ബലിതര്‍പ്പണം വീട്ടില്‍ ചെയ്യുന്നതിന് വേണ്ടി ആവശ്യമായ പൂജാദ്രവ്യങ്ങള്‍,
നിലവിളക്ക്, ചന്ദനം, നെല്ല് എള്ള് ,
അരിചോറ് (നെയ്യ്, തേൻ ചേർത്ത് ) കിണ്ടി, പൂവ് ,
ദർഭയിൽ ഉണ്ടാക്കിയ
പവിത്രം
കുറുമ്പുല്ല്
കൂർച്ചം
( പവിത്രം :- മൂന്ന് തുമ്പോട് കൂടിയ ദർഭപുല്ല് പവിത്രക്കെട്ടോടുകൂടി കെട്ടിയതാണ് ,
ഒരു ചാൺ നീളമുള്ള 9 തുമ്പില്ലാത്ത ദർഭ പുല്ലുകൾ ചേർന്നതാണ് കുറുമ്പുല്ല് ,
ഒരു ചാൺ നീളത്തിൽ തുമ്പുള്ള മൂന്നു ദർഭ പുല്ല് ചേർത്ത് കെട്ടിയതാണ് കൂർച്ചം )
ചന്ദനത്തിരി , 3 വാഴയില ഇത്രയും സാധനങ്ങൾ വേണം
കിഴക്കും പടിഞ്ഞാറും ജ്വാല വരുന്ന രീതിയിൽ വിളക്കിൽ തിരിയിട്ട് കത്തിച്ച്
അല്ലെങ്കിൽ അഞ്ചു തിരിയിട്ട വിളക്ക് കത്തിച്ച്
ബലിയിടുന്നയാൾ
തെക്കോട്ട് നോക്കി ഇരുന്ന് ഇലയുടെ നാക്ക് (തുമ്പ്) തെക്കോട്ട് വരണം
നമുക്ക് പിതൃപൂജ തുടങ്ങാം
ഹരി ശ്രീ ഗണപതയേ നമ:
അവിഘ്നമസ്തു
ശ്രീ ഗുരവേ നമ:
ഇടതുകാൽ മുന്നിൽ മുട്ടുകുത്തി ഇരുന്നു
ഭസ്മമെടുത്ത് ജലവുമായി ചേർത്ത് അത് നെറ്റിയിലും കഴുത്തിലും
2 ഭുജങ്ങളിലും നെഞ്ചിലും വയറ്റിലും ധരിക്കുക
കൈ മാറ്റി കഴുകി പവിത്രമോതിരം വലുത് കൈയുടെ മോതിര വിരലിൽ ധരിക്കുക
പറയുക :
ഓം പവിത്രം പാപനാശനം ആയുസ്സ് തേജോബലം സൗഖ്യം
ക്ഷേത്ര പിണ്ഡം ക്രിയാർഹകം പവിത്ര ധാരണം നമ:
ചന്ദനവും അക്ഷതവും (നെല്ല്) പൂവും ചേർത്ത്
ഗംഗ ആവാഹന മന്ത്രം പറയുക
ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു
ഈ മന്ത്രത്താൽ പരമശിവ ശിരസ്സിൽ ഉള്ള ഗംഗാദേവിയെ ആവാഹിക്കുന്നത് ആയി സങ്കൽപ്പിച്ചുകൊണ്ട് ഈ പൂവും ചന്ദനവും നെല്ലും കിണ്ടിക്ക് ഉള്ളിലേക്ക് ഇട്ട് രണ്ട് കൈകളും കൊണ്ട് അടച്ച് കിണ്ടി ഉയർത്തി താഴെ വയ്ക്കുക
കുറച്ചു തീർത്ഥം കയ്യിലെടുത്തു പൂജ ദ്രവ്യങ്ങളിൽ തളിച്ച് വീണ്ടും കുറച്ചു
തീർത്ഥജലം എടുത്തു അത് സ്വന്തം ശരീരത്തിലും തളിച്ച് ശുദ്ധിയാക്കുക
ഒരു പൂവ് എടുത്തു ഗണപതിയെ പ്രാർത്ഥിച്ച് മുൻപിലേക്ക് ഇട്ടു തൊഴുത് ഈ പൂജയിൽ ഒരു വിഘ്നവും വരുത്തരുതെന്ന് വിഘ്നേശ്വര ഭഗവാനെ പ്രാർത്ഥിക്കുക
ദർഭയിൽ ഉണ്ടാക്കി വച്ചിരിക്കുന്ന കുറുമ്പുല്ല് എടുത്ത് അതിൽ ചന്ദനവും എള്ളും പൂവും അതിൽ കുറച്ച് ജലവും ചേർത്തു കൂട്ടി രണ്ട് ചെവിക്കും പിന്നിലായി ഗണപതിമുട്ട് പിടിച്ച് പറയുക
ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ
ദേശസങ്കല്പം ആയി പറയുക
കലിയുഗേ
ശാർവ്വരി നാമ സംവത്സരേ ദക്ഷിണായനെ കർക്കിടകമാസെ അമാവാസി തിഥൗ
പുണർതം നക്ഷത്രെ ഏവം സകല ഗുണ വിശേഷണ വിശിഷ്ടായാം സ്വഗൃഹേ സഹകുടുംബാനാം ക്ഷേമ സ്ഥൈര്യ വീര്യ വിജയ ആയുരാരോഗ്യ ഐശ്വര്യ അഭിവൃദ്ധ്യർത്ഥം പുത്ര പൗത്രാദി അഭിവൃദ്ധ്യർത്ഥം
(മരിച്ചുപോയ പിതൃക്കളെ സങ്കൽപ്പിച്ച് അവരുടെ പേര് മരിച്ചനക്ഷത്രം രൂപം മനസ്സിൽ ധരിക്കുക( കണ്ണടച്ച്) )
പിതൃ തൃപ്ത്യർത്ഥം പിതൃപിണ്ഡ പ്രധാന പൂജ സങ്കല്പ ആചാര്യ മുഖേന കാര്യഷ്യെ
മദ്ധ്യത്തിൽ തയ്യാറാക്കിവച്ചിരിക്കുന്ന തുമ്പിലയിൽ തെക്കോട്ട് തുമ്പായി വരുന്ന രീതിയിൽ നിരത്തി പിതൃക്കൾക്ക് ഇരിക്കുവാനുള്ള പീഠമായി സങ്കൽപ്പിച്ച് വയ്ക്കുക
ഒരു പൂവെടുത്ത് പ്രാർത്ഥിച്ച് മാതൃ ലോകത്തുനിന്നും പിതൃ ലോകത്തു നിന്നും ആവാഹിച്ച് കൊണ്ടുവരുന്ന പിതൃക്കൾക്ക് ഇരിക്കുവാനുള്ള
പീഠം സമർപ്പയാമി
പീഠത്തിന്മേൽ ഈ പൂവ് വച്ച് തൊഴുതു
തില ഗന്ധ പുഷ്പം ജലവുമായി ചേർത്ത് മുമ്മൂന്ന് ( എള്ള് ചന്ദനം പൂവ് ഓരോന്നും മൂന്ന് പ്രാവശ്യം) അർച്ചിച്ച് അഭിഷേകം ചെയ്തു പറയുക
Also Read:കർക്കിടകത്തിലെ നാലമ്പല തീർത്ഥാടനം മഹാപുണ്യം...
ബ്രഹ്മ ദേവായ നമ
മഹാദേവായ നമ
നാരായണായ നമ:
പൂവ് ഇരിക്കുന്ന ഇലയിലുള്ള കൂർച്ചം എടുത്തു എള്ളും ചന്ദനവും പൂവും കുറച്ചു ജലവും ചേർത്ത് തൊഴുതു
മരിച്ചുപോയ പിതൃക്കളുടെ പേര് മരിച്ച നക്ഷത്രം. രൂപം സകൽപ്പിച്ച് മുഖത്ത് മൂന്ന് പ്രാവശ്യം അപ്രദക്ഷിണം ആയി ഉഴിഞ്ഞ് പറയുക
ഏഹ്യേഹി ആഗച്ഛ ആഗച്ഛ ആവാഹയാമി
പിതൃക്കളുടെ സാന്നിധ്യം കൂർച്ചത്തിൽ വന്നു എന്ന് സങ്കൽപ്പിച്ച് ആ കൂർച്ചം ഇലയിലെ പീഠത്തിന്മേൽ വയ്ക്കുക
ഒരു പൂവെടുത്ത് തൊഴുത് പറയുക
സന്നിഹിതോ ഭവ
ആ പൂവ് കൂർച്ചത്തിന് മേൽ തൊഴുത് അർച്ചിച്ച്
തില ഗന്ധ പുഷ്പം മുമ്മൂന്ന് അർച്ചിച്ച്
ബ്രഹ്മ ദേവായ നമഃ
മഹാദേവായ നമ
നാരായണായ നമ
പറഞ്ഞ് അഭിഷേകം ചെയ്തു
ധൂപം സമർപ്പയാമി
ദീപം സമർപ്പയാമി
എന്ന് സങ്കൽപ്പിച്ച് ഒരു പൂവും അർച്ചിക്കുക സമർപ്പയാമി എന്ന് പറയുക
പവിത്രം ഊരി ദ്രവ്യം ഇരുന്ന ഇലയിൽ വച്ച്
ബലിച്ചോറ് 3 ഉരുളയായി പഴവും ചേർത്ത് ഉരുട്ടി പിണ്ഡം ആക്കി ചോറ് ഇരുന്ന ഇലയിൽ തന്നെ വയ്ക്കുക
കൈകൾ മാറ്റി കഴുകി
പവിത്ര മോതിരം ധരിച്ച്
