AK Antony's Loyalty: ആന്റണിയുടെ കൂറ്... ആ വാക്കുകളില്‍ പതിയിരിക്കുന്ന അപകടം; ബിജെപിയ്ക്ക് അടിയ്ക്കാനുള്ള ഒരു വടി കൂടി

AK Antony's Loyalty towards the Nehru Family: കോൺഗ്രസ് പാർട്ടിയോടും ഇന്ത്യൻ ഭരണഘടനയോടും മാത്രമാണ് തന്റെ കൂറ് എന്നായിരുന്നു എകെ ആന്റണി പറഞ്ഞിരുന്നതെങ്കിൽ, അതായിരുന്നു ഏറ്റവും മികച്ച മറുപടി.

Written by - Binu Phalgunan A | Last Updated : Apr 7, 2023, 12:30 PM IST
  • ബിജെപിയുടെ എക്കാലത്തേയും വലിയ ആരോപണമാണ് കോൺഗ്രസിലെ കുടുംബ വാഴ്ച
  • ഈ ആരോപണത്തെ പരസ്യമായി ശരിവയ്ക്കുകയാണ് എകെ ആന്റണി ചെയ്തത്
  • അനിലിന്റെ ബിജെപി പ്രവേശനത്തെ പോലും ന്യായീകരിക്കാനുതകുന്നതായിരുന്നു ആന്റണിയുടെ പ്രതികരണം
AK Antony's Loyalty: ആന്റണിയുടെ കൂറ്... ആ വാക്കുകളില്‍ പതിയിരിക്കുന്ന അപകടം; ബിജെപിയ്ക്ക് അടിയ്ക്കാനുള്ള ഒരു വടി കൂടി

മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേര്‍ന്നത് എകെ ആന്റണിയെ പോലെ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ സംബന്ധിച്ച് വലിയ തിരിച്ചടിയും ഏറെ ദു:ഖകരവും ആണെന്നതില്‍ ഒരു തര്‍ക്കവും ഇല്ല. തന്റെ വേദനയും നിരാശയും എല്ലാം കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തില്‍ അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു. 82 വയസ്സുള്ള ഒരു വന്ദ്യ വയോധികന്റെ വികാര പ്രകടനത്തില്‍ സംശയം പ്രകടിപ്പിക്കേണ്ട ഒരു കാര്യവും ഇല്ല.

പക്ഷേ, ആന്റണി പറഞ്ഞ ചില വാക്കുകള്‍ കോണ്‍ഗ്രസിനും അദ്ദേഹത്തിനും തിരിച്ചടിയായിക്കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം. മകന്റെ ബിജെപി പ്രവേശനത്തെ തള്ളിപ്പറഞ്ഞ എകെ ആന്റണി തന്റെ കൂറ് പ്രകടിപ്പിച്ചത് ആരോടാണ് എന്നതാണ് ഏറ്റവും വലിയ ചോദ്യം. കോണ്‍ഗ്രസ് പാര്‍ട്ടി കാലങ്ങളായി നേരിടുന്ന വിമര്‍ശനത്തേയും ദുഷ്‌പേരിനേയും അരക്കിട്ടുറപ്പിക്കുകയായിരുന്നു എകെ ആന്റണി എന്ന തലമുതിര്‍ന്ന നേതാവ്. 

Read Also: ആളെക്കൂട്ടുന്നവരെ കൂടെക്കൂട്ടാന്‍ കഴിയാത്ത ബിജെപി; ഒരു വാര്‍ത്തക്കപ്പുറം സ്വാധീനം സൃഷ്ടിച്ച എത്രപേരുണ്ട്?

നെഹ്‌റു കുടുംബത്തോടായിരിക്കും എന്നും തന്റെ കൂറ് എന്നാണ് എകെ ആന്റണി പറഞ്ഞവസാനിപ്പിച്ചിരിക്കുന്നത്. ബിജെപിയെ സംബന്ധിച്ച് കോണ്‍ഗ്രസിനെ അടിക്കാനുള്ള ഏറ്റവും വലിയ വടിയാണ് ആന്റണി തന്നെ വെട്ടി നല്‍കിയത് എന്ന് നിസ്സംശയം പറയാം. കോണ്‍ഗ്രസ് പാര്‍ട്ടിയോടും ഭരണഘടനയോടും ആണ് തന്റെ കൂറ് എന്ന് ആന്റണി പറഞ്ഞിരുന്നെങ്കില്‍ അത് ആ പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ കടമയായി വിലയിരുത്തപ്പെട്ടേനെ. എന്നാല്‍ പാര്‍ട്ടിയേക്കാള്‍ മുകളില്‍ ആന്റണി കാണുന്നത് നെഹ്‌റു കുടുംബത്തെ ആണെന്നത് തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ കോൺഗ്രസ് പ്രവർത്തകനും ഒരു കുടുംബത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന അനിലിന്റെ വിമർശനത്തിന് ഒരു പക്ഷേ, മറുപടി നൽകാൻ ശ്രമിച്ചതായിരിക്കാം ആന്റണി എന്ന് ചിലർ വിലയിരുത്തുന്നുണ്ട്. അതിനുള്ള മറുപടി ഇങ്ങനെ ആയിരുന്നില്ല വേണ്ടിയിരുന്നത്.

