Thiruvananthapuram : ഉമിനീര്‍ പരിശോധനയിലൂടെ (Saliva Testing) ഒരു വ്യക്തിയുടെ ജനിതകഘടന നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടുപിടിക്കുന്ന സംവിധാനം രണ്ടു പ്രമുഖ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്‍ മേധാവികള്‍ ചേര്‍ന്ന് തുടക്കമിട്ട സാജിനോം എന്ന സ്റ്റാര്‍ട്ടപ് വികസിപ്പിച്ചെടുത്തു.
നിര്‍മിതബുദ്ധി, മെഷീന്‍ ഇന്‍റലിജന്‍സ് എന്നിവയിലൂടെ ഓമൈജീന്‍ എന്ന പരിശോധനാ സംവിധാനമാണ് എച്ച്എല്‍എല്‍ ലൈഫ്കെയര്‍ മുന്‍ സിഎംഡി ഡോ. എം അയ്യപ്പനും രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) മുന്‍ ഡയറക്ടര്‍ പ്രൊഫ എം രാധാകൃഷ്ണപിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സാജിനോം വികസിപ്പിച്ചെടുത്തത്. ജനിതകഘടന മനസിലാക്കിയാല്‍ പല രോഗങ്ങളും നിര്‍ണയിക്കാനും കൃത്യമായ ചികിത്സ നല്‍കാനും കഴിയുമെന്നതാണ് ഓമൈജീന്‍-ന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.
ALSO READ: Covid-19: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, 30 ദിവസം പഴക്കമുള്ള മൃതദേഹത്തിലും കൊറോണ വൈറസ് ...!!
കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ കൊച്ചി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ (ഐഎസ് സി) ഇന്‍കുബേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സാജിനോം ഇതിനോടകം തന്നെ വീടുകളിലെത്തി ഉമിനീര്‍ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുന്നതിനുള്ള ഹോം സലൈവ കളക്ഷന്‍ കിറ്റ് ദേശീയാടിസ്ഥാനത്തില്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
ഈ സാമ്പിളുകള്‍ ഇപ്പോള്‍ പരിശോധിക്കുന്നത് ഐഎസ്സിയിലെ ആര്‍ജിസിബി-യുടെ ബയോനെസ്റ്റ് എന്ന ബയോടെക്നോളജി ബിസിനസ് ഡെവലപ്മെന്‍റ് ഇന്‍കുബേറ്ററിലാണ്. തിരുവനന്തപുരത്ത് തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ സാജിനോം ഈ പരിശോധനയ്ക്കായി സ്വന്തം സംവിധാനമൊരുക്കുന്നുണ്ട്.
ബൃഹത്തായ ഡേറ്റ വിശകലനം ആവശ്യമുളളതുകൊണ്ടും പരിശോധനയ്ക്ക് മികച്ച കൃത്യത ഉറപ്പു വരുത്തേണ്ടതുകൊണ്ടുമാണ് സാജിനോം നിര്‍മിതബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത്. ഓമൈജീനോം പ്ലാറ്റ്ഫോമിലൂടെ വെറും ഉമിനീര്‍ സാമ്പിളിലൂടെ രോഗങ്ങള്‍ കണ്ടുപിടിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ തേടാനും മികച്ച ചികിത്സ നിര്‍ണയിക്കാനുമാവും.
ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒരേക്കറില്‍ സ്വന്തമായി ലബോറട്ടറി സ്ഥാപിക്കാനുള്ള നിക്ഷേപം ഉടന്‍തന്നെ സാജിനോമിനു ലഭിക്കും. അടുത്ത വര്‍ഷം തന്നെ ലാബ് പൂര്‍ത്തിയാകുമെന്ന് സാജിനോം ചെയര്‍മാന്‍ ഡോ. അയ്യപ്പനും സിഇഒ പ്രൊഫ രാധാകൃഷ്ണപിള്ളയും പറഞ്ഞു.
