ഇനി വരാൻ പോകുന്നത് മാസ്ക് മലിനീകരണം; ഭൂമി പുതിയ അപകടത്തിലേക്ക്...!

വലിയ രീതിയിലുള്ള മാസ്ക് ഉപയോഗം മറ്റൊരു അപകടത്തിന് കൂടി വഴിവച്ചേക്കുമെന്നാണ് പുതിയ കണ്ടെത്തൽ.  മാസ്ക് ലോകത്തെ ജലശ്രോതസ്സുകൾക്കും അവയിലെ ജീവനും വലിയ ഭീഷണി സൃഷ്ടിക്കും

Written by - അശ്വതി എസ്എം | Edited by - അശ്വതി എസ്എം | Last Updated : Mar 23, 2022, 05:29 PM IST
  • മാസ്ക് ഉപയോഗം മറ്റൊരു അപകടത്തിന് കൂടി വഴിവച്ചേക്കും
  • മാസ്ക് ലോകത്തെ ജലശ്രോതസ്സുകൾക്കും അവയിലെ ജീവനും വലിയ ഭീഷണി
  • ഒരു മാസം ഉപയോഗിക്കുന്നത് 12900 കോടിയോളം ഫേസ് മാസ്കുകൾ
  • 160 കോടി മാസ്കുകൾ 2020ൽ മാത്രം സമുദ്രങ്ങളിലെത്തി
ഇനി വരാൻ പോകുന്നത് മാസ്ക് മലിനീകരണം; ഭൂമി പുതിയ അപകടത്തിലേക്ക്...!

ലോകം അപ്രതീക്ഷിതമായ ഒരു മഹാമാരിയോടുള്ള പോരാട്ടത്തിലാണ് കഴിഞ്ഞ കുറച്ചു നാളുകളായി. കോവിഡ് മഹാമാരി ലോക രാജ്യങ്ങളിൽ പിടിമുറുക്കിയതോടെ നാം ശീലിച്ച കാര്യങ്ങളാണ് മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങിയവയൊക്കെ.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്ക് ഉപയോഗം ക‍ര്‍ശനമാക്കുകയും ഇത് ലംഘിക്കുന്നവർക്കെതിരെ ക‍ർശന നടപടി സ്വീകരിക്കുക വരെ ചെയ്തിരുന്നു. ഇപ്പോഴിതാ ഈ നിയന്ത്രണങ്ങളിൽ നേരിയ ആശ്വാസമെന്നോണം പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കാത്തവര്‍ക്കെതിരെ കേസ് ഉണ്ടാകില്ല എന്നുള്ള വാർത്തകളും പുറത്തു വരികയാണ്. 

എന്നാൽ മാസ്ക് പൂർണ്ണമായും ഒഴിവാക്കാൻ സമയമായിട്ടില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. കാരണം കോവിഡ് എന്ന വില്ലൻ ഇപ്പോഴും ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിട്ടില്ല. പലയിടങ്ങളിലും രോഗവ്യാപനത്തിൽ നേരിയ ശമനമുണ്ടെങ്കിൽ പോലും പല ഘട്ടത്തിൽ അസാധാരണമായ വകഭേദങ്ങളുടെ രൂപത്തിൽ ശാസ്ത്ര ലോകത്തെപോലും ഈ മഹാമാരി അമ്പരപ്പിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ ജാഗ്രതയും മുൻ കരുതൽ നടപടികളും തുടരേണ്ടത് അത്യാവശ്യം തന്നെയാണ്. 

എന്നാൽ വലിയ രീതിയിലുള്ള മാസ്ക് ഉപയോഗം മറ്റൊരു അപകടത്തിന് കൂടി വഴിവച്ചേക്കുമെന്നാണ് പുതിയ കണ്ടെത്തൽ. കോവിഡ് കാലത്ത് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംവിധാനമായ മാസ്ക് ലോകത്തെ ജലശ്രോതസ്സുകൾക്കും അവയിലെ ജീവനും വലിയ ഭീഷണി സൃഷ്ടിക്കുന്നതായാണ് വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. മാസ്കുകൾ ജലശ്രോതസ്സുകൾക്കു മേലുണ്ടാക്കിയേക്കാവുന്ന  ആഘാതത്തെപ്പറ്റി രാജ്യാന്തര തലത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഒരു മാസം 12900 കോടിയോളം ഫേസ് മാസ്കുകൾ ലോകമെമ്പാടും മനുഷ്യരാശി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.160 കോടി മാസ്കുകളാണ് 2020ൽ മാത്രം ലോകത്തെ സമുദ്രങ്ങളിലെത്തിയത്. 5500 ടൺ പ്ലാസ്റ്റിക് മാലിന്യത്തിനു തത്തുല്യമാണ് ഇവയുണ്ടാക്കുന്ന മലിനീകരണം. ചില മാസ്കുകളിൽ പ്ലാസ്റ്റിക്കോ അതിന്റെ ഉപോൽപന്നങ്ങളോ അടങ്ങിയിട്ടുള്ളവയാണ്. ഇവയുടെ കൃത്യതയില്ലാത്ത പുറന്തള്ളൽ ജലത്തിനു ഹാനികരമാകും മാത്രമല്ല പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് കൂട്ടാൻ ഇതു വഴിവയ്ക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. 