ബിജെപി എന്നും ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു വിമര്‍ശനത്തെ ഏറെ നിര്‍ണായകമായ ഒരു സമയത്ത് എകെ ആന്റണി സ്ഥിരീകരിച്ചുനല്‍കി എന്നും ഇതിനെ വിലയിരുത്താം. കുടുംബവാഴ്ച എന്ന ഏറ്റവും ദുഷിച്ച ഒരു ആരോപണം കോണ്‍ഗ്രസിനുള്ളില്‍ യാഥാര്‍ത്ഥ്യമെങ്കില്‍ തന്നെയും എകെ ആന്റണി ഇത്തരമൊരു ഘട്ടത്തില്‍ എന്തിന് നെഹ്‌റു കുടുംബത്തോട് തന്റെ കൂറ് തെളിയിക്കാന്‍ കഷ്ടപ്പെടുന്നു എന്നത് ചോദ്യമാണ്. കോണ്‍ഗ്രസിനെതിരെ അനില്‍ ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം അയാള്‍ക്ക് മാത്രമാണ് ഉത്തരവാദിത്തം എന്ന സത്യത്തിന് അപ്പുറം എകെ ആന്റണി ഭയപ്പെടുന്നത് എന്ത് എന്നതും സംശയത്തിന്റെ മുനയില്‍ തന്നെ നില്‍ക്കും.

Read Also: കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ല, മോദിയുടെ കൂടെ പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് തോന്നി: അനിൽ ആൻറണി

'സ്വാതന്ത്ര്യസമരകാലം മുതല്‍ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വര്‍ണമോ വര്‍ഗമോ നോക്കാതെ, എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ കണ്ട ഒരു കുടുംബമാണ് നെഹ്‌റു കുടുംബം. ഇന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യം സംരക്ഷിക്കാന്‍ വേണ്ടി, വേട്ടയാടലുകള്‍ക്കിടയിലും നിര്‍ഭയമായ വിട്ടുവീഴ്ചയില്ലാതെ പോരാടുന്നവരാണ് ആ കുടുംബാംഗങ്ങള്‍. ഒരു കാലഘട്ടത്തില്‍ എന്നോടൊപ്പമുണ്ടായിരുന്ന ആളുകളെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചത് ഇന്ദിര ഗാന്ധി ആയിരുന്നു. ഒരു ഘട്ടത്തില്‍ ഇന്ദിര ഗാന്ധിയുമായി അകന്നുപോയി. വീണ്ടും ഇന്ദിര ഗാന്ധിയുമായി യോജിച്ച്, ഇന്ദിര ഗാന്ധിയുടെ നേതൃത്വം അംഗീകരിച്ചുകൊണ്ട് കോണ്‍ഗ്രസില്‍ തിരിച്ചുവന്നതിന് ശേഷം ഇന്ദിര ഗാന്ധിയോടും ആ കുടുംബത്തോടും മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആദരവും സ്‌നേഹവും ഉണ്ടായിട്ടുണ്ട്. അത് മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമൂല്യം സംരക്ഷിക്കാന്‍ വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്നതിന്റെ മുന്‍പന്തിയിലുള്ളത് ആ കുടുംബം തന്നെയാണ്. അതുകൊണ്ടുതന്നെ, എന്റെ കൂറ് എല്ലാക്കാലത്തും ആ കുടുംബത്തോടൊപ്പമായിരിക്കും.'

എകെ ആന്റണിയുടെ നെഹ്‌റുകുടുംബ വാഴ്ത്തുകളും കൂറ് പ്രഖ്യാപനവും ഇങ്ങനെയാണ് പോകുന്നത്. എകെ ആന്റണിയുടെ പ്രതികരണത്തിന് ശേഷം ബിജെപി കേന്ദ്രങ്ങള്‍ അനിലിനെ ന്യായീകരിക്കുന്നത് ആന്റണിയുടെ തന്നെ വാക്കുകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അനിലിനെ തള്ളി, ആന്റണിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുണ്ടെങ്കിലും, ആന്റണിയുടെ വാക്കുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളില്‍ തന്നെ വിയോജിപ്പ് സൃഷ്ടിച്ചുകൊണ്ടിരിക്കും.  ബിജെപി നേതാക്കൾ ആന്റണിയുടെ ഇതേ വാക്കുകൾ ഉപയോ​ഗിച്ച് കോൺ​ഗ്രസിനെ വേട്ടയാടിക്കൊണ്ടേയിരിക്കും. 

ഇതിനിടയിലും എകെ ആന്റണി എന്ന കോൺ​ഗ്രസ് നേതാവിന് കിട്ടുന്ന പ്രിവിലേജിനെ കുറിച്ച് പറയാതിരിക്കാൻ ആവില്ല. അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിന്റെ പേരിൽ ആന്റണി വേട്ടയാടപ്പെടുന്നില്ല എന്നത് മാത്രമല്ല, അദ്ദേഹത്തിന്റെ വൈകാരികാവസ്ഥയ്ക്ക് പിന്തുണ നൽകാനും അദ്ദേഹത്തെ ആശ്വസിപ്പിക്കാനും അദ്ദേഹത്തിന്റെ ദു:ഖം പങ്കിടാനും  ആണ് മുഖ്യധാരാ മാധ്യമങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. അനിൽ ആന്റണി പോലും മൃദുവിമർശനത്തിന്റെ തലോടലാണ് ഏറ്റുവാങ്ങുന്നത്. അൽപകാലം മുമ്പ് പിസി ചാക്കോയും ടിവി തോമസും കോൺഗ്രസ് വിട്ടകാലത്ത് കാണിച്ച ആക്രമണോത്സുകത ഈ ഘട്ടത്തിൽ ഒട്ടുമിക്ക മാധ്യമങ്ങളും കാണിക്കുന്നതേയില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News