എടവനക്കാട്ടുകാരൻ പത്മനാഭൻ പിള്ളയുടേയും സരോജത്തിന്റേയും മകനായി ജനിച്ച ഗോപാലകൃഷ്ണൻ ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് അധികമാരും പ്രതീക്ഷിച്ചുകാണില്ല. സ്വപ്നം കാണാൻ മാത്രം കഴിയുമായിരുന്ന ഒരു ജീവിതവും അതിനപ്പുറമുള്ള പ്രശസ്തിയും എല്ലാം ആ ഗോപാലകൃഷ്ണന്റെ കാൽക്കീഴിലേക്ക് പതിയെ പതിയെ വരികയായിരുന്നു. ഗോപാലകൃഷ്ണൻ പിന്നെ പെട്ടെന്നൊരു നാൾ ദിലീപ് ആയി മാറി. മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി. സൂപ്പർ താരങ്ങൾ പോലും ഉടക്കാൻ മടിയ്ക്കുന്ന സർവ്വ പ്രതാപിയായി. അങ്ങനെയിരിക്കെയാണ് നടി ആക്രമിക്കപ്പെടുന്നതും അത് ദിലീപിന്റെ റേപ്പ് ക്വട്ടേഷൻ ആണെന്ന ആരോപണം ഉയരുന്നതും. അതുവരെ കെട്ടിപ്പൊക്കിയ ജനപ്രിയ നായകന്റെ പ്രതിച്ഛായ ചില്ലുപാത്രം പോലെ ഉടഞ്ഞുവീണു. മൂന്ന് മാസത്തോളം ആലുവ ജയിലിൽ റിമാൻഡ് തടവുകാരനായി കഴിഞ്ഞു. പുറത്തിറങ്ങിയതിന് ശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ, സിനിമാ മേഖലയിൽ സജീവമാവുകയും ചെയ്തു.
അതിനിടെയാണ് ബാലചന്ദ്രകുമാർ എന്ന മുൻ സുഹൃത്തിന്റെ വെളിപ്പെടുത്തൽ വെള്ളിടി പോലെ ദിലീപിനെ പ്രതിരോധത്തിലാക്കിയത്. റേപ്പ് ക്വട്ടേഷൻ കേസ് കൂടാതെ, വധഗൂഢാലോചന കേസും ദിലീപിനെതിരെ ചർത്തപ്പെട്ടു.
Read Aslo: Actress Attack Case | തുടരന്വേഷണം തടയണം, ഹർജിയിൽ ദിലീപിന്റെ ആരോപണങ്ങൾ എന്തൊക്കെ?
ഭാഗ്യം കൊണ്ട് മലയാള സിനിമാ ലോകം കീഴടക്കിയ ആളല്ല, പഴയ ഗോപാലകൃഷ്ണനായ ദിലീപ്. ആരും നൂലിൽ കെട്ടിയിറക്കിയതും അല്ല. കഠിനാധ്വാനം തന്നെ ആയിരുന്നു ദിലീപ് എന്ന താരശരീരത്തിന്റെ നിക്ഷേപം. മഹാരഥൻമാർ പഠിച്ചിറങ്ങിയ ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും പഠനം പൂർത്തിയാക്കിയ ഒരു ചരിത്രം കൂടിയുണ്ട് ദിലീപിന്. കൂടെ നിൽക്കുന്നവർക്ക് എന്തിനും ഏതിനും സഹായവുമായെത്തുന്ന കരുണാമയന്റെ കഥകളും ഏറെ പ്രസിദ്ധം.
പഠിക്കുന്ന കാലം തൊട്ടേ അനുകരണ കലയിൽ ആകൃഷ്ടനായിരുന്നു ദിലീപ്. പിന്നീട് അടുത്ത സുഹൃത്തായി മാറിയ നാദിർഷ, അക്കാലത്ത് തന്നെ മിമിക്രിയിലെ സൂപ്പർ സ്റ്റാർ ആയിരുന്നു. നാദിർഷയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ അന്ന് കാട്ടിക്കൂട്ടിയ കാര്യങ്ങൾ ദിലീപ് തന്നെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. പിന്നീട് അബി, ദിലീപ്, നാദിർഷ എന്ന ത്രിമൂർത്തികൾ ചേർന്ന് മലയാളികളെ ചിരിയുടെ സ്വർഗം കാണിച്ചു എന്നതും ചരിത്രം. എന്തായാലും ഈ മൂവർ സംഘത്തിൽ നിന്ന് സിനിമയുടെ ഉന്നതങ്ങളിലേക്ക് എത്തപ്പെടാൻ യോഗമുണ്ടായത് ദിലീപിന് മാത്രമായിരുന്നു.
കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ കന്നി സിനിമ. അന്ന് വെറും ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹം. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചത്. അങ്ങനെയിരിക്കെ കമലിന്റെ തന്നെ, എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിൽ ചെറിയൊരു റോളുമായി അഭിനയത്തിലേക്ക് കാലെടുത്തുവച്ചു. രണ്ട് വർഷത്തിന് ശേഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്. അങ്ങനെ, ഗോപാലകൃഷ്ണ പിള്ളയ്ക്ക് സിനിമ തന്നെ ദിലീപ് എന്നൊരു പേരും സമ്മാനിച്ചു. അന്നുമുതൽ ഇന്നുവരെ പ്രേക്ഷകർക്ക് മുന്നിൽ ഗോപാലകൃഷ്ണനില്ല, ദിലീപ് മാത്രം.
സല്ലാപവും ഈ പുഴയും കടന്നും പഞ്ചാബി ഹൗസിലേക്ക് എത്തിയപ്പോഴേക്കും ദിലീപ് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നുകഴിഞ്ഞിരുന്നു. പിന്നീടങ്ങോട്ട് ജനപ്രിയ നായകനിലേക്കുള്ള തേരോട്ടമായിരുന്നു. മീശമാധവൻ കൂടി തീയേറ്ററുകളിലെത്തിയപ്പോൾ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ നിരയിലേക്ക് ദിലീപിനേയും ആരാധകർ ഉയർത്തി. പിന്നേയും ഹിറ്റുകളുടെ കുത്തൊഴുക്കുകൾ... ഇതിനിടെ ദിലീപ് പതിയെ നിർമാതാവിന്റെ കുപ്പായവും അണിഞ്ഞു. താരസംഘടനയായ എഎംഎംഎയുടെ ആദ്യ ചിത്രമായ ട്വന്റി-20 നിർമിച്ചത് ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആയിരുന്നു. വിതരണ രംഗത്തേക്ക് കൂടി കടന്ന ദിലീപ് ഡി സിനിമാസ് എന്ന പേരിൽ ചാലക്കുടിയിൽ മൾട്ടിപ്ലക്സ് തീയേറ്റർ കൂടി തുടങ്ങിയതോടെ തീയേറ്റർ ഉടമയും ആയി. മലയാള സിനിമയിലെ പ്രധാന മേഖലകളെല്ലാം വരുതിയിലാക്കിയ ദിലീപിനെ ആണ് പിന്നീട് ലോകം കണ്ടത്.
ഇതിനെല്ലാം മുമ്പ് ദിലീപിന്റെ വിവാഹവും നടന്നു. മൂന്ന് സിനിമകളിൽ ഒരുമിച്ചഭിനയിച്ച മഞ്ജു വാര്യരുമായിട്ടായിരുന്നു വിവാദം. മഞ്ജു വാര്യർ മലയാള നായികാ സങ്കൽപങ്ങളെയെല്ലാം പൊളിച്ചെഴുതും മട്ടിൽ തിളങ്ങി നിന്നിരുന്ന കാലമായിരുന്നു അത്. ദിലീപിന്റെ ആദ്യ വിവാഹം ആയിരുന്നില്ല മഞ്ജുവുമായി നടന്നത്. അതിനും വർഷങ്ങൾക്ക് മുമ്പ് ബന്ധുവായ ഒരു സ്ത്രീയുമായി ദിലീപിന്റെ വിവാഹം നടന്നിരുന്നു. ആദ്യകാല സുഹൃത്തായ അബിയും ആ വിവാഹത്തിൽ പങ്കെടുത്തിരുന്നു എന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തായാലും ദിലീപിനെ വിവാഹം കഴിച്ചതോടെ മലയാള സിനിമയ്ക്ക് ഏറെ കാലം മഞ്ജു വാര്യർ എന്ന അതുല്യ നടിയെ നഷ്ടപ്പെടേണ്ടി വന്നു.
