ന്യൂഡൽഹി: ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സറൈ കാലെ ഖാനിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന് സമീപത്തായാണ് യുവതിയുടെ ശരീരഭാഗങ്ങൾ ഉള്ള വെള്ള പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ശ്രദ്ധ വാൽക്കർ കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേയാണ് ഡൽഹിയിൽ വീണ്ടും അതിക്രൂരമായ കൊലപാതകം നടക്കുന്നത്.
വിവരം അറിഞ്ഞെത്തിയ പോലീസ് ശരീരഭാഗങ്ങൾ വീണ്ടെടുത്ത് പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് അയച്ചു. ശരീരഭാഗങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫൊറൻസിക് ഉദ്യോഗസ്ഥരും പോലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തി.
അടുത്തിടെയാണ് ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കാമുകൻ കൊന്ന് കഷ്ണങ്ങളായി മുറിച്ച് വിവിധ ഭാഗങ്ങളിൽ വലിച്ചെറിഞ്ഞ സംഭവം നടന്നത്. കേസിൽ അഫ്താബ് പൂനെവാല എന്ന യുവാവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒപ്പം താമസിച്ചിരുന്ന ശ്രദ്ധ വാൽക്കറെ കൊലപ്പെടുത്തി മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിച്ച് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടിടുകയായിരുന്നു.
Crime News: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം: കാരേറ്റിന് സമീപം പേടികുളത്ത് ഗൃഹനാഥൻ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ രാജേന്ദ്രനാണ് ഭാര്യ ശശികലയെ കൊന്നശേഷം ജീവനൊടുക്കിയത്.സംഭവം പുറത്തറിയുന്നത് ഇന്നലെ രാത്രി 12 മണിയോടെയാണ്.
എറണാകുളത്ത് താമസിക്കുന്ന രാജേന്ദ്രന്റെ മകൻ സുഹൃത്തിനോട് ഫോൺ വിളിച്ച് വീട്ടിൽ എന്തോ പ്രശ്നം നടക്കുന്നുവെന്നും പോയി നോക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് സുഹൃത്ത് വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വാതിലിൽ പലതവണ മുട്ടി വിളിച്ചെങ്കിലും ആരും പുറത്തിറങ്ങിയില്ല. ശേഷം ഫോൺ വിളിച്ചപ്പോൾ വീട്ടിനുള്ളിൽ നിന്നും ബെല്ലടിക്കുന്ന ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു.
തുടർന്ന് മകന്റെ സുഹൃത്ത് രാജേന്ദ്രന്റെ സഹോദരനെ വിളിച്ചു വരുത്തിയ ശേഷം കിടപ്പുമുറിയിലെ ജനാലയുടെ ഗ്ലാസ് പൊട്ടിച്ച് നോക്കുമ്പോൾ മുഖത്ത് തലയിണയുമായി കട്ടിലിൽ മരിച്ചനിലയിൽ കിടക്കുന്ന ശശികലയെ കണ്ടു. രാജേന്ദ്രനെ തിരഞ്ഞപ്പോൾ വീടിന്റെ മുൻ വശത്തെ മറ്റൊരു മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിന് കാരണം കുടുംബ വഴക്കാണെന്നാണ് പറയുന്നത്. ശശികലയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞെത്തിയ കിളിമാനൂർ പൊലീസ് പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...