Menstrual Cups : മെൻസ്ട്രൽ കപ്പുകൾ സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

സാനിറ്ററി പാഡുകൾ, ടാംപൺ എന്നിവയെക്കാൾ കപ്പുകൾക്ക് ചിലവ് കുറവാണ്. ഒറ്റത്തവണ വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കാം എന്നതാണ് ഇതിന് കാരണം.

Written by - Zee Malayalam News Desk | Last Updated : Apr 15, 2022, 04:04 PM IST
  • മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ ലാറ്റക്സ് റബ്ബറിൽ ഉണ്ടാകുന്ന ചെറിയ കപ്പുകളാണ് ഇവ. ബെല്ലിന്റെ രൂപത്തിലാണ് ഇവ നിർമ്മിക്കുന്നത്.
  • മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണം.
  • ഓരോ ആർത്തവകാലം കഴിയുമ്പോഴും ഇവ തിളച്ച വെള്ളത്തിലിട്ട് അണുബാധ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.
Menstrual Cups :  മെൻസ്ട്രൽ കപ്പുകൾ സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നതിന്റെ ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും എളുപ്പ മാർഗമാണ് മെൻസ്ട്രൽ കപ്പുകൾ. പാഡുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ  മെൻസ്ട്രൽ കപ്പുകൾക്കില്ല. ഇത് ഉപയോഗിക്കുന്നത് വഴി  പാഡുകൾ പോലെയുള്ള ഹാനികരമായ മാലിന്യങ്ങൾ അടിഞ്ഞ് കൂടുന്നതും ഒഴിവാക്കാം.  കൂടാതെ ഇത് ഉപയോഗിക്കുന്നത് വഴി അണുബാധയുണ്ടാകാനുള്ള സാധ്യതയും വളരെയധികം കുറയും. 

എന്താണ് മെൻസ്ട്രൽ കപ്പുകൾ? 

മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ ലാറ്റക്സ് റബ്ബറിൽ ഉണ്ടാകുന്ന ചെറിയ കപ്പുകളാണ് ഇവ. ബെല്ലിന്റെ രൂപത്തിലാണ് ഇവ നിർമ്മിക്കുന്നത്. യോനിയിൽ വെക്കാൻ പാകത്തിനാണ് ഇവ ഈ രൂപത്തിൽ നിർമ്മിക്കുന്നത്. യോനിയിൽ നിന്ന് രക്തം പുറത്ത് പോകാതെ ഈ കപ്പിൽ ശേഖരിക്കാൻ സാധിക്കും. ഒരു കപ്പ് ഏറ്റവും കുറഞ്ഞത് 5 വർഷങ്ങൾ വരെ ഉപയോഗിക്കാം. 8 മുതൽ 12 മണിക്കൂറുകളിൽ കപ്പിൽ നിന്നും രക്തം കളഞ്ഞ് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കണം. കൂടാതെ ഓരോ  ആർത്തവകാലം കഴിയുമ്പോഴും ഇവ തിളച്ച വെള്ളത്തിലിട്ട് അണുബാധ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം.

ALSO READ: അമിത മൂത്ര ശങ്കയും ക്ഷീണവും ഉണ്ടെങ്കിൽ സൂക്ഷിക്കുക വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ ആകാം; മറ്റ് പ്രധാന ലക്ഷണങ്ങൾ എന്തൊക്കെ?

ഏത് സൈസ് ഉപയോഗിക്കണം?

ഓരോ ആളുകൾക്കും വെവേറെ സൈസുകളിലുള്ള മെൻസ്ട്രൽ കപ്പുകളാണ് വേണ്ടത്. കൂടാതെ ഓരോ ആർത്തവക്കാലത്തും പുറത്ത് പോകുന്ന രക്തത്തിന്റെ അളവും കൂടി പരിഗണിച്ച് വേണം കപ്പുകൾ തെരഞ്ഞെടുക്കാൻ. പ്രസവിച്ച സ്ത്രീകൾ ലാർജ് സൈസിലുള്ള മെൻസ്ട്രൽ കപ്പുകകളാണ് ഉപയോഗിക്കേണ്ടത്. കൗമാരക്കാർക്കും പ്രസവിക്കാത്ത സ്ത്രീകൾക്കും പ്രധാനമായും സ്മാൾ സൈസ് കപ്പുകളാണ് ആവശ്യമായി വരുക.

ഉപയോഗിക്കേണ്ടത് എങ്ങനെ? 

 മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണം. ശേഷം യോനിയിൽ വെക്കാൻ പാകത്തിന് മെൻസ്ട്രൽ കപ്പ് മടക്കണം. യോനിയിൽ കപ്പ് വെച്ചതിന് ശേഷം ചെറുതായി കപ്പ് കറക്കണം. അപ്പോൾ മടങ്ങിയിരിക്കുന്ന ഭാഗം തുറക്കും. കപ്പ് തിരിച്ചെടുക്കാൻ വേണ്ടി കപ്പിന്റെ പിൻഭാഗം പതിയെ അമർത്തി വാല് പോലെയുള്ള ഭാഗം വലിച്ചെടുക്കണം. അതിന് ശേഷം കഴുകി വീണ്ടും ഉപയോഗിക്കാം.

  മെൻസ്ട്രൽ കപ്പുകളുടെ പ്രയോജനങ്ങളും പരിമിതികളും

സാനിറ്ററി പാഡുകൾ, ടാംപൺ എന്നിവയെക്കാൾ കപ്പുകൾക്ക് ചിലവ് കുറവാണ്. ഒറ്റത്തവണ വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കാം എന്നതാണ് ഇതിന് കാരണം. ലീക്കേജിന്റെ പേടി ആവശ്യമില്ല. കൂടാതെ യാതൊരുവിധ കെമിക്കലുകളും അടങ്ങിയിട്ടില്ലാത്തത് കൊണ്ട് വളരെയധികം സുരക്ഷിതവുമാണ്. കൂടാതെ പാഡുകൾ, ടാംപൺ എന്നിവയെ പോലെ പരിസ്ഥിതി മലിനീകരണവും ഉണ്ടാകുന്നില്ല.

യാത്രകളും മറ്റും ചെയ്യുമ്പോൾ ഇത് വളരെ ഉപകാരപ്രദമാണ്. ൧൨ മണിക്കൂറുകൾ വരെ ഇവ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഇത് യോനിയിൽ വെക്കുന്നതും, തിരികെയെടുക്കുന്നതും വളരെ ബുദ്ധിമുട്ടാണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ട്. കൂടാതെ ശരിയായ അളവിൽ ഉള്ളത് കണ്ടെത്താനും ബുദ്ധിമുട്ടാണ്. ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം ഉണ്ടായാൽ ആരോഗ്യ വിദഗ്ദ്ധനെ കാണാൻ ശ്രദ്ധിക്കണം. 

 ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News