വിവാഹ ശേഷം മഞ്ജു വാര്യർ ഏറെക്കുറേ നിശബ്ദയായിരുന്നു. അതേസമയം, സിനിമ മേഖലയിലെ സൗഹൃദങ്ങൾ അവർ തുടരുകയും ചെയ്തു. ഇതിനിടെ ദിലീപ്- കാവ്യ മാധവൻ മലയാള സിനിമയിലെ ഹിറ്റ് ജോഡികളായി മാറി. സ്വാഭാവികമായും ചില ഗോസിപ്പുകളും ഉയർന്നു വന്നു. എന്നാൽ, അതെല്ലാം അവസാനിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവ പരമ്പരകളിലൂടെ ആയിരുന്നു. 1998 ൽ വിവാഹിതരായ ദിലീപും മഞ്ജുവും 2014 ൽ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചു. 2015 ൽ നിയമപരമായി വേർപിരിഞ്ഞു. ഇതിന് പിറകെ 2016 ൽ ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചു. തനിക്ക് മകളെ പോലെയാണ് കാവ്യ എന്ന് മുമ്പൊരിക്കൽ പറഞ്ഞിരുന്നു ദിലീപ്. എന്നാൽ താൻ കാരണം കാവ്യയുടെ ജീവിതത്തിന് ഒന്നും സംഭവിക്കരുതെന്ന ന്യായവാദവുമായിട്ടായിരിന്നു വിവാഹം.
ഇതിന് ശേഷം, 2017 ഫെബ്രുവരി 17 നാണ് നടി ആക്രമിക്കപ്പെടുന്നത്. സിനിമ ലോകത്തെ മാത്രമല്ല, മനസ്സാക്ഷിയുള്ള ഓരോ മനുഷ്യനേയും ഞെട്ടിച്ചതും വേദനപ്പെടുത്തിയതും ആയിരുന്നു ആ വാർത്ത. കൃത്യം നിർവ്വഹിച്ചവർ ദിവസങ്ങൾക്കകം പിടിയിലായി. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണം എന്ന് മഞ്ജു വാര്യർ ആവശ്യപ്പെട്ടപ്പോൾ സംശയ മുനകൾ ദിലീപിലേക്കും നീണ്ടു. ഒടുവിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയും മൂന്ന് മാസത്തോളം ജയിലിൽ കിടക്കുകയും ചെയ്തു. അതിൽ തീർന്നില്ല കാര്യങ്ങൾ... ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിലീപ്, സാക്ഷികളെ കൂറുമാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തു എന്ന ഗുരുതര ആരോപണം ഉയർന്നു. ഏറ്റവും ഒടുവിൽ, സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോ തെളിവുകളുമായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. ഈ സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തി എന്നൊരു പുതിയ കേസും രജിസ്റ്റർ ചെയ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കവേയായിരുന്നു ഇത്. ഓരോ സിറ്റിങ്ങിനും ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരാണ് വിചാരണ കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എല്ലാം ദിലീപിന് വേണ്ടി വാദമുഖങ്ങളുയർത്തിക്കൊണ്ടിരിക്കുന്നത്. ഒരു ആരോപണ വിധേയനും ലഭിക്കാത്ത ആനുകൂല്യങ്ങൾ ദിലീപിന് കോടതിയിൽ നിന്ന് പോലും ലഭിക്കുന്നു എന്നും ആക്ഷേപങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.
കേരളത്തിൽ അങ്ങോളമിങ്ങോളം മിമിക്രി കളിച്ചുനടന്നിരുന്ന, കോമിക്കോളയിലൂടേയും ദേ മാവേലി കൊമ്പത്തിലൂടേയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച, സിനിമകളിലൂടെ വീണ്ടും വീണ്ടും ചിരിപ്പിച്ചുകൊണ്ടിരുന്ന ദിലീപും വെള്ളിത്തിരയ്ക്ക് പിറകിലെ ദിലീപും രണ്ടാണോ? ആ സംശയത്തിന് അന്തിമമായ ഒരു ഉത്തരം എന്നെങ്കിലും ലഭിക്കുമോ?