വ്യക്തിയുടെ ജനിതക ഘടനയിലെ ആയിരക്കണക്കിന് വിവിധ രൂപങ്ങള്‍ മനസിലാക്കാന്‍ സാമ്പിള്‍ കിറ്റ് പ്രയോജനപ്പെടുമെന്നും ഇങ്ങനെ ലഭിക്കുന്ന ജനിതക ഡേറ്റ കമ്പ്യൂട്ടറില്‍ വിശകലനം ചെയ്ത് രോഗസാധ്യതകള്‍ നിര്‍ണയിക്കാനാവുമെന്നും ഡോ. പിള്ള പറഞ്ഞു. ചികിത്സാരീതികള്‍ മാത്രമല്ല ജീവിതശൈലിയില്‍ വരുത്തേണ്ടണ്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനും ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO READ: Tuberculosis : ക്ഷയരോഗ ബാധിതരെ കണ്ടെത്താന്‍ അക്ഷയ കേരളം വീണ്ടും ആരംഭിച്ചു
അര്‍ബുദം, ഹൃദയസംബന്ധവും നാഡീ സംബന്ധവുമായ രോഗങ്ങള്‍, പ്രത്യുല്പാദന-വന്ധ്യതാ പ്രശ്നങ്ങള്‍ എന്നിവയ്ക്കുപുറമെ മരുന്നുകളോട് ഒരു വ്യക്തിയുടെ ശരീരം പ്രതികരിക്കുന്ന രീതി (ഫാര്‍മാകോജിനോമിക്സ്), ആരോഗ്യപരിപാലന നിയന്ത്രണം എന്നിവയും കൈകാര്യം ചെയ്യാന്‍ ഇതിലൂടെ കഴിയും.
രക്തസാമ്പിള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ലിക്വിഡ് ബയോപ്സി നടത്തി അര്‍ബുദം വളരെ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയുന്ന നൂതന മാര്‍ഗം വികസിപ്പിച്ചെടുത്ത് വ്യക്തിയധിഷ്ഠിതമായ ആരോഗ്യ പരിരക്ഷാ സംവിധാനം സാജിനോം ഉടന്‍ ഉറപ്പാക്കുമെന്ന് ഡോ. പിള്ള വ്യക്തമാക്കി. പല തരത്തിലുള്ള ട്യൂമറുകള്‍ കണ്ടുപിടിക്കാനും നിരീക്ഷിക്കാനും ഇപ്പോഴുള്ള സംവിധാനങ്ങളെക്കാള്‍ നൂറിരട്ടി ഫലപ്രദമാണിത്.
സ്ത്രീ-പുരുഷ വന്ധ്യതയില്‍ ജനിതക ഘടന വലിയ പങ്കു വഹിക്കുന്നതിനാല്‍ ഈ മേഖലയില്‍ സാജിനോം കേന്ദ്രീകൃത ഗവേഷണം ആരംഭിച്ചിട്ടുണ്ട്.
പോഷകാഹാരം, ത്വക്ക്, മുടിയുടെ ആരോഗ്യം എന്നിവ മുതല്‍ ഉയര്‍ന്ന കായികക്ഷമത വരെയുള്ള കാര്യങ്ങളില്‍ വ്യക്തിയധിഷ്ഠിതമായ ജനിതക സൗഖ്യചികിത്സാ രീതികള്‍ക്ക് രൂപം നല്‍കാന്‍ ഓമൈജീന്‍ പ്ലാറ്റ് ഫോമിനു കഴിയും.
പഥ്യം, ഔഷധം തുടങ്ങിയ അടിസ്ഥാന ആയുര്‍വേദ സമ്പ്രദായങ്ങള്‍ക്ക് ജനിതക മൂല്യവല്‍കരണം ഉറപ്പാക്കുന്ന ആയുര്‍ജീനോമിക്സ് എന്ന സംവിധാനം വികസിപ്പിക്കാന്‍ സാജീനോം തീരുമാനിച്ചിട്ടുണ്ട്. വ്യക്തിയധിഷ്ഠിതമായ 'ദോഷം' മുതല്‍ പൊതുവിലുള്ള 'പ്രകൃതി' സ്വാധീനം വരെ കണക്കിലെടുത്തിട്ടായിരിക്കും ഇത് ചെയ്യുക. ഡിസംബറില്‍തന്നെ ഇത് ലഭ്യമാകും.
ഗര്‍ഭനിരോധന ഉറകള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ നിന്ന് എച്ച്എല്‍എല്‍ ലൈഫ്കെയറിനെ ഇന്ത്യയിലെ മികച്ച ആരോഗ്യ പരിരക്ഷാ സ്ഥാപനമായും മിനി രത്ന കമ്പനിയായും മാറ്റിയെടുത്ത വ്യക്തിയാണ് ഡോ. അയ്യപ്പന്‍. 44 വയസു മാത്രമുള്ളപ്പോള്‍ ആര്‍ജിസിബി ഡയറക്ടറായി നിയമിക്കപ്പെട്ട ഡോ. രാധാകൃഷ്ണപിള്ള ഇത്തരമൊരു സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. 15 വര്‍ഷം കൊണ്ട് ആര്‍ജിസിബി-യെ ഇന്ത്യയിലെ ഏറ്റവും മികച്ച ജൈവസാങ്കേതിക സ്ഥാപനമാക്കി മാറ്റിയ പിള്ള ബയോനെസ്റ്റ് ടെക്നോളജി ഇന്‍കുബേറ്ററില്‍ ജന്‍മം നല്‍കിയത് 33 സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...