മാസ്കുകളിലെ പോളിപ്രൊപ്പലീൻ അൾട്രാ വയലറ്റ് വികിരണങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഇവ വിഘടിച്ച് മൈക്രോ, നാനോ തലത്തിൽ പ്ലാസ്റ്റിക് ആയി മാറാറുണ്ട്. ഇവ ജലസ്രോതസ്സുകൾക്ക് വലിയ ഭീഷണി ഉയർത്തുന്നവയാണ്. ഒറ്റത്തവണയും മറ്റും ഉപയോഗിച്ച് മാസ്ക് വലിച്ചെറിയുന്ന ശീലവും സാധാരണയായി കാണുന്നുണ്ട്. ഇത്തരം മാസ്കുകളിൽ നിന്നും രാസവസ്തുക്കൾ വെള്ളത്തിൽ കലരാമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഡിസ്പോസബിൾ മാസ്കുകളും മറ്റും വളരെ പതുക്കെയാണു വിഘടിച്ചു നശിക്കാറുള്ളത്. 

ചിലപ്പോൾ ഒരു ഡിസ്പോസബിൾ മാസ്ക് പൂർണമായി വിഘടിച്ചു നശിക്കാൻ നൂറ്റാണ്ടുകകളെടുത്തേക്കാം. കോവിഡ് കാലത്തെ  പിപഇ സുരക്ഷാ സംവിധാനങ്ങൾ, പ്രത്യേകിച്ച് മാസ്കുകൾ പോലെയുള്ളവയും മെഡിക്കൽ മാലിന്യവും കൃത്യമായി തരംതിരിച്ചു സൂക്ഷിക്കാനും പുനരുപയോഗിക്കാനും ശ്രദ്ധ വേണമെന്നും കൂടാതെ പരിസ്ഥിതി സൗഹാർദപരമായ മാസ്ക്കുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കാനും ലോക രാജ്യങ്ങൾ ശ്രദ്ധിക്കണമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

ജൈവവിഘടനം സാധ്യമാകുന്ന തരത്തിലുള്ള സസ്യഫൈബറുകൾ ഉപയോഗിച്ച് മാസ്ക്കുണ്ടാക്കാനുള്ള ശ്രമങ്ങൾ ചില സ്ഥാപനങ്ങളിൽ നടത്തി വരുന്നുണ്ട്. ഉപയോഗിച്ച മാസ്കുകളിൽ നിന്ന് കൺസ്ട്രക്ഷൻ മേഖലയ്ക്കാവശ്യമായ നിർമാണ വസ്തുക്കൾ ഉണ്ടാക്കുന്നതിനും ശ്രമം നടക്കുന്നുണ്ട്. ഇതിനായി പ്ലാക്സ്റ്റിൽ പോലുള്ള സംഘടനകൾ ഈ രംഗത്തു നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

കോവിഡ് വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ശേഷം ലോകരാഷ്ട്രങ്ങളിൽ മിക്കവയും നിരവധി കാലയളവുകൾ നീണ്ട ലോക്ഡൗണുകളിൽ കുടുങ്ങിയിരുന്നു. ഇതു മൂലം വ്യാവസായിക മേഖല, ഗതാഗത മേഖല, ജനസഞ്ചാരം തുടങ്ങിയവ കുറയുകയും ഇതിന്റെ പരിണത ഫലമായി ഭൂമിയിലെമ്പാടും മലിനീകരണത്തിന്റെ തോത് കുറഞ്ഞു വരികയും ചെയ്തിരുന്നു  എന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News