ മല്ലിക ചികിത്സ തേടി. പാങ്ങോട് സ്വദേശിയായ ഷെറീഫാണ് ആക്രമിച്ചത്. പത്തു വർഷം മുമ്പ് മകളുടെ വിവാഹാവശ്യത്തിനായി ഷെറീഫിൽ നിന്ന് ഒരുലക്ഷം രൂപ മല്ലിക കടംവാങ്ങിയിരുന്നു.
15 സെന്‍റ് വസ്തുവിന്‍റെ പ്രമാണം ഈടായി നൽകിയാണ് പണം വാങ്ങിയത്. ഇതിന്‍റെ പലിശ അടച്ചുവരുന്നതിനിടെ ചെറുമകന്‍റെ ഹൃദയശസ്ത്രക്രിയയ്ക്കായി ഒരു ലക്ഷം കൂടി വാങ്ങി. ഹോം നഴ്സായി പലയിടങ്ങളിൽ ജോലിചെയ്തിരുന്ന മല്ലിക സുഖമില്ലാതെ കിടപ്പായതോടെ രണ്ടു മാസം പലിശ മുടങ്ങി.
ഇതേത്തുടർന്ന് നെടുമങ്ങാട് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങി, ഷെറീഫ് വസ്തുവിൽ നിന്ന് മല്ലികയെ ഇറക്കിവിടാൻ ശ്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഈ കേസിൽ ഇയാളെ കോടതി റിമാൻഡ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഷെറീഫും മൂന്നു സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം മല്ലികയെ മർദ്ദിക്കുകയായിരുന്നു.
180000 രൂപ പലിശയിനത്തിൽ മല്ലിക ഷെറീഫിന് നൽകിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി മല്ലിക അനുകൂല വിധിയും കോടതിയിൽ നിന്ന് നേടിയിരുന്നു. പണം വേണ്ടെന്നും പകരം വസ്തു തന്‍റെ പേരിലാക്കി നൽകണമെന്നും ആവശ്യപ്പെട്ടാണ് ഷെറീഫ് മർദ്ദിച്ചതെന്ന് മല്ലിക പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...