ആദ്യമായിട്ട് ഒരു പിണ്ഡം കയ്യിലെടുത്ത് കുറച്ചു ജലവും ചേർത്ത്
തൊഴുതു പിടിച്ച് പറയുക
മാതൃ മാതാമഹീ പിണ്ഡം സമർപ്പയാമി
എന്ന് പറഞ്ഞുകൊണ്ട് മാതൃവഴിയിലുള്ള എല്ലാ പിതൃക്കളെയും പേര്
മരിച്ച നക്ഷത്രം രൂപം സങ്കൽപ്പിച്ച്
കൂർച്ചതിന്മേൽ വച്ച് പിണ്ഡം ഊട്ടി
വീണ്ടുമൊരു പിണ്ഡമെടുത്ത് ജലവുമായി ചേർത്തു തൊഴുതു പിടിച്ചുകൊണ്ട് പിതൃവഴിയിൽ മരിച്ചു പോയിട്ടുള്ള എല്ലാ പിതൃക്കളെയും സങ്കൽപ്പിച്ച്
അവരുടെ പേര് നക്ഷത്രം രൂപം മനസ്സിൽ ധ്യാനിച്ച്
പിതൃ പിതാമഹ പിണ്ഡം സമർപ്പയാമി
കൂർച്ചത്തിൻമേൽ വയ്ക്കുക
മൂന്നാമത്തെ പിണ്ഡം ജലവുമായി ചേർത്ത് അത് തൊഴുതു പിടിച്ചുകൊണ്ട്
നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മളെ വിട്ടു പോയിട്ടുള്ള പിതൃക്കളെ സങ്കൽപ്പിച്ചുകൊണ്ട് പറയുക
ജ്ഞാതാജ്ഞാതപിണ്ഡം സമർപ്പയാമി
തിലഗന്ധ പുഷ്പം ജലവുമായി ചേർത്ത് മുമ്മൂന്ന് അർച്ചിച്ച് പറയുക
ബ്രഹ്മദേവായ നമ:
മഹാദേവായ നമ
നാരായണായ നമ
വസ്ത്രത്തിൽ നിന്നും ഒരു നൂല് എടുത്തു അത് ജലവുമായി ചേർത്ത്
വസ്ത്ര അർഥം
സൂത്രം സമർപ്പയാമി (തെക്ക് വടക്കായി)
അതിൽ തിലഗന്ധ പുഷ്പം മുമ്മൂന്ന് അർച്ചിച്ച്
ബ്രഹ്മദേവായ നമ
മഹാദേവായ നമ
നാരായണായ നമ:
എണീറ്റുനിന്ന് കൈ ഉയർത്തി കൈകൊട്ടി അപ്രദക്ഷിണമായി വലം വച്ച് പറയുക
യാനി കാനി ച പാപാനി ജന്മാന്തരകൃതാനിച
താനി താനി വിനശ്യന്തു പ്രദക്ഷിണ പദേ പദേ
മുട്ടുകുത്തി ഇരുന്നു തൃപ്തി ആകുന്നതുവരെ പിതൃ പാദങ്ങളിൽ നമസ്ക്കരിച്ചു
ഇരുന്ന്
ചോറ് ഇരുന്ന ഇലയിൽ നിന്ന് ഒരു ചോറ് എടുത്ത് മണത്തു
ഘ്രാണ ഭക്ഷണം സമർപ്പയാമി
എന്ന് പറഞ്ഞുകൊണ്ട് പുറകിലേക്ക് കളയുക
എന്നിട്ട്
തൊഴുത് പറയുക
മന്ത്രഹീനം ഭക്തിഹീനം ക്രിയാഹീനം മഹേശ്വര
സർവ്വം ക്ഷമസ്വ പാപേഭ്യൊ മുഞ്ചത്വം പിതൃൻ മമ:
അച്യുതാനന്ദ ഗോവിന്ദ വാസുദേവ ജനാർദ്ദന
പിതൃശാപം ശീഘ്രം വംശ വൃദ്ധിം പ്രയച്ഛ മെ
കൂർച്ചത്തിൻ കെട്ട് അവിടെ വച്ച് തന്നെ അഴിച്ച് അതിൽ കുറച്ച് ജലം കിണ്ടിയിൽ നിന്ന് ഒഴിച്ചു തൊഴുത്
പവിത്രം കയ്യിൽ നിന്ന് ഊരി കെട്ടഴിച്ചു അതിനെയും പൂവിരുന്ന ഇലയിൽ വച്ച്
അവിടെയുള്ള ബാക്കി ദ്രവ്യം എല്ലാം എടുത്തു അത് പൂവിരുന്ന ഇലയിൽ വച്ച്
പിണ്ഡം ഇരുന്ന ഇല അതോടുകൂടി എല്ലാറ്റിനും മേലെ വച്ച്
പ്രാർത്ഥിച്ചു ജലത്തിൽ നിക്ഷേപിച്ച്
കുളിച്ച് ശുദ്ധിയായി പിതൃപൂജ പൂർത്തിയാക്കാവുന്നതാണ്